ഒരാഴ്ചയുടെ മുഴുവന്‍ ആലസ്യത്തോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയത്. ബാഗു വലിച്ചെറിഞ്ഞു സോഫയുടെ സുഖവിശാലതയിലേക്കു  വീണു അലസമായി മെസ്സേജുകള്‍ പരതുമ്പോള്‍ ഞാനുറപ്പിച്ചു ഇന്നിനി പാചകം വയ്യ. പകരം എന്ത് എന്ന് ചിന്തിക്കുമ്പോഴാണ് മകന്റെ ക്ലാസ് ടീച്ചറിന്റെ മെസ്സേജ് കണ്ണില്‍പെട്ടത്. (He  is coughing very badly) ചുമയും ജലദോഷവും.. അത് കാര്യമായിട്ടെടുത്തില്ല. എല്ലാ മാസവും ആന്റിബയോടിക് ശീലമാക്കിയവന്റെ ചുമയല്ലേ,  വരുന്നിടത്തു വച്ച് കാണാമെന്നു വിചാരിച്ചു. അപ്പോഴേക്കും അവന്റെ ബസും എത്തി.

ബാഗും വാട്ടര്‍ബോട്ടിലും ഏല്‍പിച്ചു ഡ്രൈവര്‍ ' ഹാപ്പി വീക്കെന്‍ഡ് ' നേര്‍ന്നു. പതുക്കെ ആടി തൂങ്ങിവരുന്ന മകനെ എടുക്കാന്‍ കൈ നീട്ടിയപ്പോഴേ നല്ല ചുമയുടെ മണമടിച്ചു. വാടിത്തളര്‍ന്ന മുഖം, നിറഞ്ഞ  കണ്ണുകള്‍,  ചുവന്ന മൂക്കു, ഉയര്‍ന്ന ശബ്ദത്തിലുള്ള ചുമയും. ഒന്നേ നോക്കിയതുള്ളു  നെഞ്ച്  പിടഞ്ഞുപോയി. അഞ്ചം മാസത്തില്‍ തുടങ്ങിയ ചുമയാണ്. വളരുംതോറും ചുമയുടെ കാഠിന്യവും  മരുന്നുകളുടെ എണ്ണവും വര്‍ധിച്ചു വന്നു. നെബുലൈസറും ആന്റിബയോടിക്കും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. 

പതിവ്‌പോലെ ആയുധങ്ങളെല്ലാം എടുത്തു തയ്യാറായി. ആദ്യം ചെറിയതോതില്‍ സ്പുഞ്ചു  ബാത്ത് കൊടുത്തു. നെഞ്ചിലും പുറകിലും യൂക്കാലി തൈലം തടവി. ചുക്ക് കാപ്പി ചൂടോടെ കുടിപ്പിച്ചു. നെബുലൈസര്‍ തയ്യാറാക്കി വച്ച . ഇരുപതു മിനുട്ടു നെബുലൈസേഷന്‍ കൊടുത്തപ്പോള്‍ ചുമയ്ക്ക് ചെറിയ ഒരു ശമനമായി. അവന്‍ ചെറുതായൊന്നു മയങ്ങി. ഞാനും ആശ്വാസത്തോടെ കുളിമുറിയിലേക്കു നടന്നു. എന്റെ ഭര്‍ത്താവ്  പതിവുപോലെ ടെലിവിഷനിില്‍ കണ്ണും നട്ടു ഇരിക്കുന്നു.

ഞാന്‍ അവന്റെ ജനനം ഓര്‍ക്കുകയായിരുന്നു. വളരെ കുറഞ്ഞ ശരീരഭാരത്തോടെ , രണ്ടു ദിവസം നഴ്‌സറിയിലും കഴിഞ്ഞ ശേഷമാണ് അവനെ ഞങ്ങള്‍ക്ക് കിട്ടിയത്. ഭാരം കുറഞ്ഞതിന് ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഒരുപാടു പരാതി കേട്ടു .എന്റെ 'അമ്മ മരിച്ചു പോയിരുന്നതിനാല്‍, ഹോം നഴ്‌സിന്റെ പരിചരണത്തിലായിരുന്നു പിന്നീടുള്ളകുറച്ചു കാലം. കുഞ്ഞു രാത്രി വാപൂട്ടാതെ കരയുമ്പോഴും, കാമുകനുമായി ഫോണില്‍   സല്ലപിച്ചുകൊണ്ടിരുന്ന നഴ്‌സുമായി ഞാനൊരുപാട് കഷ്ടപെട്ടു.

പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ശരിക്കുള്ള കഷ്ടപ്പാട് ഞാനറിഞ്ഞത്.  ഓഫീസില്‍ സമയം കഴിഞ്ഞു ആദ്യം വീട്ടിലേക്കു പോകുവാന്‍ ഞാന്‍ കാത്തു നിന്നു. ഓരോ തവണ കുഞ്ഞിന് അസുഖം വരുമ്പോഴും മേലധികാരികളുടെ ചുളിഞ്ഞ മുഖത്തിന് മുന്‍പില്‍ ഞാന്‍ അവധിക്കായി കാത്തു നിന്നു.

കുടുംബവും കുട്ടികളുമില്ലാത്ത  യൂറോപ്യന്‍സും, ഫിലിപ്പീനികളും  എളുപ്പത്തില്‍ സ്ഥാനമാനങ്ങളുടെ പടവുകള്‍ കയറുമ്പോള്‍, പലപ്പോഴും എന്റെ ജോലി പോകുമോ എന്ന പേടിയില്‍ എനിക്ക് കഴിയേണ്ടി വന്നു.

പാര്‍ട്ടികളില്‍നിന്നും പിക്‌നിക്കുകളില്‍ നിന്നും ഓരോരോ കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞപ്പോള്‍ , പിന്നീട് എന്നെയാരും വിളിക്കാതെയായി. പക്ഷെ എനിക്കൊരിക്കലും വിഷമം തോന്നിയില്ല. എന്റെ കുഞ്ഞിന്റെ ചിരിക്കുന്ന മുഖത്തിന് മുന്നില്‍ എന്റെ ലക്ഷ്യങ്ങളെല്ലാം  ഞാന്‍ തിരുത്തിയെഴുതി.

കുളി കഴിഞ്ഞുവന്നപ്പോഴേക്കും അവന്‍ എഴുന്നേറ്റിരുന്നു. തൊട്ടുനോക്കിയപ്പോള്‍ ചെറിയ ചൂട്. അളന്നപ്പോള്‍ ചൂട് ചെറുതല്ല എന്ന് മനസ്സിലായി. പരാസിറ്റാമോള്‍ കൊടുത്തിട്ടും യാതൊരു മാറ്റവുമില്ല. സ്പാഞ്ചു ബാത് പിന്നെയും ആവര്‍ത്തിച്ചു. പനിക്കൂടിക്കൂടി വരുന്നു. ഇനി കാത്തിരുന്നിട്ടു കാര്യമല്ല എന്നുതോന്നി. ഭര്‍ത്താവിനെയും കൂട്ടി സ്ഥിരം പോകുന്ന ക്ലിനിക്കിലേക്കു പോയി. ഇപ്പോഴും  ആദ്യം അവനെ കൊണ്ട് പോകുന്നത് വീടിനടുത്തുള്ള ക്ലിനിക്കിലേക്കാണ്. 

പതിവുപോലെ ഡോക്ടര്‍  നിറചിരിയോടെ സ്വീകരിച്ചു. കുഞ്ഞിനെ കണ്ടപ്പോള്‍ തന്നെ  അവരുടെ മുഖമൊന്നു മാറി. രക്ത പരിശോധനയ്ക്കും എക്‌സ്‌റെയ്ക്കും  കുറിച്ച് കുഞ്ഞിനെ ഒബ്‌സെര്‍വഷന്‍ റൂമിലേയ്ക്ക് മാറ്റി . ഡോക്ടര്‍ തന്നെ സപ്പോസിറ്ററും നല്‍കി. രക്തമെടുത്തപ്പോള്‍ അവന്‍ കരയുമോ എന്ന് ഞാന്‍ പേടിച്ചു. പക്ഷെ അവന്‍ വിതുമ്പിയതേയുള്ളു. കരയാനുള്ള ശക്തിപോലും അവനില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഓരോ പ്രാവശ്യം ചുമയ്ക്കുമ്പോഴും എന്റെ നെഞ്ചും പിടഞ്ഞു. ഒ

മണിക്കൂറൊന്നു  കഴിഞ്ഞു. പരിശോധന ഫലങ്ങളെല്ലാം വന്നു കുഴപ്പമൊന്നുമില്ല.ആശ്വാസമായി പക്ഷെ പനിയൊട്ടു കുറയൊന്നുമില്ല. ഇനി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ഉടനെ തന്നെ അവനെ ഹോസ്പിറ്റലിലേക്ക് മാറ്റി. വലിയ ഹോസ്പിറ്റലിലെ ചെറിയ രോഗിയെ ആരും കാര്യമായെടുത്തില്ല. ആന്റിബയോടിക് ഇന്‍ജക്ഷന്‍ കൊടുത്തിട്ടു രണ്ടു പ്രാവശ്യം നെബുലൈസേഷന്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. 

അവന്റെ അടുത്തിരുന്നു മാസ്‌ക് പിടിച്ചു കൊടുത്തു. തൊട്ടടുത്തായി ഒരു ചെറിയ പെണ്‍കുട്ടി മാസ്‌ക് വെയ്ക്കാന്‍ വിസമ്മതിച്ചുകൊണ്ടു ഉറക്കെ ഉറക്കെ കരയുന്നുണ്ടായിരുന്നു. അവന്‍ കൗതകത്തോടെ ആ കുഞ്ഞിനെ നോക്കിയിരുന്നു.അവന്‍ ഏറെ കുറെ നിശ്ശബ്ദനായിരുന്നു. അല്ലെങ്കില്‍ ഇടയ്ക്കിടെ വന്നു കാര്‍ട്ടൂണ്‍ വെയ്ക്കാനും കളിയ്ക്കാന്‍ കൂട്ടിനും വന്നു എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന എന്റെ കുഞ്ഞിന്റെ നിശബ്ദത എന്നെ വല്ലാതെ പേടിപെടുത്തുന്നുണ്ടായിരുന്നു. 

നെബുലൈസേഷന്‍ കഴിയാറായിരുന്നു. സാവധാനം അവന്‍ ശ്വാസം വലിക്കുന്നത് ഞാന്‍ നോക്കിയിരുന്നു. അവന്റെ കുഞ്ഞു നെഞ്ച് ഉയരുന്നതും താഴുന്നതും ഞാന്‍ മുഖം ചേര്‍ത്തുവെച്ചു അറിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു തല പൊക്കി നോക്കിയപ്പോള്‍ എന്റെ ഭര്‍ത്താവു ഫോണില്‍  കളിക്കുന്നുണ്ടായിരുന്നു. മരുന്നിന്റെ കുറിപ്പടി നേഴ്‌സ് അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ടു കിടക്കേണ്ട ആവശ്യം ഒന്നുമില്ല എന്നറിയിച്ചു. 

അവന്റെ പനി താഴ്ന്നുവരുന്നതും  ചുമയുടെ ശക്തി കുറയുന്നതും ഞാനറിഞ്ഞു. ചുണ്ടിലെ പുഞ്ചിരിയും മുഖത്തെ കുസൃതിയും തിരിച്ചു വന്നു. നെബുലൈസേഷന്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകാന്‍ നേഴ്‌സ് അനുമതി നല്‍കി. വാതില്‍ തുറന്നു അവനെ കട്ടിലിലേക്ക് കിടത്തുമ്പോള്‍ സമയം രാത്രി   പതിനൊന്നര.

അവന്റെ കളിചിരികള്‍ തിരിച്ചു വന്ന ആശ്വാസത്തില്‍  നിറഞ്ഞ മനസ്സുമായി ഞാന്‍ നില്‍ക്കുമ്പോള്‍ , കയ്യിലെ താക്കോല്‍ വലിച്ചെറിഞ്ഞു ദേഷ്യത്തില്‍ എന്റെ ഭര്‍ത്താവു പറയുന്നത് ഞാന്‍ കേട്ട്. ' ഒരു വെള്ളിയാഴ്ച കുളമായി കിട്ടി.' അമ്പരപ്പോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലോര്‍ത്തു, അല്ലെങ്കിലും ചൊവ്വയില്‍ നിന്ന് വന്ന ഈ കൂട്ടരോട് പറഞ്ഞിട്ടെന്തിനാണ്. ((Men are from mars and women are from venus.).