നാല് മണിയടിച്ചു . പുറത്തേക്ക് ഓടിയിറങ്ങി പള്ളിത്താഴത്തു എത്തിയപ്പോള്‍ പിറകില്‍ ഒരു ഇരമ്പം . ഹോ.. തോട് കണ്ടം വഴി പോകാം. പെട്ടെന്ന് നടന്നു. ഇരമ്പം അടുത്ത് അടുത്ത് വരുന്നു. തൊട്ടു പിറകെയുണ്ട്. നടത്തം ഓട്ടമായി പുസ്തക കെട്ട് തലയുടെ മുകളില്‍ പിടിച്ചു.

തോട് കണ്ടം കടന്നു വടക്കേകൂറ്റ് തൊമ്മന്റെ വീടും കഴിഞ്ഞു ഉലഹന്നാന്‍ സാറിന്റെ വീടെത്തിയപ്പോഴേക്കും മഴ എന്നെ കടന്നു പോയി. സാരമാക്കിയില്ല. നേരത്തെ ഇല്ലത്തു എത്തണം. അച്ഛന്‍ രാവിലെ തൊടുപുഴ കോടതിയില്‍ പോയിരിക്കുന്നു. ഇന്ന് കേസ് അവിടെയാണ്. 

നീലൂര്‍കാരന്‍ ഒരു ജോര്‍ജിന്റെ കേസ് ആണ് വാദിക്കുന്നത്. അന്ന് താലൂക്ക് കോടതി പാലായില്‍ ഇല്ലായിരുന്നു. കാഞ്ഞിരപ്പിള്ളി വീടിന്റെ മുറ്റത്തു രാമന്‍ വയറും തിരുമ്മിക്കൊണ്ട് നില്‍ക്കുന്നു. കല്യാണി പതിവുപോലെ വെറ്റിലമുറുക്കിന്റെ തിരക്കിലാണ്. ഓടി ഇല്ലത്തു ചെന്നപ്പോള്‍ അമ്മ ''ചുവമ്പി'' പശുവിനെയും കൊണ്ട് തൊഴുത്തിലേക്കു പോകുന്നു. അവിടുന്ന് വിളിച്ചുപറഞ്ഞു. കപ്പ വേവിച്ചു വച്ചിട്ടുണ്ട്. ചായ ഞാന്‍ വന്നിട്ട് എടുത്തുതരാം. 

ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്‍ വശത്തു നിന്ന് ഒരു ശബ്ദം. നോക്കിയപ്പോള്‍ അച്ഛനാണ്. കയ്യില്‍ ബാഗ് കൂടാതെ ഒരു ചെറിയ പൊതിയുമുണ്ട് . എന്നെ അരികിലേക്കു വിളിച്ചു. പൊതി കയ്യില്‍ തന്നു. അന്തംവിട്ടു നില്‍ക്കുന്ന എന്റെ കയ്യില്‍ ഒരു കളിത്തോക്കു. കോര്ക്കു കൊണ്ട് പൊട്ടിക്കുന്നത് . എന്റെ ആദ്യത്തെ ആധുനിക കളിപ്പാട്ടം. ടോയ്. അതുവരെ ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ ഓലപ്പന്തും ഓലപ്പമ്പരവും പാളയും ഒക്കെ ആയിരുന്നു. 

മച്ചിങ്ങ കൊണ്ട് പ്ലാവിലകുത്തി വള്ളി കെട്ടി ഓടിച്ചുരുന്ന വണ്ടിക്കു ഇന്നത്തെ മെഴ്‌സിഡസ്‌ന്റെ പത്രാസ്. പുത്തന്‍ പുരയിലെ പ്രകാശിന് സൈക്കിള്‍ ടയര്‍ കൊണ്ട് ഒരുവണ്ടി ഉണ്ടായിരുന്നു. കോലുകൊണ്ടു ഓടിക്കുന്നവ. ചക്രത്തിനകത്തു കുപ്പി അടപ്പുകള്‍ പിടിപ്പിച്ചിരുന്നു . ഓടുമ്പോള്‍ കിലും എന്ന ശബ്ദം. വീണ്ടും ഓലപ്പന്തും പമ്പരവും പാളവണ്ടിയും ,കളിപ്പാട്ടങ്ങളായി കിട്ടാന്‍ ഞാന്‍ എത്ര ജന്മങ്ങള്‍ വീണ്ടും ജനിക്കണം. എന്റെ കുട്ടിക്കാലം ഇനിയെങ്കിലും എനിക്ക് തിരിച്ചു തരുമോ?