
'ചെറുമീനിണക്കായി സാഗരം തീര്‍പ്പൂമാതാ
വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു,
പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നു, മാനിന്
വഴിയേ തിരുമണ കസ്തൂരിമണം ചേര്‍പ്പൂ'
(ഉജ്ജ്വല മുഹൂര്‍ത്തം വൈലോപ്പിള്ളി )
മനസുകൊണ്ടോ ജീവിതം കൊണ്ടോ സ്വപ്നങ്ങളെ തുടലഴിച്ചു വിടുന്ന കാത്തിരിപ്പിന്റെ അവസാനമാണ് പ്രവാസിയുടെ അവധിക്കാലം. ഗൃഹാതുരതയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. എനിക്കും മറ്റൊന്നല്ല, ജനിച്ച നാടിനോട്, വളര്ന്നുവന വീടിനോട്, കഥ പറഞ്ഞും കവിത പാടിയും നടന്ന വഴികളോട് അറിയാതെ കൊളുത്തി വെയ്ക്കപ്പെടുന്ന ആത്മബന്ധം.
പ്രവാസ ജീവിതത്തിന്റെ പത്രണ്ടു വര്‍ഷങ്ങള്‍ തികയുമ്പോള്‍ അതിലെ ഓരോ അവധിക്കാലത്തെയും ഓര്‍ത്തെടുക്കുമ്പോള്‍ മനസിനെ നനച്ചു നിര്‍ത്തുന്ന ഒരുപാടോര്‍മ്മകള്‍. പ്രവാസം തുടങ്ങുന്നത് പി ജി ചെയ്യാനും ജോലിക്കുമായി ബാംഗ്ലൂരിലേക്ക് പോയത് മുതല്ക്കാണ്. തിരക്കേറിയ ബാംഗ്ലൂര്‍ ജീവിതത്തില്‍ നിന്നും ഏതെങ്കിലും വിശേഷങ്ങള്‍ക്ക് മാത്രമായ് നാട്ടിലേക്ക് ഓടിയെത്തുന്ന രണ്ടോ മൂന്നോ ദിവസങ്ങള്‍. കലാശിപ്പാളയത്തെ മലിനമായ റോഡിലൂടെ ബാഗും തൂക്കി നടക്കുമ്പോള്‍ പ്രണയിച്ച മനുഷ്യന്റെ സാന്നിധ്യം തന്ന സുരക്ഷിതത്വം. ചെളി നിറഞ്ഞ വഴികളിലൂടെ രാത്രി നിര്‍ത്തിയിട്ടിരിക്കുന്ന ലോക്കല്‍ ബസ്സുകള്‍ക്ക് അരികു ചേര്‍ന്ന് നടക്കുമ്പോള്‍ കാണാം ചന്തയില്‍ പൂ വില്ക്കാന് മത്സരിക്കുന്ന വില്‍പ്പനക്കാരുടെ ലേലം വിളി. നാനാജാതി പൂക്കളുടെ സുഗന്ധത്താല്‍ അല്‍പ്പനേരത്തേക്കെങ്കിലും വിശുദ്ധമാവുന്ന തെരുവുകള്‍.

രാത്രി ബസ്സിലെ പാട്ടും കേട്ട് മയങ്ങുമ്പോള്‍ മനസ്സില്‍ നിറയെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകളാവും. പുലര്‍ച്ചെ നാട്ടിലെത്തുമ്പോള്‍ പിന്നെ ഉത്സവ പ്രതീതിയാണ്. രണ്ടോ മൂന്നോ ദിവസങ്ങളില്‍ പൂര്‍ത്തി യാക്കേണ്ടി വരുന്ന ബന്ധു വീട് സന്ദര്‍ശനങ്ങള്‍. അതിനിടയില്‍ ബന്ധുക്കള്‍ കണ്ടു വെയ്ക്കുന്ന വിവാഹാലോചനകളുടെ പേരിലുള്ള ബഹളങ്ങള്‍. പെട്ടന്ന് പെയ്തു തീരുന്ന വേനല്‍മഴ പോലെ ബാംഗ്ലൂര്‍ പ്രവാസ ജീവിതത്തിലെ അവധിക്കാലം പെയ്തു തീര്‍ന്നു.
വിവാഹശേഷമാണ് ഗള്‍ഫിലേക്ക് സ്വപ്നങ്ങളെ നാട് കടത്തുന്നത്. യഥാര്‍ത്ഥ പ്രവാസം തുടങ്ങുന്നത് അവിടം മുതല്ക്കാണ്. കടുത്ത ചൂടില്‍, തണുപ്പില്‍ പത്തും, പതിനഞ്ചും മണിക്കൂര്‍ ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. ദുബായില്‍ വന്ന കാലത്ത് ആദ്യം ജോലി ചെയ്ത ഓഫീസ് ക്രൌണ്‍ പ്ലാസ ബില്‍ഡിംഗ് ആരുന്നു. അതിന്റെ അറ്റത്തെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ നേരെ കാണുന്നത് ലോകത്തിലേക്ക് വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയാണ്. ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന കെട്ടിട സമുച്ചയത്തിന്റെ അറ്റം ഒരു തീപ്പെട്ടിക്കൊള്ളി പോലെ കാണാം. അതിന്റെ അറ്റത്തോളം വരെ ജോലി ചെയ്യുന്ന യഥാര്‍ത്ഥ പ്രവാസിയെ കാണാം. ഏതു നിമിഷവും ഉരുകി വീഴാവുന്ന മെഴുകുതിരി പോലെ നാട്ടിലെ ബന്ധുക്കളെ പോറ്റാന്‍ ജീവിതത്തിലെ വസന്തങ്ങളെ മണലാരണ്യത്തിന് തീറെഴുതി കൊടുക്കേണ്ടിവന്നവര്‍. ഇവരൊക്കെ നാട് കാണുക മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാവും. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോവുക എന്നത് ഒരു സ്വപ്നം മാത്രമാണ്. നാട്ടിലെ വിശേഷ കാലത്ത് മലയാളിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത് വിമാന സര്‍വീസ് ആയിരിക്കെ കൂടിയ നിരക്കിലുള്ള ടിക്കറ്റ് എടുത്ത് അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോവുക എന്നത് ഇത്തരം പ്രവാസികള്‍ക്ക് അത്ര എളുപ്പമല്ല.

ഞാനൊരു പ്രവാസിയാണെന്ന് പറയാന്‍ മടി തോന്നുന്നത് ഇതുപോലെയുള്ള തൊഴിലാളികളെ കാണുമ്പോഴാണ്. കൊടും ചൂടും കൊടും തണുപ്പും അറിയാതെയുള്ള പ്രവാസജീവിതമാണ് അന്നുമിന്നും എന്റേത്. പൊരി വെയിലത്തെ ചൂടില്‍ തല കറങ്ങി വീണു അപസ്മാര രോഗികളെ പോലെ വഴിയില്‍ കിടന്നു പിടയ്ക്കുന്ന തൊഴിലാളികളെ കാണുമ്പോള്‍ തുച്ഛമായ ശമ്പളത്തിന് ഇവരെന്തിനാണ് ജീവിതം ബലി കൊടുത്ത് ബന്ധുക്കള്‍ക്ക് കറവപ്പശുവാകാന് ഇവിടിങ്ങനെ ജീവിക്കുന്നതെന്നോര്‍ത്ത് വിഷമിക്കാറുണ്ട്.
ലേബര്‍ ക്യാമ്പുകളിലെ ഒരാള്‍ക്ക് മാത്രം കിടക്കാവുന്ന വീതിയിലുള്ള കട്ടിലുകളില്‍ രണ്ടും മൂന്നും പേര് കിടന്നുറങ്ങുന്ന കാഴ്ച്ചകള്‍. രാത്രി ജോലി കഴിഞ്ഞു വന്നാല്‍ അവരുടെ ജീവിതം പിന്നെ ഫോണ്‍ കോളിലെ സംഭാഷണങ്ങളിലാണ്. നാട്ടിലേക്കുള്ള ഫോണ്‍ കോളുകള്‍. നാട്ടിലെ തീരാത്ത വിശേഷങ്ങള്‍, പ്രാരാബ്ദങ്ങള്‍,സാമ്പത്തിക പരാധീനതകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകുമ്പോള്‍ മനസു നിറയെ പച്ചപ്പ് മൂടി നില്ക്കും. ഒറ്റമുറിയില്‍ ഒതുങ്ങി കൂടിയിരുന്ന ജീവിതം കൂടുതല്‍ വിശാലമായ സ്വപ്നങ്ങളിലേക്ക് ചിറകു വിരിച്ചു പറക്കും. ആഗ്രഹങ്ങള്‍ ആകാശത്തോളം വിസ്തൃതമാകും. കുട്ടികള്‍ക്ക് പുതുമയുള്ള ഒരുപാട് കാഴ്ച്ചകള്‍ ഓരോ നാട്ടില്‍ പുറവും കാത്തു വെച്ചിട്ടുണ്ട്. ഗള്‍ഫിലെ വേനലവധിക്കാലം നാട്ടിലെ മഴക്കാലമാണ്. മഴയുടെ സങ്കീര്‍ത്തനങ്ങള്‍ കേട്ട്, മണലാരണ്യത്തിലെ ഊഷരമായ അനുഭവങ്ങളെ നനവുകളിലേക്ക് ഒഴുക്കി വിടും എന്റെ നാട്ടിലെ മഴക്കാല സന്ദര്‍ശനങ്ങള്‍. പുഴയും വയലും ഒന്നാകുന്ന, കുളങ്ങള്‍ നിറഞ്ഞൊഴുകുന്ന, പ്രകൃതി ഒട്ടാകെ കുളിരണിഞ്ഞു നില്ക്കുന്ന കാഴ്ച്ചയില്‍ ഞാനൊരു കുട്ടിയുടെ മനസോടെ നാടിനെ എതിരേല്ക്കും. മഴപെയ്തുതീരുമ്പോള് അനുഭവിക്കുന്ന കന്നിമണ്ണിന്റെ ഗന്ധം അതില്‍ നാടിന്റെ്, എന്റെ സ്വപ്നങ്ങളുടെ, എന്റെ നാഡികളില്‍ ഒഴുകുന്ന ജീവരക്തത്തിന്റെ കൂടി ഗന്ധമാണ്.
പ്രവാസികളായ കുഞ്ഞുങ്ങള്‍ക്കുള്ള പാഠശാലകളാണ് നാട്ടിലെ ഓരോ വേനലവധിയും. കുടുംബ ബന്ധങ്ങള്‍, അതിന്റെ മൂല്യം, ചരിത്രം, സാമൂഹ്യ ബോധം, രാഷ്ട്രീയ ബോധം നന്മ, സാഹോദര്യം ഇതൊക്കെ പങ്കു വെയ്ക്കുന്ന ഓരോ ക്ലാസ് റൂമുകള്‍ ആണ് അവര്‍ക്ക് നാട്ടിലെ അനുഭവങ്ങള്‍. മണ്ണിനോട്, മരങ്ങളോട്, മഴയോട്, കാറ്റിനോട്, ഋതുക്കളോട് ഇത്രമേല്‍ അടുത്തിടപെടാന്‍ മറ്റേതു ഇടമുണ്ട്.
എന്റെ ഓരോ അവധിക്കാലവും യാത്രകളുടെതാണ്. വായനയുടെതും എഴുത്തിന്റെതുമാണ്. എന്റെ എഴുത്തും വായനയും ഏറ്റവുമധികം സംഭവിച്ചത് നാട്ടിലെ ആ പഴയ വീട്ടില്‍ ആണ്. അവിടുത്തെ ഓരോ കല്ലും മുള്ളും എനിക്ക് പരിചിതമായതുകൊണ്ടാവണം മുറ്റത്തിരുന്നുകൊണ്ടെഴുതുമ്പോള് അനുഭവപ്പെടുന്നത്ര അക്ഷരങ്ങളുടെ തിരതള്ളല്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരിക്കുമ്പോഴും അത്ര തീവ്രമായി അനുഭവപ്പെടാത്തത്. അവധിക്കാലമെന്നു വിളിക്കാനാവുന്നതല്ല നാട്ടില്‍ ഉള്ള എന്റെ ദിവസങ്ങള്‍. ഏറ്റവും തിരക്കേറിയ വായന സംഭവിക്കുന്നത് ആ ദിവസങ്ങളിലാണ്. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുകയും വാക്കുകളുടെ തിക്കിനും തിരക്കിനും ഇടയിലേക്ക് അക്ഷരങ്ങള്‍ കയറിക്കൂടുകയും ചെയ്യുന്നത് എപ്പോഴും നാട്ടിലെ അവധിക്കാല ദിനങ്ങളിലാണ്.
അമ്മയുണ്ടാക്കുന്ന നാട്ടുരുചികള്‍ അറിഞ്ഞ്, കിണറ്റു വെള്ളത്തില്‍ കുളിച്ച്, പൂക്കളുടെ സുഗന്ധമുള്ള കാറ്റിനെ ശ്വസിച്ച്, കാഴ്ച്ചകളെ മറയ്ക്കുന്ന കെട്ടിടങ്ങള്‍ ഇല്ലാതെ എങ്ങോട്ട് തിരിഞ്ഞാലും ആകാശം കാണാന്‍ ആകുന്ന, കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ജാലകങ്ങളിലൂടെ മഴക്കുളിരിനെ നെഞ്ചോടു ചേര്‍ത്തുറങ്ങി വാക്കിനും വരികള്‍ക്കുമിടയില്‍ എന്നെ പകര്‍ത്തി ഞാന്‍ ഞാനായി അവസാനിക്കുന്ന അവധിക്കാലം.
തപിക്കുന്ന മണല്‍ക്കൂനകള്‍ക്ക് മീതെ ജീവിതത്തിന്റെധ അര്‍ദ്ധ സ്വപ്നങ്ങളും അവസാനിക്കുമ്പോള്‍ പ്രവാസിക്ക് അവധിക്കാലമെന്നത് ശേഷിക്കുന്ന കറുത്ത ദിനങ്ങളെ പൊതിഞ്ഞു വെയ്ക്കാനുള്ള ഓര്‍മ്മകളുടെയും കാത്തിരിപ്പിന്റെയും അവസാനിക്കാത്ത പ്രതീക്ഷകളുടെയും ചിത്രത്തുന്നലുകളുള്ള ഒരു പുതപ്പാണ്. വല്ലാതെ വിയര്‍ക്കുമ്പോള്‍ സ്വത്വ ബോധത്തിന് മീതെ നനച്ചിടാനും വല്ലാതെ തണുക്കുമ്പോള്‍ ചൂടിലേക്ക് പതുങ്ങാനുമുള്ള ഒന്ന്.
കുടങ്ങളിലിളങ്കള്ളും, കുടയണിപ്പച്ചത്തെങ്ങും,
കുടമെതിര്മുലതുള്ളും പെണ്കിടാങ്ങളും
ഇടതിങ്ങും കൊച്ചിനാടെ വിടവാങ്ങുന്നിതാ പോകാന്‍
കടലിങ്കല്‍ തമ്പടിച്ചു കഴിയും ഞങ്ങള്‍'
(കടലിലെ കവിതകള്‍ വൈലോപ്പിള്ളി)