ഒരു പ്രഭാതത്തില്‍ അകലെനിന്നൊരു വിളി. ഉണര്‍ന്നെങ്കിലും ഉണരാന്‍ മടിച്ച് കിടക്കുകയായിരുന്നു. കിടക്കയ്ക്കരികില്‍ നീണ്ട നിലവിളിയുമായി ഫോണ്‍. ഞാന്‍ അരിശത്തോടെ ഫോണ്‍ കൈയിലെടുത്തു. ഫോണില്‍ മരുഭൂമിയിലെ കൊടുങ്കാറ്റിന്റെ ആരവം. കൊടുങ്കാറ്റിലൂടെ ഒഴുകിയെത്തുന്ന സാദിന്റെ നേര്‍ത്ത ശബ്ദം. പതിവുള്ള ദീര്‍ഘമായ ആചാരവിശേഷങ്ങള്‍ക്കുശേഷം അവന്‍ 
പറഞ്ഞു:
'ഒരു നീണ്ട യാത്രക്കൊരുങ്ങിക്കോളൂ.'
'എങ്ങോട്ടേക്കാ?'
'അതു ഞാന്‍ പറയില്ല....'
'എത്ര ദിവസം?'
'നിനക്ക് മടുപ്പ് തോന്നുന്നതുവരെ....'
'പക്ഷേ, സ്‌കൂള്‍കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പം ഞാനെങ്ങനാ.....?'
'എന്റെ പ്രിയപ്പെട്ട മൊഹന്തിസ്.'* കോണ്‍ക്രീറ്റ് കഴിഞ്ഞിട്ട് യാത്ര നടക്കില്ല. അത് നിന്റെ അസിസ്റ്റന്റിനെ ഏല്പിക്ക്....'
'എന്നാലും....'
സാദിന്റെ നിഘണ്ടുവില്‍ 'എന്നാല്‍' ഇല്ലെന്നെനിക്കറിയാം. അതുകൊണ്ട് എന്നാലില്‍ തുടങ്ങിയ വാചകം ഞാന്‍ മുഴുമിപ്പിച്ചില്ല.
'ഞാനെത്താം. നാളെത്തന്നെ. എല്ലാം പറഞ്ഞേല്പിച്ചിട്ട്....'
'പോരാ. ഇന്നുതന്നെ എത്തണം. ഞാന്‍ യാത്രയ്‌ക്കൊരുങ്ങിയിരിക്കുകയാണ്...'
യാത്രയ്ക്കായി അവന്‍ ധരിച്ച വസ്ത്രം ഊരുകയില്ലെന്ന് എനിക്കറിയാമായിരുന്നു. മരുപ്പച്ചയിലെ വെള്ളക്കിണറുകള്‍ക്കരികില്‍ മാത്രം വിവസ്ത്രനാവുന്ന ഒരു പഴയ ബദുവാണവന്‍. അരമണിക്കൂറിനകം എന്റെ പിക്കപ്പ് വാന്‍ മരുഭൂമി മുറിച്ചുകടന്ന് ഖര്‍ജിലേക്കുള്ള പെരുംപാതയിലെത്തി. മൂന്നു മണിക്കൂറെങ്കിലും ഓടിയാലേ ഞാനവന്റെ അരികില്‍ എത്തൂ. അക്ഷമനായി കൈ പിന്നില്‍ കെട്ടി ശിരോവസ്ത്രത്തിന്റെ തുമ്പ് ചവച്ചുകൊണ്ട് ഗെയിറ്റിനു മുന്നില്‍ ഉലാത്തുകയും നില്ക്കുകയും വീണ്ടും ഉലാത്തുകയും മുറുമുറുക്കുകയും ചെയ്യുന്ന സാദിന്റെ രൂപമോര്‍ത്ത് ഞാനുറക്കെ ചിരിച്ചു. എന്റെ വണ്ടിയുടെ പാര്‍ശ്വഭാഗത്തുകൂടെ കടന്നുപോയ ഒരു പിക്കപ്പിന്റെ ഡ്രൈവര്‍ അതിശയത്തോടെ എന്നെ നോക്കി. ഏതോ ഒരു മജനു* വണ്ടിയോടിക്കുകയാണെന്ന് അവന്‍ കരുതിക്കാണണം. ഇടതുവശത്തെ കീശയുടെ ആഴത്തില്‍നിന്ന് വറുത്ത കുമ്പളക്കുരു തപ്പിയെടുത്ത് ചവച്ചുതുപ്പുന്ന അവന്റെ വെറിയോര്‍ത്തപ്പോള്‍ എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവന്റെ പുറപ്പാടിന്റെ അര്‍ഥമെന്താണെന്ന് ആലോചിക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല. അവന്റെ ഏതോ ഗൃഹാതുരത്വത്തിലേക്കുള്ള യാത്രയാവണം. അല്ലെങ്കില്‍ കുഞ്ഞുഭാഷണങ്ങള്‍ക്കിടയില്‍ ഞാന്‍ പ്രകടിപ്പിച്ച ഏതോ നുള്ള് ആശ സാധിപ്പിച്ചുതരാനായിരിക്കണം. പെരുവഴിയില്‍നിന്ന് അവന്റെ വീട്ടിലേക്കുള്ള ഊടുപാതയിലേക്ക് തിരിഞ്ഞപ്പോള്‍ ദൂരെനിന്ന് എന്റെ വണ്ടിയുടെ നേരെ അവന്‍ ഓടിവരുന്നത് കണ്ടു. അവന്‍ വല്ലാതെ 'എക്‌സൈറ്റഡ്'ആയിരുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. ഓടിവന്ന് വണ്ടിയുടെ വാതിലിന്മേല്‍ രണ്ടു കൈകൊണ്ടും ശക്തമായി പിടിച്ച് അവന്‍ കിതച്ചു. കിതപ്പിനിടയില്‍ അവന്‍ ആചാരവാക്കുകള്‍ പറഞ്ഞുതീര്‍ത്തു. അത്രയും സമയം ലാഭിക്കാമല്ലോ?
'നീ വല്ലാതെ വൈകി....'
'ഇല്ല, നിന്റെ വിളി വന്ന ഉടനെ ഞാന്‍ ചാടിപ്പുറപ്പെട്ടു.'
'ഇല്ല, നീ വണ്ടി പതുക്കെ ഓടിച്ചു. ഒരു മുടന്തന്‍ ഒട്ടകംപോലും ഇതിനേക്കാള്‍ വേഗം എത്തും.'
ഞാന്‍ ചിരിച്ചു. ഇന്നത്തെ അറബിയെപ്പോലെ ഭണ്ഡാരത്തില്‍ ഇത്രയേറെ സമയം വെറുതെ കിടക്കുന്ന മനുഷ്യജാതി അപൂര്‍വം. എങ്കിലും വേഗത്തിനോടുള്ള അവന്റെ ഭ്രമം അപാരം. ഉരുകിത്താഴുന്ന ആകാശവും നിറഞ്ഞുതുളുമ്പുന്ന ചന്ദ്രനും നോക്കി എത്ര മണിക്കൂര്‍ വേണമെങ്കിലും അവന്‍ ചെലവഴിക്കും. ആകാശദൂരങ്ങളില്‍ അലയുന്ന പ്രാപ്പിടിയന്‍ പരുന്തുകളുടെ യാത്രാവഴികള്‍ നോക്കി അവന്‍ മിഴിച്ചിരിക്കും. മരുഭൂമിയിലെ കൊടുങ്കാറ്റുകള്‍ക്ക് കാതോര്‍ത്ത് നിശ്ചലനായി ഒരു ദിവസം മുഴുവനും അവനിരിക്കാന്‍ പറ്റും. ഒരു കാര്‍പെറ്റും അതിലൊരു ഉരുളന്‍ തലയിണയും ഒരു ഹുക്കയുമുണ്ടെങ്കില്‍ അവന്‍ കണ്ണടച്ച് ചാരിക്കിടന്ന് സുരഭിലമായ പുകമോന്തി ഒരു മഞ്ഞുകാലം തീര്‍ക്കും. പക്ഷേ, ഒരിക്കല്‍ ഒട്ടകത്തിനു കോപ്പണിഞ്ഞു കഴിഞ്ഞാല്‍ അവന് പറക്കണം. സ്ഥലവും സമയവും ഒന്നായിത്തീരുന്ന വിശാലതകളിലേക്ക്, അതിര്‍ത്തികളില്ലാത്ത മരുഭൂമിയിലേക്ക്, എന്തിലേക്കാണീ യാത്ര? അറിയില്ല. ആയിരത്താണ്ടുകളായി അവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ യാത്ര അവനെന്നു തുടങ്ങിയതായിരിക്കണം? അറേബ്യന്‍ ലോറന്‍സ് പറയുന്നത് ശരിയാണെങ്കില്‍ അറബിക്കടലിന്റെ തീരത്ത് യെമന്റെ ശാദ്വലഭൂമികളിലായിരിക്കണം ആദിമ അറബി ജനസഞ്ചയം രൂപംകൊണ്ടത്.
മനുഷ്യന്റെ പിറവിയെക്കുറിച്ചുള്ള ഇസ്‌ലാം-ക്രൈസ്തവ വീക്ഷണം ഇതുമായി ചേര്‍ന്നുപോവുന്നു. ആദത്തിനെ ദൈവം സൃഷ്ടിച്ച പഴയ നിയമത്തിലെ ഏദന്‍ യെമാനിനഗരമായ ഏദന്‍തന്നെയാണോ? ഏതായാലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് യെമന്റെ പച്ചപ്പുകളില്‍ മനുഷ്യകുലം പെറ്റുപെരുകി. കൃഷി ചെയ്തും മീന്‍ പിടിച്ചും കാലിമേച്ചും ശാന്തവും സ്വസ്ഥവുമായ കുടുംബജീവിതം അവര്‍ നയിച്ചു. യെമനിലെ ജനസാന്ദ്രത ഏറിയതോടെ ശക്തരായ ഗോത്രവും കുലങ്ങളും ശക്തി കുറഞ്ഞവരെ അറേബ്യന്‍ ഉപവന്‍കരയുടെ പടിഞ്ഞാറുള്ള കുന്നിന്‍1പ്രദേശങ്ങള്‍ക്കും കിഴക്കുള്ള ഉയരം കുറഞ്ഞ കുന്നുകളും2 നിരപ്പായ സ്ഥലങ്ങളും ചരല്‍പ്രദേശങ്ങളും ഇടകലര്‍ന്ന ജനസാന്ദ്രമായ പ്രദേശങ്ങള്‍ക്കും ഇടയിലുള്ള ഇടുക്കിലൂടെ ദാഹിച്ചു വരളുന്ന വിശാലമായ മരുഭൂമിയിലേക്ക് ഓടിച്ചു. എന്നാല്‍, ഈ മരുഭൂമിയുടെ വന്യവിശാലതകളില്‍ മരുപ്പച്ചകള്‍ ഉണ്ടായിരുന്നു. ഒരിടത്തും അവര്‍ക്കു സ്ഥിരമായി താമസിക്കാന്‍ പറ്റുമായിരുന്നില്ല. പുതിയ കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് ശക്തി കുറഞ്ഞവര്‍ക്ക് 'നല്ല വസന്തവും കാഫലമുള്ള ഈത്തപ്പനകളും ഉപേക്ഷിച്ച് ഓടിക്കൊണ്ടേ ഇരിക്കേണ്ടിവന്നു3' 'കുടിയേറ്റത്തിന്റെ സ്‌ത്രോതസ്സ്, നൊമാഡുകളുടെ ഫാക്ടറി, മരുഭൂമിയിലെ അലഞ്ഞുനടക്കുന്ന ജനപ്രവാഹത്തിന്റെ ഉറവ ഇതായിരുന്നു.' ഈ നെട്ടോട്ടം കൃഷിക്കാരന്റെ മണ്ണിനോടുള്ള ഒടുങ്ങാത്ത പ്രണയം ചോര്‍ത്തിക്കളഞ്ഞു. അവന്‍ കാലിമേച്ചും ഒട്ടകം വളര്‍ത്തിയും ജീവിക്കാന്‍ തുടങ്ങി. അറേബ്യന്‍ ഉപവന്‍കരയുടെ വടക്കന്‍ മേഖലയില്‍ സിറിയയിലും ലെബനാനിലും ജോര്‍ദാനിലും കണ്ടുമുട്ടുന്ന ഓരോ ആളിലും ആയിരത്താണ്ടുകളിലൂടെ മരുഭൂമി മുറിച്ചു കടന്നുവന്ന പൂര്‍വപിതാക്കളുടെ ജീനുകള്‍ ഉണ്ടാവും. (അപ്പോള്‍ പഴയ നിയമത്തിലെ പുറപ്പാട് വടക്കുപടിഞ്ഞാറുള്ള ഈജിപ്തില്‍നിന്നാണല്ലോ തുടങ്ങുന്നത്. ഈ രണ്ടു വെളിപാടുകളും തമ്മില്‍ എവിടെയോ ചേരാതെ പോവുന്നു) ഒറ്റപ്പെട്ട കുടുംബങ്ങളും കുലങ്ങളും ഗോത്രങ്ങളും ഇന്നും യെമനില്‍നിന്ന് മരുഭൂമിയുടെ വന്യതകളിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു. പണ്ടതൊരു തിരിച്ചുവരാത്ത യാത്രയായിരുന്നെങ്കില്‍ ഇന്ന് ചിലരൊക്കെ തിരിച്ചും യാത്ര നടത്തുന്നു. അത്തരം ഒരു യാത്രയിലേക്കാണ് ഞാനും സാദിനൊപ്പം ചേരുന്നതെന്ന് യാത്ര പുറപ്പെടുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല. മരുഭൂമിയിലൊരുലാത്തല്‍ എന്നേ നിനച്ചുള്ളൂ.
യെമന്റെ വടക്കുപടിഞ്ഞാറ് ചെങ്കടല്‍തീരത്തെ 'ഹൊദീദ' ദേശത്തുനിന്ന് ഒട്ടകക്കൂട്ടങ്ങളുമായി പുറപ്പെട്ട അഹമ്മദ് 'ദമാറും''സന'യും കടന്ന് നജ്‌റാനിലൂടെ ഖര്‍ജിലെത്തിയിരിക്കുന്നു. 'റബ്അല്‍ഖലി' ചുറ്റിക്കടന്ന് മേച്ചില്‍പ്പുറങ്ങളിലൂടെ, മരുപ്പച്ചകളിലൂടെ അവര്‍ യാത്ര തിരിച്ചിട്ട് അഞ്ചാറു മാസങ്ങള്‍ കഴിഞ്ഞുകാണണം.
ഏറെ ദിവസങ്ങളായി അഹമ്മദും സംഘവും ഖര്‍ജിലെത്തിയിട്ട്. ഖര്‍ജിലെ ഇത്തിരിപ്പോന്ന പുല്‍മേടുകളിലും മുള്‍പ്പരപ്പുകളിലും ആ ഒട്ടകക്കൂട്ടം മേഞ്ഞുനടക്കുന്നത് സാദിനൊരു കണ്ടെത്തലായിരുന്നു. സാദ്, അഹമ്മദുമായി വേഗം ചങ്ങാത്തത്തിലായി. 48 പെണ്ണൊട്ടകങ്ങളും ആറ് ആണ്‍ ഒട്ടകങ്ങളുമാണ് അഹമ്മദിന്റെ ആകെയുള്ള സ്ഥാവരജംഗമസ്വത്തുക്കള്‍. രണ്ടു ടെന്റും നാല് ഊന്നുവടികളും കുറച്ച് ചണക്കയറുകളും ഒരു തുണിക്കെട്ടില്‍ കുത്തിത്തിരുകിയ കുറച്ച് അലുമിനിയപ്പാത്രങ്ങളും അഞ്ചാറ് കമ്പിളികളും ഒരു ഹുക്കയും നാലു വെട്ടുകത്തികളും ഒരു നാടന്‍തോക്കും ഒരു വേട്ടനായയും ഒരു പിക്കാസും കുറച്ച് ഒട്ടകക്കോപ്പുകളും മൂന്നുനാലു ഒട്ടകങ്ങളുടെ പുറത്ത് ഭാണ്ഡങ്ങളിലായി കെട്ടിവെച്ചിരിക്കുന്നു. കുറച്ച് ചോളപ്പൊടിയും ഉപ്പും ചീസും ഭക്ഷണത്തിനായി കരുതിയിരിക്കുന്നു. കൂടാതെ കൊച്ചു
കൊച്ചു ഭാണ്ഡങ്ങളിലായി വിവിധതരം ഈത്തപ്പഴങ്ങളും. വെള്ളംനിറയ്ക്കാനുള്ള പത്ത് തോല്‍സഞ്ചികളെക്കുറിച്ച് ഞാന്‍ പറയാന്‍ വിട്ടുപോയി. അഹമ്മദിന്റെ കൂടെ അവന്റെ നാല് അനിയന്മാരുണ്ട്. അഹമ്മദിന്റെയും സഹോദരന്മാരുടെയും ഭാര്യമാരും കൊച്ചുകിടാങ്ങളും അവരെ കാത്ത് ഹൊദീദയില്‍ കഴിയും.
സാദിന്റെ ഈത്തപ്പഴത്തോട്ടത്തിന്റെ അരികിലുള്ള പുല്‍മേട്ടില്‍ അവര്‍ തമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഈ പുല്‍മേടും സാദിന്റെതന്നെ. ഇങ്ങനെ തമ്പുകള്‍ സ്ഥാപിക്കാന്‍ ആര്‍ക്കും ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. ഈ നാടോടിസംഘങ്ങള്‍ ആരുടേയും അനുവാദത്തിനായി കാത്തുനില്ക്കാറുമില്ല. ഈ ഭൂമിയും സ്വമേധയാ ഉണ്ടാവുന്ന വിഭവങ്ങളും എല്ലാവരു
ടെയും പൊതുസ്വത്താണ്. ഈ വായു, കാറ്റ്, സൂര്യവെളിച്ചം, മഴ-ഇതൊക്കെ ഉപഭോഗം ചെയ്യാന്‍ ആരുടെയെങ്കിലും അനുവാദം ആവശ്യമുണ്ടോ?
ഞാനും സാദും സാദിന്റെ ഈത്തപ്പഴത്തോട്ടത്തിനിടയിലൂടെ അഹമ്മ
ദിന്റെ തമ്പിലേക്ക് നടക്കുകയായിരുന്നു. ഈത്തപ്പനകള്‍ പൂത്ത കാലമായിരുന്നു അത്. പണിക്കാര്‍ ആണ്‍പനകളില്‍നിന്ന് വെട്ടിയെടുത്ത പൂമ്പൊടി 
നിറഞ്ഞ നീണ്ട ഉരുണ്ട കാണ്ഡങ്ങള്‍ പെണ്‍പനകളുടെ* പൂങ്കുലകള്‍ക്കിടയില്‍ തിരുകിവെച്ചുകൊണ്ടിരുന്നു. തൊട്ടടുത്തുള്ള മാതളത്തോപ്പില്‍നിന്നും സുഗന്ധം പ്രസരിച്ചുകൊണ്ടിരുന്നു. വസന്തം അവനെ വാചാലനാക്കി. വാക്കുകളില്‍ സുഗന്ധം നിറഞ്ഞു. ചെടികളെപ്പോലെ മനുഷ്യരുടെ സൗഹൃദവും വസന്തത്തില്‍ പൂക്കുമെന്നെനിക്കു തോന്നി.
മരുഭൂമിയിലെ കിണറുകളെക്കുറിച്ച് അപ്പോഴാണ് സാദ് പറഞ്ഞത്. ഓരോ കിണറിനും ഉടമസ്ഥരുണ്ട്. പക്ഷേ, ആ കിണറുകള്‍ ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാം. വെള്ളം കുടിക്കാം. കുളിക്കാം. ഒട്ടകങ്ങളെ കുടിപ്പിക്കാം, തോല്‍സഞ്ചികളില്‍ വഴിയാത്രയ്ക്കായി വെള്ളം ശേഖരിക്കാം. മലിനമാക്കാനോ നശിപ്പിക്കാനോ പാടില്ല. തങ്ങളുടെ സംഘത്തിനു മാത്രമായി വേര്‍തിരിച്ചിടാനും പാടില്ല. കുടിവെള്ളം നിഷേധിക്കുന്ന വാര്‍ത്തകള്‍ മരുഭൂമിയിലുണ്ടാവില്ല. 
കുടിവെള്ളം നല്കിയതിന് ആരും നന്ദി പറയാറുമില്ല. തോപ്പുകള്‍ കടന്ന് ഞങ്ങള്‍ തമ്പിനടുത്തെത്തി.
തമ്പിന്റെ വെളിയാട പകുതി ഉയര്‍ത്തിവെച്ചിരുന്നു. അഹമ്മദ് ചാരനിറത്തിലുള്ള ഒരു ഒട്ടകരോമപ്പരവതാനിയില്‍ ഇരുന്ന് ഹുക്ക വലിക്കുകയാണ്. അവന്റെ മുന്‍പില്‍ ഒരു കൊച്ചു താലത്തില്‍ ചെറിയ സ്ഫടികക്കപ്പുകളും ഒരു കൊച്ച് അറേബ്യന്‍ ഖാവപാത്രവും. ഒരു ചെറിയ മൊന്തയുടെ രൂപമാണിതിനുള്ളത്. മുകളറ്റത്ത് പക്ഷിച്ചുണ്ടുപോലെ വളഞ്ഞു കൂര്‍ത്ത വായ. കിരീടംപോലെയുള്ള മൂടി. കൂടാരത്തിന് പുറത്തു ഞങ്ങളുടെ പാദപതനം കേട്ടപ്പോള്‍ അഹമ്മദ് സ്വാഗതോക്തികള്‍ ഒരു മന്ത്രംപോലെ ഉരുവിടാന്‍ തുടങ്ങി. വെളിയാട നീക്കി ഞങ്ങള്‍ അകത്തുകടന്നപ്പോള്‍ അവന്‍ ഉപചാരപൂര്‍വം ഒന്നു പതുക്കെ പൊങ്ങി.
'ഫദ്ദല്‍... ഫദ്ദല്‍'*
ഞങ്ങള്‍ ഇരിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് അവന്‍ എഴുന്നേറ്റുനിന്നു. പിന്നെ മുന്നോട്ടുവന്നു സാദിനെ ആശ്ലേഷിച്ചു. എന്നിട്ടു രണ്ടു കവിളുകളിലും മാറിമാറി ഒരുപാട് നേരം ചുംബിച്ചു. അടുത്ത ഊഴം എന്റേതായിരുന്നു.
അവന്റെ ശരീരത്തിന് ഒരു ഒട്ടകത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഒട്ടക
ത്തിന്റെ മണമെനിക്കറിയില്ല. എന്നാലും വിയര്‍പ്പിന്റെ തീക്ഷ്ണമായ അമ്ലഗന്ധം ഒട്ടകത്തിന്റേതാവാനേ വഴിയുള്ളൂ. അവന്റെ ഒട്ടകത്തിന് ജീവിതത്തിന്റെ ഗന്ധമാണുള്ളതെന്ന് പിന്നീട് ഞാനറിഞ്ഞു. അവന്റെ ഊഷ്മളമായ സ്‌നേഹത്തില്‍പ്പോലും ഞാനൊന്ന് ഉള്ളോട്ടു വലിഞ്ഞോ? കുറ്റബോധത്തോടെ മലയാളിയുടെ വികര്‍ഷണം ഞാന്‍ തിരിച്ചറിയുന്നു. ശരീരങ്ങളുടെ സ്പര്‍ശനം മലയാളിക്കിഷ്ടമില്ല. വാക്കുകളിലെ സ്‌നേഹമാണ് മലയാളിക്കു പഥ്യം. ഞാന്‍ കണ്ട മറ്റെല്ലാവരും സ്പര്‍ശനത്തിലൂടെ സ്‌നേഹിക്കാന്‍ കൊതിക്കുന്നവരാണ്. മലയാളിയുടെ അസ്പൃശ്യത അവന്റെ അഹന്തയുടെ ഉത്പന്നമായിരിക്കണം. മലയാളിയൊഴിച്ച് ലോകത്തിലെ മറ്റെല്ലാവരും വൃത്തിഹീനരാണെന്ന് അവന്‍ കരുതുന്നു. എന്റെ കാലത്തെ യുവതീയുവാക്കള്‍ പത്തടി അകന്നുനിന്ന് പ്രണയിക്കുന്നവരായിരുന്നു. ഇന്നതല്ലെന്ന് എനിക്കറിയാം. പരസ്പരം കൈകോര്‍ക്കാനും ശരീരങ്ങള്‍ അടുപ്പിച്ചുപിടിക്കാനും അവര്‍ക്കു കഴിയുന്നുണ്ട്.
ഖര്‍ജിലെ ആ വസന്തകാലം. ഒട്ടകം പോറ്റുന്നവരുടെ തമ്പില്‍ ഞങ്ങള്‍ ഇരിക്കുന്നു. അവിടെനിന്നൊരു നിമിഷം മനസ്സ് കറങ്ങിത്തിരിഞ്ഞ് കേരളത്തിലെത്തിപ്പോയി. വചനവും സ്പര്‍ശനവും ആശ്ലേഷവും എല്ലാം നിറഞ്ഞതാണ് സ്‌നേഹമെന്ന് പറയാന്‍വേണ്ടി മാത്രമാണിത്.
സാദും അഹമ്മദും വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ 
എനിക്കു കാര്യം പിടികിട്ടി. കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നതിന്റെ തുടര്‍ച്ചയാണിന്നത്തേതെന്ന്. മാത്രമല്ല, അഹമ്മദ് നേരം പുലരുമ്പോള്‍ അടുത്ത താവളം തേടിപ്പോവുമെന്നും അതുകൊണ്ടാണ് സാദ് 
ഇത്ര ബന്ധപ്പെട്ടെന്നെ ക്ഷണിച്ചുവരുത്തിയതെന്നും. ഒരു പക്ഷേ, ഇത്തരമൊരു മനുഷ്യനെ പിന്നീടൊരിക്കലും എനിക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലോ. മാത്രമല്ല, നാലഞ്ചുനാളുകള്‍ അവരുടെ യാത്രകളിലേക്ക് യാത്രയാവാന്‍ കഴിയുന്നത് ഒരു മഹാഭാഗ്യമായി സാദ് കരുതി. അതിന് ഞാനും അവന്റെ ഒപ്പം വേണം.
തമ്പിന്റെ വാതിലിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. കാനല്‍ജലത്തി
നപ്പുറത്ത് ഒട്ടകക്കൂട്ടത്തിന്റെ ഇരുണ്ടനിഴലുകള്‍. മഞ്ഞുനീരാവി മൂടിയ ഒരു കണ്ണാടിയില്‍കൂടെ നോക്കിയാല്‍ കാണുന്നതുപോലെ. കാനല്‍ജലത്തിന്റെ ഒഴുക്കെന്ന പ്രച്ഛന്നതയില്‍ ഒട്ടകങ്ങളുടെ നീണ്ട കാലുകള്‍ ജലത്തില്‍ പ്രതിബിംബിക്കുന്ന കൊറ്റികളുടെ കാലുകള്‍പോലെ വളഞ്ഞുപുളഞ്ഞിരിക്കുന്നു. ഒട്ടകങ്ങളെ നോക്കുന്നത് കണ്ടിട്ടാവണം അഹമ്മദ് തലയുയര്‍ത്തി പുഞ്ചിരിയോടെ പറയാന്‍ തുടങ്ങി. അവന്‍ ഇടത്തേ കൈ ഉയര്‍ത്തിപ്പിടിച്ച് ഒരു വിരല്‍ മടക്കി. പിന്നെ രണ്ടു കൈകളും ഉയര്‍ത്തിപ്പിടിച്ച് രണ്ടു വിരല്‍ മടക്കി. നാലും എട്ടും.
'നാല്പത്തിയെട്ട്?'
ഞാന്‍ ചോദ്യപൂര്‍വം സാദിന്റെ നേരെ നോക്കി. സാദ് പറഞ്ഞതില്‍നിന്ന് ആറെണ്ണം കുറവാണല്ലോ എന്ന അര്‍ഥത്തില്‍. എന്റെ സംശയം സാദിന് പിടികിട്ടി. 
'ആണ്‍ ഒട്ടകങ്ങളെ എണ്ണത്തില്‍ കൂട്ടാറില്ല. ഒട്ടകസമ്പത്തില്‍ പെണ്ണിനേ സ്ഥാനമുള്ളൂ...'
അഹമ്മദ് ചിരിച്ചു തലകുലുക്കി.
'അവറ്റയെ ഒന്നിനും കൊള്ളില്ല. മടിയന്മാരാണിവര്‍.'
അഞ്ചെട്ടു പെണ്‍ ഒട്ടകങ്ങള്‍ക്ക് ഒരു ആണ്‍ ഒട്ടകം എന്നതാണ് കണക്ക്. ഇണചേരല്‍ മാത്രമാണ് അവരുടെ ജോലി. അവന്‍ ഉഷാറാവുന്ന ഒരേ ഒരു സന്ദര്‍ഭം ഇതുമാത്രം. അപ്പോഴവന് വീറും വാശിയുമൊക്കെ ഉണ്ടാവും. ഭാരം ചുമക്കേണ്ടിവന്നാല്‍ അവന്‍ മടിപിടിച്ച് കിടന്നുകളയും.
ഇടയ്ക്കിടെ 'ഖാവ' മോന്തിയും അഹമ്മദ് നീട്ടിയ ഹുക്കയുടെ കുഴലിലൂടെ സുഗന്ധം നിറഞ്ഞ പുകയിലപ്പുക വലിച്ചൂതിയും ഈത്തപ്പഴം തിന്നും ഒട്ടകക്കഥകള്‍ കേട്ട് അന്തിയാവുന്നതുവരെ ഞങ്ങളിവിടെ ഇരുന്നു.
സാദും അഹമ്മദും നാളത്തെ യാത്രകള്‍ക്കുവേണ്ട ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഒട്ടകപ്പുറത്തുള്ള നീണ്ട സവാരിയെക്കുറിച്ചുള്ള വേവലാതിയിലായിരുന്നു ഞാന്‍. സാദ് ഒട്ടകപ്പുറത്ത് ഇതുവരെ നീണ്ട സവാരി നടത്തിയിട്ടില്ലെങ്കിലും അവന്‍ അറബിയാണ്. അതവന് വേഗം പഠിക്കാന്‍ 
കഴിയും. ഒരു കഴുതപ്പുറത്തുപോലും കയറാത്ത എന്റെ സ്ഥിതി അതല്ലല്ലോ? എങ്കിലും എന്റെ കന്നി ഒട്ടകസവാരിക്ക് തയ്യാറാവാതെ വയ്യ.
സംസാരിക്കുന്നതിനിടയില്‍ എന്റെ വസ്ത്രങ്ങളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അഹമ്മദ് പറഞ്ഞു:
'ഈ വേഷം പറ്റില്ല. കുറച്ചുദിവസത്തേക്ക് തനി അറബിയാവണം. കത്തുന്ന വെയിലില്‍ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കണമെങ്കില്‍ ആ വേഷംതന്നെ വേണം.'
തമ്പിന്റെ വെളിയാട വകഞ്ഞുമാറ്റി ഞാനും സാദും പുറത്തുകടന്നു. അകലെനിന്ന് തമ്പിനെ ലക്ഷ്യംവെച്ച് ഒട്ടകക്കൂട്ടങ്ങള്‍ പൊടിപറത്തി ഓടിവരുന്നുണ്ടായിരുന്നു. ഒട്ടകങ്ങളുടെ മുന്‍പിലായി കുതിച്ചുപാഞ്ഞു വന്ന വേട്ടനായ ഞങ്ങള്‍ക്കു ചുറ്റും മൂന്നുനാലു തവണ വട്ടം കറങ്ങി ഒട്ടകക്കൂട്ടത്തിനരികിലേക്ക് തിരിച്ചോടിപ്പോയി. ഏറ്റവും പിന്നിലായി ഏറ്റവും ഉയരം കൂടിയ മൂന്ന് ഒട്ടകങ്ങളുടെ മുതുകുകളില്‍ ആകാശത്തേക്ക് കൈയുയര്‍ത്തി വീശി ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അഹമ്മദിന്റെ മൂന്നു സഹോദരന്‍മാര്‍ ഇരിക്കുന്നു.
ആഹ്ലാദത്തോടെ ഞങ്ങളും കൈയുയര്‍ത്തി വീശി. സാദ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
'നാളെക്കാണാം.... നാളെ...'
ഒട്ടകങ്ങളുടെ ബഹളത്തിനിടയില്‍ അതവര്‍ കേട്ടിരിക്കാന്‍ ഇടയില്ല. പക്ഷേ, അവര്‍ക്കെല്ലാം മനസ്സിലായിക്കാണണം.
അന്നു രാത്രി അത്താഴം കഴിച്ച് സാദിന്റെ ഇരിപ്പുമുറിയിലെ തടിച്ച പരവതാനിയില്‍ത്തന്നെ കിടന്ന് ഞാനുറങ്ങി. രാത്രിയിലൊരിക്കല്‍ കണ്ണു തുറന്നപ്പോള്‍ സാദ് എന്നെ ഒരു കമ്പിളികൊണ്ട് പുതപ്പിക്കുന്നത് ഞാനറിഞ്ഞു. ഞാനുണരാതിരിക്കാന്‍ അവന്‍ ശ്രദ്ധിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു. കമ്പിളിയുടെ ഊഷ്മളത എന്റെ ഉറക്കത്തെ വാത്സല്യപൂര്‍വം പൊതിയുന്നതുപോലെ എനിക്കു തോന്നി. പുലരുംവരെ ഒന്നുമറിയാതെ ഞാനുറങ്ങി.
അതിനുശേഷം ഞാനും സാദുമൊത്ത് നടത്തിയ ഒരുപാട് ഒട്ടകസവാരിയുടെ വിത്ത് ഈ യാത്രയിലായിരിക്കണം വിളഞ്ഞു പാകമായത്.

**** 

pravasiyude kurippukal
 പുസ്തകം വാങ്ങാം 


ഒരു യാത്രയുടെ അവസാനം

ജോര്‍ജിന്റെ ഭാര്യ പ്രസവിച്ചിരിക്കണം. അതെന്തായാലും സുഖപ്രസവമായിരുന്നിരിക്കണം. അവനായാലും അവളായാലും ഇപ്പോള്‍ ഇരുപതു വയസ്സ് കഴിഞ്ഞുകാണും. ദമാമിലാണോ കേരളത്തിലാണോ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ അമേരിക്കയിലായിരിക്കും. അമേരിക്ക ജോര്‍ജിന്റെ സ്വപ്‌നമായിരുന്നു.... അവിടെ കുടിയേറാനുള്ള ശ്രമങ്ങളില്‍ അയാള്‍ മുഴുകിയിരുന്നു
ജോര്‍ജ് എന്റെ സുഹൃത്തായിരുന്നു. അങ്ങനെ പറയാമോ എന്നെനിക്കറിയില്ല. പണത്തിന് ഞെരുക്കം വരുമ്പോള്‍ ഞാന്‍ ജോര്‍ജിനെയാണ് കാണാറ്, കടം വാങ്ങാന്‍. ജോര്‍ജ് മടികൂടാതെ കാശ് തരും. കാലാവധി ഒരു മാസം മാത്രം. പലിശ വാങ്ങുന്ന തുകയുടെ അത്രതന്നെ വരും. അതായത് 1000 റിയാല്‍ വാങ്ങിയാല്‍ 2000 തിരിച്ചുകൊടുക്കണം. പക്ഷേ, കടം വാങ്ങാന്‍ പോവുന്ന അന്നും തിരിച്ചുകൊടുക്കാന്‍ ചെല്ലുന്ന അന്നും സുഭിക്ഷമായി ഭക്ഷണം കിട്ടും. ജോര്‍ജിന്റെ സുന്ദരിയായ ഭാര്യ മോളി പാചകം ചെയ്ത രുചികരമായ ഭക്ഷണം. ഗൃഹത്തിലെ സ്‌നേഹോദാരതയും ജോര്‍ജിന്റെ പണക്കച്ചവടവും തമ്മില്‍ എവിടെയോ 
പൊരുത്തമില്ല. ഈ കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറവും ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നിരിക്കണം. വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ ജോര്‍ജ് ആഹ്ലാദപൂര്‍വം എന്നെ വീട്ടിലേക്ക് ക്ഷണിക്കും. ജോര്‍ജിനും ഭാര്യയ്ക്കും കഥകളും കവിതകളും ഇഷ്ടമായിരുന്നു. എനിക്ക് രുചികരമായ ഭക്ഷണവും. ഈ ആദാനപ്രദാനങ്ങളിലൂടെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നുവന്നു.
ജോര്‍ജിന്റെ ഭാര്യ ഗര്‍ഭിണിയായി. അന്നും വെച്ചുവിളമ്പലുകള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ മെനുവില്‍ മോളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഏറെ ഇടംകിട്ടി. എല്ല് ഏറെയുള്ള ഇറച്ചിയാണ് മോളിക്കിഷ്ടം. അതുകൊണ്ട് ഒരുപാട് എല്ലുകളുമായി എനിക്ക് മല്ലിടേണ്ടിവന്നു. 
ജോര്‍ജിന്റെ ഭാര്യ പൂര്‍ണഗര്‍ഭിണിയായി. ആയിടയ്ക്ക് ഞാന്‍ നാട്ടിലേക്കൊരു യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. ഒരു ദിവസം രാവിലെ ജോര്‍ജ് എന്നെ കാണാനെത്തി. ഞാന്‍ പോവുമ്പോള്‍ മോളിയെക്കൂടി കൊണ്ടുപോവണം. ബോംബെ എയര്‍പോര്‍ട്ടില്‍ മോളിയുടെ ബന്ധുക്കള്‍ കാത്തുനില്ക്കും. അവരുടെ കൈയില്‍ ഭദ്രമായി ഏല്പിക്കണം. അതുകൊണ്ട് ഒന്നിച്ചുപോവാന്‍ സീറ്റുകള്‍ ഒന്നിച്ചു ബുക്കുചെയ്യാം. ഞാന്‍ സമ്മതിച്ചു. എന്റെ ടിക്കറ്റിന്റെ കാശും കൊടുത്തു. മോളിയെ കൂടെ കൂട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം, ഒരുപാടുനാള്‍ എനിക്ക് ഭക്ഷണം തന്ന അന്നപൂര്‍ണേശ്വരിയാണവള്‍.
ഒരു രഹസ്യംകൂടി പറയാം. എനിക്ക് ഗര്‍ഭിണികളെ പെരുത്ത് കാര്യമാണ്. സ്ത്രീ ഏറ്റവും സുന്ദരിയും ഗംഭീരയുമാവുന്നത് ഗര്‍ഭാവസ്ഥയിലാണെ
ന്നാണ് എനിക്കു തോന്നുന്നത്. അവളുടെ കണ്ണുകളിലും മുഖത്തും ജീവന്റെ ജ്വാല തെളിഞ്ഞുകത്തുന്നു. നതാംഗി തലയുയര്‍ത്തിപ്പിടിച്ച് ഈ ലോകത്തിന്റെ മുഖത്തേക്ക് അവകാശത്തോടെ നോക്കുന്നവളാകുന്നു. അവള്‍ക്ക് എല്ലായിടത്തുനിന്നും സ്‌നേഹവും വാത്സല്യവും കൂടുതല്‍ കിട്ടുന്നു. അവള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. മോളിയെപ്പോലൊരു സുന്ദരി ഗര്‍ഭിണിയാവുമ്പോള്‍ അവളുടെ സൗന്ദര്യം ഇരട്ടിക്കും, തീര്‍ച്ച.
പണ്ടൊരിക്കല്‍ ഒരു അഫ്ഗാനിപ്പെണ്ണ് അവള്‍ കൊല്ലംതോറും പെറ്റുകൂട്ടുന്നത് ഭര്‍ത്താവില്‍നിന്ന് കൂടുതല്‍ സ്‌നേഹവും പരിചരണവും കിട്ടാനാണെന്ന് പറഞ്ഞതോര്‍ക്കുന്നു. എന്റെ പെണ്ണെഴുത്ത് സുഹൃത്തുക്കള്‍ കോപിക്കരുത്. ഞാനൊരു സ്ത്രീ പറഞ്ഞ കാര്യം എഴുതിയെന്നു മാത്രം.
ഭാര്യയെ യാത്രയയയ്ക്കാന്‍ ജോര്‍ജ് എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. ജോര്‍ജിനൊപ്പം വന്ന ബാഗേജ് ആണ് എന്നെ അങ്കലാപ്പിലാക്കിയത്. മൂന്നുനാല് കൂറ്റന്‍ പെട്ടികള്‍. എല്ലാംകൂടി 200 കിലോഗ്രാമിലധികം വരും. ഇതൊക്കെക്കൂടി കസ്റ്റംസിലൂടെ കടത്തിക്കൊണ്ടുവരണമെങ്കില്‍ നല്ല മെയ്‌വഴക്കവും മനസ്സിന് സാമാന്യത്തിലധികം കട്ടിയും വഴുവഴുപ്പും വഴക്കവും ഒക്കെ വേണ്ടിവരും. ഒരു മാടിനെപ്പോലെ ഞാനിതൊക്കെ പേറേണ്ടിവരും. ഞാന്‍ പലിശയും പണവുമൊക്കെ കൃത്യമായി ജോര്‍ജിന് കൊടുത്തിട്ടുണ്ടല്ലോ എന്നും ഓര്‍ത്തു. എന്റെ കൈയില്‍ ഒരു ചെറിയ ബ്രീഫ്‌കെയ്‌സേ ഉള്ളൂ. എന്തിന് സാധനങ്ങള്‍ കെട്ടിക്കൊണ്ടുവന്ന് ബന്ധുക്കളുടെ പരിഭവം കേള്‍ക്കണം?
യാത്രയില്‍ കൂടെ ഒരു ഗര്‍ഭിണിയുള്ളതുകൊണ്ട് ഞാന്‍ തികച്ചും വിജിലന്റായിരുന്നു. യാത്രയില്‍ ഉടനീളം ഞാന്‍ സിഗരറ്റ് വലിച്ചില്ല. യാത്രയില്‍ നിശ്ശബ്ദനായി സ്വപ്‌നം കണ്ടുകൊണ്ടിരിക്കാറുള്ള ഞാന്‍ മോളിയെ 
സന്തോഷിപ്പിക്കാന്‍ സംസാരിച്ചുകൊണ്ടിരുന്നു. എന്നെ സന്തോഷിപ്പിക്കാന്‍ മോളിയും ശ്രദ്ധിച്ചിരുന്നു. എന്നെ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിക്കുകകൂടി ചെയ്തു.
ബോംബെയിലെത്തി. കസ്റ്റംസില്‍ ഒരു ചുമട്ടുതൊഴിലാളിയുടെ ജോലിയായിരുന്നു എനിക്ക്. സാധാരണമട്ടില്‍ ഗ്രീന്‍ചാനലിലൂടെ പത്തു മിനുട്ടുകൊണ്ട് കടന്നുപോവാന്‍ കഴിയുന്ന ഞാന്‍ നാലര മണിക്കൂര്‍ അതിനുള്ളില്‍ തങ്ങേണ്ടിവന്നു.

ഈ നാലര മണിക്കൂര്‍ ഒരു ക്ഷീണവും കൂടാതെ മോളി ഉദ്യോഗസ്ഥരുമായി വായിട്ടലച്ചു. കേടുപാടുകള്‍ കൂടാതെ കസ്റ്റംസില്‍ രക്ഷപ്പെട്ടത് മോളിയുടെ സാമര്‍ഥ്യംകൊണ്ടാണ്.
കസ്റ്റംസില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മോളിയുടെ ബന്ധുക്കള്‍ പുറത്തുകാത്തുനിന്നിരുന്നു. ഞാന്‍ ആയാസപ്പെട്ട് താങ്ങിക്കൊണ്ടുവന്നിരുന്ന പെട്ടികള്‍ അവര്‍ പിടിച്ചുപറിക്കുന്നതുപോലെയാണു വാങ്ങിയത്. ഈ ബഹളത്തിനിടയില്‍ മോളി അവര്‍ക്കെന്നെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുകൂടി ആരുമൊന്നും ചോദിക്കുന്നത് കേട്ടില്ല.
കാറെത്തി, സാധനങ്ങളെല്ലാം വലിച്ചുവാരിക്കയറ്റി അവര്‍ സ്ഥലം വിട്ടു. എന്നോട് ആരും ഒന്നും പറഞ്ഞില്ല. ഒന്നു ചിരിക്കുകപോലും ചെയ്തില്ല. ഒരു അധിനിവേശനഗരത്തില്‍നിന്ന് ബദ്ധപ്പെട്ട് ഓടി രക്ഷപ്പെടുന്നതുപോലിരുന്നു ആ കാഴ്ച. മോളി മാത്രം എന്നെ തിരിഞ്ഞുനോക്കി യാത്ര പറയാന്‍ ശ്രമിച്ചതായി എനിക്കു തോന്നി.

എയര്‍പോര്‍ട്ടില്‍ ഞാനൊറ്റപ്പെട്ടു. സത്യത്തില്‍ ആ ഒറ്റപ്പെടല്‍ മാത്രമാണ് ഞാനെന്നും പ്രതീക്ഷിച്ചിരുന്നത്.

(  മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)