കുതിയടഞ്ഞ കണ്ണുകളിലൂടെ, പുതുമണ്ണിന്റെ മണം നുകര്‍ന്ന് പുതപ്പിനടിയില്‍ നിന്നും ഞാന്‍ എഴുന്നേറ്റു . ജനാലയരികില്‍ എത്തി, വെളുത്ത നെറ്റില്‍ തുന്നിച്ച, മൃദുവായ കര്‍ട്ടനുകള്‍ ഇരുവശത്തേക്കും നീക്കി ജനല്‍ പതിയെ തുറന്നപ്പോള്‍, ചാറ്റല്‍ അടിച്ചു മുഖം തുടുത്തു . എന്തൊരു മഴയാണ്, മുറ്റത്തെ ചരലുകളില്‍ തട്ടി അങ്ങനെ  കുതിച്ചു പായുകയാണ്. 

പതുക്കെ അടുക്കളയില്‍ പോയി , അമ്മ അടുപ്പത്ത് കട്ടന്‍ തിളപ്പിക്കുന്നു. പുറകില്‍ നിന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു . ഈ തണുപ്പത്ത് എന്റമ്മയെ ഇങ്ങനെ കെട്ടിപിടിച്ചു നിക്കാന്‍ നല്ല സുഖമുണ്ട്. ഞങ്ങള്‍ രണ്ടാളും കുറച്ച് നേരം ഉമ്മറത്ത് വന്നിരുന്നു . എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണു ഈ ചൂട് ഒന്ന് അറിയുന്നത് . അറബിനാട്ടിലെ മണലാരണ്യം കാര്‍ന്നെടുത്ത് എന്റെ യൗവ്വനത്തിന്റെ അഞ്ചാറു വര്‍ഷങ്ങളാണ്. 

ഒരിക്കലും ഒരു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കില്ല എന്നുറപ്പിച്ചു വന്നതാണ്. ഏതൊരു സാധാരണ കുടുംബത്തിന്റെയും അവസ്ഥപോലെ , എന്റെ പ്രാരാബ്ധങ്ങളും ചിലവുകളും കൂടി കൂടി വന്നു . ഓരോ വര്‍ഷങ്ങള്‍ ഞാന്‍ പോലും അറിയാതെ കൊഴിഞ്ഞു വീണു കഴിഞ്ഞിരുന്നു . മരുഭൂമിയുടെ ചൂടിലും വിയര്‍പ്പിലും ശരീരവും മനസും മരവിച്ചെങ്കിലും ഈ മഴയത്തു ഇങ്ങനെ  ഇങ്ങനെ നനഞ്ഞൊട്ടി നില്‍കുമ്പോള്‍ വീണ്ടും ആ  ഓര്‍മ്മകള്‍ എന്നെ പുതച്ചു. 

പിന്നെ പതിയെ ഒരു കുടയെടുത്തു മുറ്റത്തേക്കു ഇറങ്ങി . ഇനി കുട മേല്‌പോട്ടേക്കു മടക്കി അതില്‍ അല്പം മഴവെള്ളം ശേഖരിക്കണം എന്നിട്ടു പെട്ടെന്നു താഴ്ത്തണം. തെറിച്ചു വീഴുന്ന ആ മഴവെളളതില്‍ നനഞ്ഞു കളിക്കാന്‍ ഒരു സുഖമാണ്. മനസ് ഒരുപാടു  വര്‍ഷം പിറകോട്ടു സഞ്ചരിക്കുകയാണ്. ആ കുസൃതി പെണ്ണിന് വീണ്ടും ജീവന്‍ വെച്ചു തുടങ്ങിയിരിക്കുന്നു.

വീടിന്റെ മുറ്റത്തു ഒരു വലിയ പൂമരം  ഉണ്ടായിരുന്നതാണ് . വെളുത്ത കുഞ്ഞു കുഞ്ഞു പൂക്കള്‍ ഉള്ള മരത്തിനടിയില്‍ ഇരുന്നിരുന്ന എത്രയെത്ര രാത്രികള്‍. വല്ലാത്ത ഗന്ധമാണ് അവക്ക് . അടുത്തേക് പോയി സൂക്ഷിച്ചു നോക്കിയാല്‍ കാണാം നിറയെ ഉറുമ്പുകള്‍ ഇല കൊണ്ട് ഒരു പ്രേത്യക രീതിയില്‍ കൂടു വെച്ചിരിക്കുകയാണ് . അതുകൊണ്ടു അടുത്ത് പോയുള്ള കളിയൊന്നും നടക്കില്ല .വാടക വീടായിരുന്നെകിലും , ആ വീടിനു ഒരു പ്രേത്യക സുഖം ഉണ്ടായിരുന്നു . ഓടികളിക്കാന്‍ ഇഷ്ടം പോലെ മുറ്റം , നിറച്ചു മരങ്ങള്‍ ,പിന്നെ എനിക്ക് കൂട്ടായി മിട്ടു തത്ത , അമ്മു പൂച്ച , കുറെ കോഴി കുഞ്ഞുങ്ങള്‍ . 

ഒരു മഴക്കാലത്തു , അമ്മയുടെ അനിയത്തിയുടെ മകളെ എടുത്തു പൊക്കി കൊണ്ട് ഉമ്മറപ്പടിയില്‍ കൊണ്ട് ഇരുത്തി , കൊച്ചു കുഞ്ഞായിരുന്നു അവള്‍ . നല്ല തടിച്ചി കുട്ടിയാര്‍ന്നു അവള്‍. കനം  കൊണ്ട് കൈ കഴഞ്ഞപ്പോള്‍ ഒന്ന് ചാരി ഇരുത്തിയതാണ് .ദേ പോയി 'അമ്മ താഴെ  വെച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ . 

അവള്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി, പേടിച്ചു പോയ ഞാന്‍ കൊച്ചിനെ മുറ്റത്തേക്കിറങ്ങി വാരി എടുത്തു വീണ്ടും ഉമ്മറത്ത് കൊണ്ട് നിറുത്തി, കരച്ചില്‍ കേട്ടു പേടിച്ച അമ്മയും കുഞ്ഞമ്മയും ഒക്കെ ഓടി  വന്നപ്പോള്‍ , ചെളിയില്‍ കുഴഞ്ഞു മറഞ്ഞു കൊച്ച നിന്ന് കരയുകയാണ് .അവള്‍ അന്ന് സംസാരിക്കാറായിട്ടില്ല . അതെന്റെ ഭാഗ്യം ,അവള്‍ വെറുതെ നിന്നും വഴുക്കി വീണതാണെന്നു പറഞ്ഞു അന്ന് തടിതപ്പി . ഉള്ളില്‍ കള്ളം പറഞ്ഞതിന്റെ വിറയല്‍ ഇപ്പോഴും  മാറീട്ടുണ്ടായിരുന്നില്ല .

പിന്നീടൊരു മഴക്കാലത്താണ് അമ്മുവിനെ കാടന്‍ പൂച്ച കടിച്ചു കുടഞ്ഞത് . എന്റെ കുഞ്ഞേച്ചിയുടെ പൂച്ചയാണ്. ചാലിശ്ശേരിയില്‍ അമ്മവീട്ടില്‍ പെരുന്നാള്‍ക്കു നില്ക്കാന്‍ എല്ലാ കൊല്ലവും പോകാറുണ്ട് . അങ്ങനെ ഒരു തവണ പോയപ്പോള്‍ ഏതോ പൂച്ച വീട്ടില്‍ പ്രസവിച്ചിട്ടു പോയതാ.  അമ്മയുടെ  അപ്പക്ക് ദേഷ്യം  വന്നു വീശിയെറിയാന്‍ പോയ ആ പൂച്ചക്കുഞ്ഞിനെ പ്ലാസ്റ്റിക് കൊട്ടയില്‍ കയറ്റി തൃശൂര്‍ കൊണ്ട് വന്നു . 

'അമ്മ എതിര്‍ത്തിട്ടും ഞാനും ചേച്ചിയും നിര്‍ബന്ധം കൂടി ബഹളം വെച്ചിട്ടാണ് അതിനെ ഒരു വിധത്തില്‍ വീട്ടിലേക്കു കൊണ്ട് വന്നത് . പിന്നെ അവള്‍ ഞങ്ങളുടെ  അമ്മുവായി ,പതുക്കെ പതുക്കെയാണെങ്കിലും അമ്മക്കും അവളെ ഇഷ്ടമായി .  നെറ്റിയില്‍  ഒരു പൊട്ടൊക്കെ തൊട്ടു കൊടുത്തു,  നല്ല സുന്ദരി ആയിട്ട് ഞങ്ങള്‍ നടത്താറ് . ആദ്യമൊക്കെ ചേച്ചിടെ റൂമില്‍ തന്നെ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലായിരുന്നു താമസം . പിന്നെ 'അമ്മ വെളിയിലോട്ട് മാറ്റാന്‍ പറഞ്ഞു . 

അമ്മുവിനു എല്ലാരോടും ഭയങ്കര സ്‌നേഹാമായിരുന്നു . ചേച്ചി അമ്മുവിന് പാല്‍ കൊടുക്കുന്നത് കൈയില്‍ ഒഴിച്ചിട്ടാണ്. ഒരിക്കല്‍ ചേച്ചി കോളേജില്‍ പോയപ്പോള്‍ അമ്മുവിന്റെ .കെയര്‍ ടേക്കര്‍. റോള്‍ എന്റേതായി , ചേച്ചി ചെയ്യുന്ന പോലെ പാല്‍ കൈയില്‍ ഒഴിച്ച പൂച്ചക്ക് കൊടുത്തു . അയ്യേ എന്തൊരു  ഒരമാണ് ഇതിന്റെ നാക്കിനു . എന്നാലും ഒരു പ്രേത്യക സുഖം എനിക്കിഷ്ട്ടായി . 

അങ്ങനെ ഇരിക്കുമ്പോള്‍ ഒരൂസം , ഇതുപോലെ മഴപെയ്തു , അന്ന് നല്ല ഇടിയും മിന്നലും ഉണ്ടായി . പെട്ടെന്നു ഒരു വലിയ കരച്ചില്‍ കേട്ടു ഞങ്ങളൊക്കെ , അടുക്കള വാതില്‍ തുറന്നു വെളിയിലേക്കു നോക്കി . ഞങ്ങടെ അമ്മു ചോരയില്‍ കിടന്നു പിടയുകയാണ് അച്ഛന്‍ പറഞ്ഞു ഏതോ കാടന്‍ കടിച്ചിട്ടതാണെന്നു. ആ രാത്രി ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. അമ്മുവിനെ എടുത്തുകൊണ്ടു പോയി  എങ്ങനേലും രക്ഷിക്കാനൊക്കെ ഞാന്‍ വിളിച്ചു പറയുന്നണ്ടു .എനിക്ക് മാത്രം അല്ല . എല്ലാവര്‍ക്കും  ഒരു വലിയ സങ്കടായി അത് മാറി .

ആ രാത്രി എനിക്ക് ഭയങ്കരമായി പനിച്ചു. പനിച്ചു വിറച്ച എന്നേം കൊണ്ട് ഡോക്ടറെ കാണിക്കാന്‍ അച്ഛന്റെ കൈനറ്റിക്കില്‍ റൈന്‍കോട്ടും ഇട്ടു പോയതും , പള്ളിയിലെ വികാരിയച്ചന്‍ കണ്ടു എങ്ങോട്ടാ അച്ഛനും മോളും കൂടി ഈ പാതിരാത്രിക് എന്ന് ചോയ്ച്ചതും , എല്ലാം എല്ലാം ഓര്‍മ്മകള്‍ . 

അന്ന് രാത്രി അമ്മുവിന്റെ ഓര്‍മ്മക്ക്  വല്യേച്ചി ഒരു പെന്‍സില്‍ ഡ്രോയിങ് ചെയ്തിരുന്നു , ചേച്ചിയുടെ ഡയറിയില്‍ . പിന്നീട എപ്പോളൊക്കേയൊ ഞങ്ങള്‍ അത് കണ്ടു . അമ്മുവിനെ ഫോട്ടോഗ്രാഫ് ചെയ്തു വെച്ചപോലെയുള്ള ചിത്രം. 

എന്റെ മിട്ടു തത്ത മരിച്ചു പോയതും ഒരു മഴയത്താണ് . വാങ്ങി കൊണ്ട് വന്നത് അച്ഛനാണ് . ഇരുമ്പിന്റെ വലിയ കൂടൊക്കെ ആയിരുന്നു .എന്നാലും അതിനു മഴ പെയ്തപ്പോള്‍ തണുപ്പടിച്ചു വിറങ്ങലിച്ചു ചത്തു . പക്ഷെ രാവിലെ എഴുന്നേറ്റു ഞാന്‍ നോക്കിയപ്പോള്‍ തത്തയുണ്ട് . പക്ഷെ എന്റെ മിട്ടു  അല്ലാരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസിലായി . ഞാന്‍ ഉണരുന്നതിനു മുന്‍പ് ചത്ത് പോയ മിട്ടുവിനെ മാറ്റി പുതിയ തത്തയെ രാവിലെ തന്നെ മാര്‍ക്കറ്റില്‍ നിന്ന് അച്ഛന്‍ വാങ്ങി ഇട്ടതാണ്. 

എന്റെ അച്ഛന്റെ സ്‌നേഹത്തിനു മുന്‍പില്‍ ഞാന്‍ തോറ്റ ദിവസം. അതുകൊണ്ട് കരഞ്ഞില്ല . മിട്ടു പോയത് വലിയ സങ്കടം ആയിരുന്നു . എന്നാലും ആ ദൃശ്യങ്ങള്‍ കാണാത്തത്്‌കൊണ്ടും പുതിയൊരാളെ കൂട്ടില്‍ കണ്ടതും കൊണ്ടും ആ സങ്കടം  ഉള്ളില്‍ അടക്കി . അങ്ങനെ സ്‌നേഹത്തിന്റെ , വേദനയുടെ മറ്റൊരു മഴക്കാലത്തെ ഓര്‍മിക്കുന്നു.

പിന്നീട്  ഒരിക്കല്‍ അച്ഛന്റെ ബന്ധു വീട്ടില്‍ താമസിച്ച കുറച്ചു നാളുകള്‍ ഉണ്ടായിരുന്നു . അവിടെ തകര്‍ത്തു പെയ്ത മഴയത്തു പാടത്തു മീന്‍ പിടിക്കാന്‍ പോയ എന്റെ മുട്ടിന്റെ തൊലി പൊളിഞ്ഞു  വീട്ടിലേക്കു ഓടി വന്നു അമ്മയെ കെട്ടിപിടിച്ചതും ഉറക്കെ ഉറക്കെ തൊലി പോയ ഭാഗം നോക്കി അലറി കരഞ്ഞതും ഒരു മഴക്കാലത്തിന്റെ , ബാല്യകാല സ്മരണയായി മാറി . 

തൊലി പോയത്‌കൊണ്ടല്ല , ഇത്ര വല്യ പെണ്ണായിട്ടും ഉരുണ്ടുപിടിച് വീണത് എന്റെ വ്യക്തിത്വത്തെ സാരമായി ബാധിച്ചു . കസിന്‍സിന്റെ  മുന്‍പില്‍ വെച്ച് വീണതിന്റെ ചമ്മല്‍ സഹിക്കാന്‍ വയ്യാത്തതിന്റെ വേദനയാണെന്നു എനിക്ക് മാത്രമേ അറിയൂ... .

ഇന്ന് അമ്മുവില്ല ,  തത്തയില്ല ,  നോക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടായിരിക്കണം കോഴികളെയും വിറ്റു . കസിന്‍സില്‍ പലരും വിവാഹിതരായി അന്യ നാടുകളിലേക്കു പോയി . 'അമ്മ അടുക്കളയില്‍ നിന്ന് എന്റെ വിവാഹകാര്യം പറഞ്ഞു അപ്പോഴും പിറുപിറുക്കുണ്ടായിരുന്നു . എന്റെ മുഴുവന്‍  സമ്പാദ്യമാണ് ഈ അഞ്ചുസെന്റില്‍ നിറഞ്ഞു നില്‍ക്കുന്നത് . ആറ്  വര്‍ഷങ്ങള്‍ കൊണ്ട് ഒരു കൊച്ചു വീട് വെച്ചത് കൊണ്ട് , വാടക വീട്ടിലെ പൂമരവും എന്റെ ഓര്‍മകളില്‍ എവിടെയോ മൃതിയടഞ്ഞു. 

വിവാഹം  അടുത്ത അവധിക്കാവാം എന്നു  പറഞ്ഞു അമ്മയുടെ നെറുകയില്‍ ഒരു ഉമ്മ വെച്ച് . കണ്ണില്‍ നിന്ന് വരുന്ന നീര്‍ത്തുള്ളികള്‍ അമ്മയുടെ മുഖത്തേക്കു വീഴാതെ ഇരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു  . അടുത്ത അവധി എന്നാണെന്ന് പോലും എനിക്ക് അറിയില്ല . വിവാഹം  ഇനി ഇപ്പോള്‍ സ്വപ്നങ്ങളില്‍ പോലും ഇല്ല .  

അച്ഛന്‍ റേഡിയോ ഇട്ടു , 'ഇന്നലെകളെ തിരികെ വരുമോ ....' പിന്നീടും എത്രയൊ മഴകള്‍ പെയ്തു . ആര്‍ത്തിരിയമ്പിയ ഓരോ മഴയിലും  കണ്ണീരും പിന്നെ എന്റെ ഒരു പിടി  സ്വപ്നങ്ങളും കടലാസ് തോണി പോലെ  കടന്നു പോയി . ഇനിയും കഥകള്‍ ബാക്കിയാണ് . മഴ നനഞ്ഞു  കുതിര്‍ന്ന ആ കഥകളുടെ തീവ്രത ഇതിലും മേലെയായതുകൊണ്ടും , അതിന്റെ സൗന്ദര്യം പങ്കുവെക്കപ്പെടേണ്ട ഒന്നാണെന്നു എനിക്ക് ഇപ്പോള്‍ തോന്നാത്തത് കൊണ്ടും നിറുത്തുകയാണ്. ഓരോ നാരങ്ങാ മിട്ടായുടെ രുചിയോടെ നുണഞ്ഞെടുത്ത ചില മധുര  മഴയോര്‍മകള്‍  പിന്നാലെ തകര്‍ത്തു പെയ്യാനിരിക്കുകയാണ്.