നവജാതശിശുക്കള്‍ക്ക് ആദ്യം നല്‍കേണ്ട പ്രതിരോധമരുന്ന് എന്താണ്? ആലോചിച്ച് തലപുണ്ണാക്കേണ്ട. അത് പ്രകൃതിദത്തമാണ്, മുലപ്പാല്‍. പിറന്നുവീണ് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നത് ഉറപ്പുവരുത്തണമെന്ന് ശിശുരോഗവിഗഗ്ധരും യുണിസെഫ്, ഡബ്ല്യു.എച്ച്.ഒ. തുടങ്ങിയ സംഘടനകളും പറയുന്നു. ഒരു മണിക്കൂറിനുള്ളിലെ മുലപ്പാല്‍ നവജാതശിശുക്കളിലെ മരണം 41 ശതമാനം തടയാമെന്ന് പീഡിയാട്രിക്‌സ് ജേണലില്‍ (2006) വന്ന പഠനം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നും ഒട്ടേറെ സമാനമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പത്തുവര്‍ഷം മുന്‍പുതന്നെ ലോകാരോഗ്യസംഘടന ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ സജീവമായ പ്രചാരണമായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ആസ്​പത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളായി മാറുകയും പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും മാറ്റിക്കിടത്തുകയും ചെയ്യുന്ന പുതിയകാലത്ത് ആദ്യമണിക്കൂറില്‍ ലഭിക്കേണ്ട ഈ പ്രതിരോധമരുന്ന് കുഞ്ഞിന് ലഭിക്കാതെ പോകുന്നു.

ഇന്ത്യയിലെ ശിശുമരണങ്ങളില്‍ 50 ശതമാനവും നടക്കുന്നത് പോഷകാഹാരക്കുറവുകൊണ്ടാണ്. ഈ മരണങ്ങളില്‍ പകുതിയും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് സംഭവിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ നന്നേ ചെറിയ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള മാര്‍ഗം മുലയൂട്ടലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസവാനന്തരം അമ്മയുടെ മുലപ്പാലായി വരുന്നത് മഞ്ഞനിറത്തിലുള്ള പശിമയുള്ള ദ്രാവകമാണ്. ഇതിനെ കൊളസ്ട്രം എന്നുപറയുന്നു. ഇത് രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികള്‍കൊണ്ടും അവശ്യപോഷകങ്ങള്‍കൊണ്ടും സമൃദ്ധമാണ്. ഇതേക്കുറിച്ചുള്ള അജ്ഞതകൊണ്ട് ആദ്യകാലത്ത് ഇത് കുട്ടിക്ക് കൊടുക്കാതെ പിഴിഞ്ഞ് കളയുന്ന പതിവുപോലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടെങ്കിലും പ്രായോഗികമായ വൈഷമ്യങ്ങള്‍പറഞ്ഞ് കൊടുക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നവര്‍ ഏറെയുണ്ട്.

ജനിച്ചയുടന്‍ അമ്മയുടെ മാറത്തുചേര്‍ത്തുവെച്ച് മുലപ്പാല്‍ കൊടുക്കുന്നതിന് വേറെയും ഗുണങ്ങളുണ്ട്. ഗര്‍ഭപാത്രത്തില്‍നിന്ന് മാറിയ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞുങ്ങള്‍ക്ക് അത് ചൂടുപകരും. അവരുടെ ഹൃദയമിടിപ്പ്, ശ്വാസമെടുപ്പ് തുടങ്ങിയവ ക്രമീകരിക്കാനും ഇത് സഹായിക്കും.

ആദ്യത്തെ ആറുമാസം മുലപ്പാല്‍മാത്രമേ നല്‍കാവൂയെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. ഇത് വയറിളക്കമരണങ്ങളും ന്യൂമോണിയബാധയും തടയാന്‍ സഹായിക്കും. കൂടാതെ, കുട്ടിക്ക് പിന്നീട് അമിതവണ്ണം വരാനുള്ള സാധ്യതയും ഇതുവഴി ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മുലപ്പാല്‍മാത്രം ആറുമാസം നല്‍കുകയും പിന്നീട് കുറച്ചുകാലംകൂടി തുടരുകയും ചെയ്യുന്നത് കുട്ടികള്‍ക്ക് ഉയര്‍ന്ന ഐ.ക്യൂ. ഉണ്ടാകാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കുട്ടികള്‍ക്ക് അറുമാസത്തിനകം കൃത്രമപാല്‍പ്പൊടി നല്‍കുന്നവര്‍ ഒരുകാര്യം അറിയുന്നില്ല, കുഞ്ഞിന്റെ ശരീരം അറിഞ്ഞ് അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാലിന് പകരംവെയ്ക്കാന്‍ ഫാക്ടറിയിലുണ്ടാക്കുന്ന വസ്തുക്കള്‍ക്കാവില്ല. കൂടാതെ, ഒന്നിലധികം കുട്ടികളുണ്ടായാലും അവര്‍ക്കാവശ്യമായ പാല്‍ അമ്മയുടെ ശരീരത്തിലുണ്ടാകും. തുടക്കത്തില്‍ കുറയുന്ന സന്ദര്‍ഭങ്ങളിലും തുടര്‍ന്നും മുലയൂട്ടുന്ന അമ്മമാരില്‍ ക്രമേണ പാലിന്റെ അളവ് കൂടും.

മുലയൂട്ടലിന്റെ ഗുണവശങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട് അവയില്‍ കണ്ടെത്തിയ പ്രധാന വസ്തുതകളിലൊന്ന് മുലകുടിച്ച് വളര്‍ന്ന കുട്ടികളില്‍ പിന്നീടും പ്രതിരോധശേഷി ശക്തമായിരിക്കുമെന്നതാണ്. നവജാതശിശുക്കളില്‍ കാണുന്ന മരണം (സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം) മുലപ്പാല്‍മാത്രം കുടിക്കുന്ന, ആദ്യമണിക്കൂറില്‍ മുലപ്പാല്‍ലഭിച്ച കുട്ടികളില്‍ തീരെ കുറവാണെന്നും തെളിഞ്ഞു. അമിതഭാരം, എക്‌സിമ, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങളും ഇത്തരക്കാരില്‍ കുറവായിരിക്കും.

ഇനി മുലയൂട്ടുന്ന അമ്മമാരില്‍ സ്താനാര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, പ്രമേഹം, അമിതവണ്ണം, പ്രസവാനന്തരമുള്ള വിഷാദം ഇവ കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തില്‍ ആറുമാസം മുലപ്പാല്‍മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം 53.3 ശതമനം മാത്രമാണെന്ന് ഒരു സര്‍വേ സൂചിപ്പിക്കുന്നു. നാലുമാസത്തിനുശേഷം കുട്ടിക്ക് അധികപോഷണം ആവശ്യമെന്നുകരുതി കൃത്രിമഭക്ഷണം കൊടുക്കുന്നവരാണ് അധികവും. ഇത് ശരിയല്ലെന്നതാണ് വിദഗ്ധമതം. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ശിശുരോഗവിദഗ്ധന്റെ മറിച്ചുള്ള നിര്‍ദേശമില്ലെങ്കില്‍ ആറുമാസത്തിനിടെ വേനല്‍ക്കാലത്തുപോലും കുഞ്ഞിന് മുലപ്പാല്‍മാത്രം മതിയാകും.