ഭാര്യ ...'മനസ്സ് വല്ലാണ്ട് വേദനിക്കുന്നു ..എന്നെ ഒന്ന് കെട്ടിപിടിക്കുമോ ' നിറഞ്ഞ കണ്ണുകളോടെ അവള്‍ എന്നെ നോക്കി പറയുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അത് നമ്മുടെ അവസാനത്തെ രാത്രിയാകുമെന്നു. 

മാറോടു ചേര്‍ത്തുനിര്‍ത്തി ആ നെറുകയില്‍ ചുംബിക്കുമ്പോള്‍ വെളിച്ചെണ്ണയുടെയും , തുളസി കതിരിന്റെയും സുഗന്ധം , ആ ചുംബനത്തിനു 30 വര്‍ഷം മുന്നേ ഉള്ള ആദ്യരാത്രിയുടെ തീക്ഷണത ഇല്ലായിരുന്നു, കരുതലിന്റെ കാരുണ്യം മാത്രം. ഒരു പവിത്ര ബന്ധത്തിന്റെ സാഫല്യം മാത്രം. ഇന്ന് എന്നെ ഒറ്റയ്ക്കാക്കി പോയിട്ട് മൂന്നു ദിനങ്ങള്‍. 

ഈ ഏകാന്തത എന്നെ വല്ലാതെ ചൂഴുന്നു. ഒരു ജീവന്‍ മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളു ഈ ശരീരത്തില്‍. ബാക്കി ഉള്ളതൊക്കെ നിന്റെ കൂടെ ആയിരുന്നു. എന്നെ തനിച്ചാക്കി നീ കൊണ്ടുപോയത് ഒരു ഈ ജന്മത്തിന്റെ സന്തോഷവും സാഫല്യവും ആയിരുന്നു. ഈ പടവുകള്‍ കയറിവരുമ്പോള്‍ എന്നും നിന്റെ പുഞ്ചിച്ചിരിച്ച മുഖം മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. 

പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒരായുസ്സ് മുഴുവന്‍ എനിക്കുവേണ്ടി എവിടെ ഈ വീട്ടില്‍.. വേദനകളില്‍ ആ മടിയില്‍ തലചായ്ച്ചു കിടക്കുമ്പോള്‍ , നരവീണ മുടിയിഴകളില്‍ വിരലോടിച്ചു നീ പറയും ' കിളവന്‍ ആയി ' എല്ലാം മറക്കുന്ന ആ മനോഹര നിമിഷങ്ങള്‍ . ഇനി ആരാണ് ...?

അത്താഴം വിളമ്പി അരികത്തിരിക്കാന്‍ വേദനകളില്‍ ഒരു ആശ്വാസം ..ഇനി ആര്...? നിനക്കേറ്റവും പ്രിയമുള്ള എന്റെ സമ്മാനം , മയില്പീലിയുടെ നിറമുള്ള ചേലയില്‍ ,ഞാന്‍ ഈ ഏകാന്തത അവസാനിപ്പിക്കുകയാണ് . ചിന്തകള്‍ അയാളെ വിട്ടകലുകയായിരുന്നു അന്തരീക്ഷത്തില്‍ ആ കാല്‍പ്പാദങ്ങളുടെ അവസാന ചലനവും നിലക്കുമ്പോള്‍...