mayaജോലിത്തിരക്കുകള്‍ക്കും,പരീക്ഷാ ടെന്‍ഷനുകള്‍ക്കും അവധി കൊടുത്ത് ഞാനും പോകുന്നു എന്റെ നാട്ടിലേക്ക്. 

കേരളം 'ദൈവത്തിന്റെ സ്വന്തം നാട്' ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാന്‍ താഴേക്ക് താഴുമ്പോ നമുക്ക് തോന്നാറില്ലേ കേരസുന്ദരിമാര്‍ പച്ചപട്ടുടുത്ത് വരി,വരിയായി നമ്മെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതുപോലെ. മലകളും, കുന്നുകളും,കായലുകളും, പുഴകളും, തോടുകളും,കുളങ്ങളുമുള്ള അതിമനോഹരമായ നാട്. കേരളത്തെ വാഴ്ത്തിപാടാത്ത കവികളോ,ഗായകരോ ഇല്ല. ഒരിക്കല്‍ പോയാല്‍ വീണ്ടും, വീണ്ടും പോകണമെന്നും, കാണണമെന്നും തോന്നിക്കുന്ന രീതിയില്‍ എല്ലാവരെയും മയക്കുന്ന എന്തോ ഒരു വശീകരണശേഷിയില്ലേ നമ്മുടെ കൊച്ചുകേരളത്തിന് ? നാനാജാതി മതസ്ഥര്‍ ഒരുമയോടെ കഴിയുന്ന നാട്. ധാരാളം ക്ഷേത്രങ്ങളും, പളളികളുമുള്ള നാട്. ഓണവും, ക്രിസ്മസും, റംസാനുമെല്ലാം എല്ലാ ജാതി-മതസ്ഥരും ഒന്നിച്ചാഘോഷിക്കുന്ന നാട്..

കൊച്ചു കേരളത്തിലെ 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ, കായല്‍ സവാരിക്ക് പ്രസിദ്ധമായ ആലപ്പുഴ. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് എന്റെ നാട്. ശാന്തസുന്ദരവും, പ്രകൃതിരമണീയവുമായ കായംകുളം. നിരുപദ്രവകാരിയായ,അത്താഴപഷ്ണിക്കാരന്റെ കാണപ്പെട്ട ദൈവമായിരുന്ന 'നല്ല കള്ളന്‍' കൊച്ചുണ്ണിയുടെ നാട്. പണക്കാരന്റെ പണവും, ധാന്യങ്ങളും മോഷ്ടിച്ച് പാവപ്പെട്ടവന് കൊടുത്തിരുന്ന,അഞ്ച് നേരം നിസ്‌കരിച്ചിരുന്ന നല്ല കള്ളന്‍. കോഴഞ്ചേരിയില്‍ കൊച്ചുണ്ണി പ്രതിഷ്ടയുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഇടപ്പാറ മലദേവര്‍നട ക്ഷേത്രം. സ്ഥലം കായംകുളമാണെന്ന് പറയുമ്പോതന്നെ കേള്‍ക്കുന്നവര്‍ ആദ്യം ചോദിക്കുന്ന ചോദ്യം കായംകുളം കൊച്ചുണ്ണിയുടെ നാടല്ലേന്നാണ്.

രാജഭരണ കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു കായംകുളം. കായംകുളം കായല്‍ വഴി ആയിരുന്നു ചരക്കു കടത്ത് നടന്നിരുന്നത്. കായലും ധാരാളം കുളങ്ങളുമുള്ളതുകൊണ്ടാണ് 'കായല്‍ കുളം'എന്ന പേര് വന്നതെന്നും പിന്നീട് അത് കായംകുളം ആയി എന്നും, അതല്ല കായം( മമെളീലശേറമ ), കുളം എന്ന രണ്ട് പേരുകള്‍ ചേര്‍ത്താണ് കായംകുളം എന്നപേരുണ്ടായതെന്നും രണ്ട് കഥകളുണ്ട്. 

പലരും സംസാരത്തിനിടയില്‍ പറഞ്ഞു കേള്‍ക്കാറുള്ളതാണ് അവന്‍ അല്ലെങ്കില്‍ അവള്‍ കായംകുളം വാളാണെന്ന്. കായംകുളം വാളിനും ഒരുപ്രത്യേകതയുണ്ട്. അതിന്റെ രണ്ടുവശത്തിനും മൂര്‍ച്ചയുണ്ട്, തിരിച്ചും മറിച്ചും വെട്ടാം, ഇരുതല മൂര്‍ച്ച എന്നു പറയും. അതുകൊണ്ടാകാം വാദിയുടെയും,പ്രതിയുടെയും പക്ഷംപറയുന്ന ആളുകളെ കായംകുളം വാളെന്ന് വിളിക്കുന്നത്. കായംകുളം രാജാക്കന്‍മാരും, നായര്‍ ജന്മിമാരും ഉപയോഗിച്ചിരുന്നതാണ് ഈ വാള്‍. കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരത്തില്‍ ഈ വാളുകള്‍ സൂക്ഷിച്ചിട്ടുണ്ട്. കായംകുളത്ത് ഇപ്പോള്‍ കൊട്ടാരങ്ങള്‍ ഒന്നും തന്നെയില്ല. രാജാക്കന്മാര്‍ തമ്മിലുണ്ടായ യുദ്ധത്തില്‍ കായംകുളം രാജവംശത്തിനെ മുഴുവന്‍ ഉന്മൂലനം ചെയ്ത് കൊട്ടാരങ്ങളും നശിപ്പിക്കപ്പെട്ടു. രാജഭരണ കാലത്തു നിര്‍മ്മിച്ച ക്ഷേത്രങ്ങളും,കല്‍മണ്ഡപങ്ങളും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നു. 

ശെരിക്കും പറഞ്ഞാല്‍ കായംകുളം പട്ടണത്തില്‍ നിന്നും ഏകദേശം നാലുകിലോമീറ്റര്‍ മാത്രം അകലത്തില്‍ പത്തിയൂര്‍ പഞ്ചായത്തില്‍പ്പെട്ട 'കരീലകുളങ്ങര' എന്ന ശാന്തസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണെന്റേത്. ഒരു ഗ്രാമത്തിന്റേതായ നിഷ്‌കളങ്കതയും, സൗന്ദര്യവും,സൗകുമാര്യവും നിറഞ്ഞ സ്ഥലം. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകളുണ്ട് എനിക്കവിടെ. എന്റെ നാടിനെകുറിച്ചോര്‍ക്കുമ്പോ ആദ്യമായി മനസ്സില്‍ വരുന്നത് കുട്ടിക്കാലത്തെ ഓണാഘോഷങ്ങള്‍ തന്നെയാണ്. എന്റെ പ്രായത്തില്‍ തന്നെയുള്ള ധാരാളം കുട്ടികളുണ്ടായിരുന്നു അവിടെ. ഓണാവധിക്ക് സ്‌കൂള്‍ അടച്ചിരിക്കുകയാണങ്കിലും അത്തമുദിച്ചാല്‍ വെളുപ്പിനെ അമ്മ വിളിക്കാതെതന്നെ എണീയ്കും. എല്ലാവരും പൂക്കളമിടും മുന്‍പേ പൂക്കളമൊരുക്കാന്‍. തന്നെയുമല്ല, ഉള്ള പൂക്കളെല്ലാം മറ്റെല്ലാവരെക്കാളും മുന്‍പേ പറിച്ചെടുക്കാന്‍. പൂക്കളം നന്നായിട്ടുണ്ടെന്ന് മുതിര്‍ന്നവര്‍ പറയുംവരെ ഒരു സമാധാനവും ഉണ്ടാവില്ല. എന്റെ പ്രിയപ്പെട്ട സുഹൃത്തും, സഹപാഠിയുമായ ഒരു രേഖയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളും തമ്മിലാണ് കൂടുതലും പൂക്കളമത്സരം നടക്കാറ്. സ്‌കൂളില്‍ പോകുമ്പോഴും എല്ലാവരും ഒന്നിച്ചാണ് പോകാറ്. കൂട്ടത്തില്‍ എന്റെ രണ്ട് സഹോദരന്മാരുമുണ്ടാകും. എന്നും ആ പഴയ സ്‌കൂള്‍കുട്ടി തന്നെ ആയിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹം തോന്നുന്നത് ആപഴയ നല്ലകാലം ഓര്‍ക്കുമ്പോഴാണ്. 

ഇന്നുകുട്ടികള്‍ ഓണക്കാലത്ത് പൂപറിക്കാന്‍ ഇറങ്ങാറില്ല, പൂക്കളമൊരുക്കാറില്ല, ഊഞ്ഞാലില്ല,കൂട്ടംചേര്‍ന്നുള്ള സ്‌കൂളില്‍പോക്കില്ല. നഴ്‌സറിക്ലാസുമുതല്‍ അയല്‍ക്കാരന്റെ കുട്ടിയേക്കാള്‍ ഒരുമാര്‍ക്കെങ്കിലും എനിക്കുവേണം,അല്ലെങ്കില്‍ എന്റെ കുട്ടിക്കു വേണം എന്ന വാശി മാത്രമാണ് കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും. എല്ലാ രംഗത്തും മത്സരം! 

ഗള്‍ഫുനാടുകളില്‍ ജൂണ്‍ അവസാനം മുതല്‍ ആഗസ്റ്റ് അവസാനം വരെ സ്‌കൂള്‍ അവധി ആയതിനാല്‍ നാട്ടിലേക്ക് ഏറ്റവും കൂടുതലാളുകള്‍ പോകുന്നത് ഈ മാസങ്ങളിലാണ്. അതുകൊണ്ടുതന്നെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ മൂന്നും, നാലും ഇരട്ടി വര്‍ദ്ധിപ്പിച്ച് സാധാണക്കാരന്റെ കഴുത്തില്‍ കത്തിവെക്കുന്നതും ഈ മാസങ്ങളിലാണ്. 

കേരളത്തിലെ മറ്റൊരു പ്രശ്‌നം മഴയില്ലാത്ത ദിവസങ്ങളിലുള്ള സഹിക്കവയ്യാത്ത ചൂടാണ്. മലകളും, കുന്നുകളും, കായലുകളും, പുഴകളും, തോടുകളും,കുളങ്ങളും, തണ്ണീര്‍ തടങ്ങളും, വനങ്ങളും, പച്ചപ്പുകളും എല്ലാം മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത രീതിയില്‍ നമുക്ക് ദൈവം അനുഗ്രഹിച്ചു തന്നിരുന്നതാണ്. എല്ലാം സ്വാര്‍ത്ഥലാഭത്തിനുവേണ്ടി തച്ചുടച്ചു നാം ഇരന്നുവാങ്ങിയതാണ് ഈ സഹിക്കവയ്യാത്ത ചൂട്. 

എല്ലാം നമുക്ക് തിരികെ കൊണ്ടുവരാം. നമ്മുടെ മക്കളും, കൊച്ചു മക്കളും എന്താണു വിഷു, എന്താണ് ഓണമെന്ന് നമ്മോട് സംശയം ചോദിക്കാനുള്ള അവസരമുണ്ടാക്കാതിരിക്കാന്‍ നമുക്കൊന്നിച്ചു പ്രയത്‌നിക്കാം. ഇനിയും വൈകിയിട്ടില്ല, ദൈവത്തിന്റെ സ്വന്തം നാടെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാം. പൂമരങ്ങളും, പൂച്ചെടികളും, കുന്നുകളും, കുളങ്ങളും നശിപ്പിക്കാതെ അവശേഷിക്കുന്നവയെ എങ്കിലും സംരക്ഷിക്കാം, പുനര്‍ നിര്‍മ്മിക്കാം. നാം വളര്‍ന്നതുപോലെ നമ്മുടെ കുട്ടികളും കുട്ടികളായിതന്നെ വളരട്ടെ. ഭൂമിയെ നശിപ്പിക്കാതെ നല്ലകാലത്തെ തിരികെ കൊണ്ടുവരാം. മരങ്ങള്‍ പൂക്കളാല്‍ പുഞ്ചിരി തൂകട്ടെ. കുഞ്ഞുങ്ങള്‍ തുമ്പികളെയും, തൂക്കണാംകുരുവികളെയും അറിയട്ടെ. ഓണവും പൂക്കളവും, ഊഞ്ഞാലാട്ടവും ആസ്വദിക്കട്ടെ. ഭൂമിയെനശിപ്പിക്കാതെ ആഘോഷങ്ങളെ തിരികെ കൊണ്ടുവരാം. സ്‌കൂള്‍ അവധിക്കാലം നമ്മളാസ്വദിച്ചിരുന്നതുപോലെ കുട്ടികളും ആസ്വദിക്കട്ടെ. നമ്മുടെ കുട്ടികളും നാളെ പറയട്ടെ 'എന്റെ നാട് ദൈവത്തിന്റെ സ്വന്തം നാടാണെന്ന് '..