കേരളം കാണാനെത്തിയതാണ് ലണ്ടന്‍ സ്വദേശികളായ സൂസെനും ഹില്‍ബെര്‍ട്ടും. രണ്ടുപേരും മധ്യവയസ്‌കര്‍. ദമ്പതികള്‍. കുമരകത്ത് ഹൗസിംഗ് ബോട്ടില്‍ കായല്‍ഭംഗി നുകരുമ്പോഴാണ് ആയുര്‍വേദ മസാജിനെപ്പറ്റി അറിയുന്നത്. ഉടനെ ഇരുവരും ഒരു രസത്തിന് ആയുര്‍വേദ മസാജിംഗിന് വിധേയരായി. ബോട്ടുടമതന്നെയാണ് സൗകര്യമൊരുക്കിയത്.

പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹില്‍ബെര്‍ട്ടിന് കടുത്ത പുറം വേദന. മുമ്പൊരിക്കലും അങ്ങനെ ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കു വിധേയമായപ്പോള്‍ ശരീരത്തിന് ചതവുണ്ടെന്ന് അറിഞ്ഞു. നീര്‍ക്കെട്ടും. മസാജിംഗ് പിഴച്ചതാണ് സംഭവം.

ആയുര്‍വേദം ഉത്തമ ചികിത്സാരീതി

ആയുര്‍വേദം എന്നുകേള്‍ക്കുമ്പോള്‍ വിദേശടൂറിസ്റ്റുകളെ പറ്റിക്കാനുള്ളതാണ് എന്ന മനോഭാവമാണ് പലര്‍ക്കും. ഇത് ശരിയല്ല. ശരീരത്തിലെ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് അലോപ്പതിയേക്കാള്‍ ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്. ശരീരത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് രോഗങ്ങളുടെ മുഖ്യകാരണം. ഈ മാലിന്യങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ നിര്‍വീര്യമാക്കി പുറം തള്ളുകയാണ് ചികിത്സയുടെ അടിസ്ഥാനം.

മാനസിക സമ്മര്‍ദങ്ങളും ക്രമംതെറ്റിയ ഭക്ഷണശീലങ്ങളുമുള്ള മലയാളി ആയുര്‍വേദത്തിന്റെ പഞ്ചകര്‍മ ചികിത്സകള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും വിധേയമാകുന്നത് നല്ലതാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.


വ്യാജന്‍മാര്‍ ധാരാളം


'തേക്കടിയിലെ ഒരു ആയുര്‍വേദകേന്ദ്രത്തില്‍ ഞാന്‍ പോയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്, വിശ്വാസ്യയോഗ്യമാണ് എന്നൊക്കെയാണ് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞത്. ചെന്നപ്പോള്‍ നല്ല സ്വീകരണം. പക്ഷേ, ഇടയ്ക്ക് അവിടെയൊരാള്‍ ചെവിയില്‍ പറഞ്ഞു: സാര്‍ അല്‍പം രൂപ കൂട്ടിത്തന്നാല്‍ മസാജിങ്ങിന് സ്ത്രീകളെ ഏര്‍പ്പെടുത്താം. അതൊരു തട്ടിപ്പ് കേന്ദ്രമാണെന്ന് അപ്പോഴാണ് മനസ്സിലായത്. പെട്ടെന്ന് തന്നെ ഞാന്‍ അവിടം വിട്ടു''-ഭാര്യയും മകള്‍ക്കുമൊപ്പം കേരളത്തില്‍ വന്ന ഉത്തരേന്ത്യന്‍ പ്രൊഫസര്‍ അരവിന്ദ് പരീഖ് പറഞ്ഞു. വിട്ടുമാറാത്ത നടുവേദനയാണ് ചികിത്സ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആയുര്‍വേദത്തിന് വിദേശത്തുള്‍പ്പടെ വന്‍ ജനപ്രീതിയായതോടെ വ്യാജന്‍മാരും രംഗത്തെത്തി. പണം തട്ടിക്കാനുള്ള മാര്‍ഗമായാണ് പലരും ആയുര്‍വേദത്തെ കാണുന്നത്.

'മസാജ് സെന്ററുകളുടെ മറവില്‍ അനാശാസ്യം എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അംഗീകാരമില്ലാത്ത മിക്ക ആയുര്‍വേദ കേന്ദ്രങ്ങളും പിടിച്ചുനില്‍ക്കുന്നത് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലൂടെയാണ്''-ആയുര്‍വേദ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സോമനാഥന്‍ പറയുന്നു.

സര്‍ക്കാര്‍ അംഗീകാരമുള്ള, വിശ്വാസ്യത ഉറപ്പായ കേന്ദ്രങ്ങളില്‍ മാത്രമേ ആയുര്‍വേദ ചികിത്സയ്ക്ക് വിധേയരാകാവൂ. കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്‌നം, കണ്ടംകുളത്തി, കേരള ആയുര്‍വേദ സമാജം, കെ.ഐ.പി.എല്‍, കെ.ടി.ഡി.സിയുടെ കോവളത്തെ ശാന്തീതീരം, തിരുവനന്തപുരത്തെ ശ്രീധരീയം, സോമ തീരം, തേക്കടിയിലെ ആരണ്യ നിവാസ് എന്നിങ്ങനെ നിരവധി പ്രശസ്തവും വിശ്വാസ്യയോഗ്യവുമായ കേന്ദ്രങ്ങള്‍ ഉണ്ട്.


ചികിത്സയ്ക്കായി വര്‍ഷകാലം


ആയുര്‍വേദചികിത്സകള്‍ക്ക് ഏറ്റവും നല്ല സമയം വര്‍ഷകാലമാണ്. അന്തരീക്ഷം തണുപ്പുള്ളതും ഈര്‍പ്പമുള്ളതും പൊടി വിമുക്തവുമായിരിക്കും. അത് ശരീരദ്വാരങ്ങളെ തുറക്കുന്നു. ഊര്‍ജം ശരീരത്തില്‍ നിറഞ്ഞ പ്രസരിപ്പോടെ നില്‍ക്കും. സുഖചികിത്സയും പഞ്ചകര്‍മ ചികിത്സയും ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലത്ത് നടത്തുന്നതാണ് ഉചിതം. അതാണ് ഫലപ്രദവും.
ചികിത്സാ രീതികളെപ്പറ്റിയും അത് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റിയും അറിഞ്ഞിരിക്കണം.

പഞ്ചകര്‍മ ചികിത്സയാണ് ഏറ്റവും പ്രധാനം. വമനം, നസ്യം, വിരേചനം, വസ്തി, രക്തമോക്ഷം എന്നീ അഞ്ചുകര്‍മങ്ങള്‍ ചേര്‍ന്നതാണ് പഞ്ചകര്‍മ ചികിത്സ.

വമനം: ഈ ചികിത്സയില്‍ രോഗിയെ ഔഷധം നല്‍കി ഛര്‍ദിപ്പിക്കുന്നു. കഫം സംബന്ധിയായ രോഗങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

നസ്യം: മൂക്കില്‍ കൂടി ഔഷധം ദ്രവരൂപത്തില്‍ ഉപയോഗിക്കുന്നതാണ് നസ്യം. തലവേദന, ചെന്നിക്കുത്ത്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക.

വിരേചനം: ഔഷധം നല്‍കി രോഗിയെ വിരേചിപ്പിക്കുന്നതാണ് ഇത്. ത്വക്ക് രോഗങ്ങള്‍, വയര്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പ്രതിവിധിയാണിത്.

വസ്തി: നവദ്വാരങ്ങളിലൂടെ ഔഷധ പ്രായോഗം നടത്തുന്നതാണ് ഇതിന്റെ രീതി. നടുവേദന, ത്വക്ക് രോഗങ്ങള്‍, വാതം, രക്തദൂഷ്യം എന്നിവയ്ക്ക് അനുയോജ്യം.

രക്തമോക്ഷം: പ്രത്യേക കത്തികൊണ്ട് മുറിവുണ്ടാക്കിയോ, കുളയട്ടയെകൊണ്ട് കടിപ്പിച്ചോ ശരീരത്തിലെ ദുഷിച്ച രക്തത്തെ പുറത്തുകളയുന്ന ചികിത്സാ രീതിയാണിത്.


ഇതുകൂടാതെ മറ്റ് ചില ചികിത്സാരീതികള്‍ കൂടിയുണ്ട്:


ഞവരക്കിഴി: ഞവരനെല്ല് കുത്തിയെടുക്കുന്ന അരി പ്രത്യേക ഔഷധങ്ങളും പാലും ചേര്‍ത്ത് തുണിയില്‍ കിഴികെട്ടി, മരുന്നുകള്‍ കൊണ്ട് തന്നെ ചൂടാക്കി ശരീരത്തില്‍ വെച്ച് വിയര്‍പ്പിക്കുന്ന രീതിയാണ് ഇത്. രോഗിയുടെ തലയിലും ശരീരത്തിലും തൈലങ്ങള്‍ പുരട്ടും. തളര്‍ച്ച, മാംസശോഷം തുടങ്ങിയവയ്ക്ക് ഗുണകരം. ഒരുമണിക്കൂര്‍ ചികിത്സ നീളും.


ധാര, ഉഴിച്ചില്‍, പിഴിച്ചില്‍

ആയുര്‍വേദ കേന്ദ്രങ്ങളിലും മസാജ് കേന്ദ്രങ്ങളിലും മുഖ്യമായി നടത്തുന്നത് ധാര, ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയാണ്.

ധാര ചികിത്സ: ഔഷധ തൈലം ശരീരത്തിന്റെ പ്രത്യേക ഭാഗത്തു നിശ്ചിതസമയത്ത് ഇടമുറിയാതെ ധാരയായി പതിപ്പിക്കുന്നതാണ് ഇത്. ശിരോധാരയാണ് ധാര ചികിത്സകളില്‍ പ്രധാനം. വിവിധ തൈലങ്ങളും,ഔഷധക്കൂട്ടും, പാലും നെറ്റിത്തടത്തിലേക്ക് ധാരയായി ഒഴുക്കുന്നതാണ് ഈ ചികിത്സ. ഏഴ്മുതല്‍ 21 ദിവസം വരെ ആവര്‍ത്തിക്കണം. ദിവസവും 45 മിനിറ്റുവരെ ധാര പ്രയോഗം നീളും. ത്വക്ക് രോഗങ്ങള്‍, വാതം, മാനസിക തകരാറുകള്‍ എന്നിവയ്്ക്ക് ഗുണകരമാണ്.

വൈദ്യനിര്‍ദേശപ്രകാരം മാത്രമേ ഈ ചികിത്സ ചെയ്യാന്‍ പാടുള്ളൂ. പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണു ധാര. പാര്‍ക്കിന്‍സന്‍സ് രോഗ ശമനത്തിന് തൈലധാര ഫലപ്രദമാണ്. ഇന്‍സുലിന്റെ കുറവുമൂലം ഉണ്ടാകുന്ന പ്രമേഹത്തെ നിയന്ത്രിക്കാന്‍ തക്രധാര സഹായിക്കും.

പിഴിച്ചില്‍: പ്രത്യേകരീതിയില്‍ തയ്യാറാക്കിയ പാത്തിക്കുള്ളില്‍ കിടത്തി തൈലമോ കുഴമ്പോ നിറച്ചാണ് പിഴിച്ചില്‍ നടത്തുക. തൈലത്തില്‍ മുക്കിയ നിശ്ചിതവലിപ്പത്തിലുള്ള തുണി നിശ്ചിത ഉയരത്തില്‍ നിന്നു ശരീരത്തിലേയ്ക്കു പിഴിയുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും തൈലം പിഴിയും. ഒപ്പം തടവുകയും ചെയ്യും. സാധാരണ 7 മുതല്‍ 21 ദിവസം വരെയാണു പിഴിച്ചില്‍. വൈദ്യന്റെ മേല്‍നോട്ടം പിഴിച്ചിലില്‍ കര്‍ശനമാണ്. സന്ധി വാതങ്ങള്‍, നട്ടെല്ലിന്റെ കശേരുക്കള്‍ സ്ഥാനം തെറ്റുന്ന അവസ്ഥ, അസ്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയ്ക്കും പിഴിച്ചില്‍ നല്ലതാണ്. രോഗമൊന്നുമില്ലാത്തവര്‍ക്ക് പിഴിച്ചില്‍ നടത്തുന്നത് ആരോഗ്യസംരക്ഷണത്തിനു സഹായിക്കും. ഇത് വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെ അകറ്റും.

ഉഴിച്ചില്‍: ദേഹത്ത് ഔഷധതൈലം തേച്ചതിനുശേഷം കഴുത്തു മുതല്‍ താഴോട്ട് ഉഴിയുന്നു. ഏഴു വ്യത്യസ്ത നിലകളില്‍ ഇരുത്തിയും കിടത്തിയുമാണ് ഉഴിയുക.14 ദിവസമാണ് ഉഴിച്ചിലിന് വേണ്ടത്. രോഗപ്രതിരോധശക്തി, ആരോഗ്യം, സൗന്ദര്യം എന്നിവ വര്‍ദ്ധിപ്പിക്കാനാണിത് ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ 14-21 ദിവസം ഉഴിച്ചില്‍ ചെയ്യുന്നതാണ് ഗുണകരം. ത്വക് രോഗങ്ങളെയും വാതരോഗങ്ങളെയും വാര്‍ദ്ധക്യസഹജമായ ക്ലേശങ്ങളും അകറ്റും. ശരീരത്തിലെ നാഡി വ്യൂഹത്തെ ഉത്തേജിപ്പിക്കും. ഒരു ദിവസം ഒന്നര മണിക്കൂര്‍വരെയാണ് ഉഴിച്ചില്‍ ചെയ്യുക.


ഔഷധക്കൂട്ടിലും കൃത്രിമം


വസ്തി, ധാര, നസ്യം പോലുള്ള ചികിത്സ നടത്തുമ്പോള്‍ അതിലുള്ള ഔഷധക്കൂട്ടുകള്‍ കൃത്യമായ അളവിലും ചേരുവയിലുമുള്ളതാവണം. അതിനേക്കാള്‍ അവ ശുദ്ധവും അണുവിമുക്തമായിരിക്കണം. ''പച്ച നിറത്തില്‍ കാണുന്ന കൂട്ടുകളും തൈലവുമെല്ലാം ആയുര്‍വേദത്തിലെ ദിവ്യ ഔഷധമാണെന്ന് വിദേശികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് അണുവിമുക്തമല്ലെങ്കില്‍ ചികിത്സതേടുന്ന രോഗിക്ക് ഗുരുതരമായ ആന്തരിക കുഴപ്പങ്ങളുണ്ടാവും. ശരീരത്തില്‍ നേരിട്ട് ഇറങ്ങുന്നതിനാല്‍ ഗന്ധം, രുചി എന്നിവ അറിയുന്ന കഴിവുതന്നെ നഷ്ടപ്പെട്ടേക്കാം''-എറണാകുളത്തെ ആയുര്‍വേദ ചികിത്സകന്‍ ഡോ. മഹേഷ് പറയുന്നു.

''മഴക്കാലത്താണ് വ്യാജന്‍മാരുടെ കൊയ്ത്ത്കാലം. ഇന്റര്‍നെറ്റിലൂടെയും മറ്റും കേരളത്തിലെ മണ്‍സൂണ്‍ ചികിത്സയെപ്പറ്റി അറിഞ്ഞെത്തുന്നവരാണ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളും ഇങ്ങനെ വഞ്ചിക്കപ്പെടുന്നുണ്ട്്''-തേക്കടിയില്‍ ടൂറിസ്റ്റ് ഗൈഡായ തമിഴ്‌നാട് സ്വദേശി പ്രകാശം പറയുന്നു.


വെള്ളത്തിലൂടെ ആരോഗ്യത്തിന് സ്പാ


ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചതാണ് സ്പാ ചികിത്സ. 'ആരോഗ്യം വെള്ളത്തിലൂടെ' എന്നതാണ് സ്പായുടെ അര്‍ത്ഥം. ഔഷധ വെള്ളത്തില്‍ രോഗിയെ കിടത്തി പരിചരിക്കുന്നതാണ് ഇതിലെ രീതി. ആവിയിലും മറ്റും കിടത്തി ശരീരത്തിലെ ദുര്‍മേദസും മാലിന്യവും നീക്കം ചെയ്യുകയാണ് ഇതിന്റെ രീതി.

വാര്‍ധക്യത്തെ അകറ്റി യൗവനം നിലനിര്‍ത്താനാകുമെന്നതാണ് സ്പായുടെ പ്രത്യേകതയെന്ന് കൊച്ചിയിലെ പ്രമുഖ സ്പാ കണ്‍സള്‍ട്ടന്റായ രമേശ് കെ. അരവിന്ദ് പറയുന്നു. ''ശരീരത്തിനെ മാത്രമല്ല മനസ്സിനെക്കൂടിയാണ് ചികിത്സയ്ക്ക് വിധേയമാക്കുന്നത്. അമിതവണ്ണം, കൊളോസ്‌ട്രോള്‍, മാനസികസമ്മര്‍ദം, വിട്ടുമാറാത്ത അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, സന്ധിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് സ്പാ.''

 

നല്ല ചികിത്സയിലൂടെ നല്ല ആരോഗ്യം


'ശരീരത്തിന് നാഡികളും മറ്റും ചേര്‍ന്നുള്ള ഒരു ജൈവഘടനയുണ്ട്. അതനുസരിച്ചുവേണം ഏത് ആയുര്‍വേദ ചികിത്സയും ചെയ്യാന്‍. നല്ല ചികിത്സയല്ല നല്‍കുന്നതെങ്കില്‍ ശരീരം എതിരായി പ്രവര്‍ത്തിക്കും. അത് മറ്റ് ഗുരുതര രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.''- ആയുര്‍വേദ ചികിത്സാ വിദഗ്ദ്ധനായ ഡോ. മനോജ് പറയുന്നു.

''ഐ.ടി. അനുബന്ധ മേഖലകളില്‍ തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത്, പുറംവേദന എന്നിവയൊക്കെ പതിവാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന യുവാക്കള്‍ വന്‍തോതില്‍ ആയുര്‍വേദ ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തികശേഷി ഉള്ളതിനാല്‍ തന്നെ പല ആയുര്‍വേദ കേന്ദ്രങ്ങളും ഇവരില്‍ നിന്ന് വലിയ തുകയാണ് ഈടാക്കുന്നത്''- ആയുര്‍വേദചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ സുനില്‍കുമാര്‍ പറയുന്നു.

തിരുമ്മല്‍, ഉഴിച്ചില്‍ പോലുള്ള ചികില്‍സ, വിദഗ്ധ വൈദ്യരല്ല നടത്തുന്നതെങ്കില്‍ ശരീരത്തില്‍ കേട് സംഭവിക്കാന്‍ ഇടയുണ്ട്. ചികിത്സ കഴിയുമ്പോഴോ ആഴ്ചകള്‍ കഴിഞ്ഞോ ശരീരത്തിന് സംഭവിച്ച കേട് അറിയാനാവില്ല. അതിനാല്‍ ചികിത്സ തുടങ്ങുന്നതിനുമുമ്പേ മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് ഡോ. മനോജും മറ്റ് ആയുര്‍വേദ ഡോക്ടര്‍മാരും മുന്നറിയിപ്പുനല്‍കുന്നു.


വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക


രോഗചികില്‍സയ്‌ക്കോ മസാജ്‌പോലുള്ള പരിചരണങ്ങള്‍ക്കോ ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമുണ്ട്. പലതും നിലവാരമില്ലാത്തതും തട്ടിപ്പുകളുടെ കേന്ദ്രവുമാവാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

ആയുര്‍വേദ കേന്ദ്രത്തിന് സര്‍ക്കാര്‍ അംഗീകാരമുണ്ടോയെന്ന് ഉറപ്പാക്കണം. സര്‍ക്കാരിന്റെ ഒലിവ് ലീഫ് അല്ലെങ്കില്‍ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. അതില്‍ തന്നെ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റുള്ള കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. കേരളത്തില്‍ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റ് ഉള്ള 61 ആയുര്‍വേദകേന്ദ്രങ്ങളേയുള്ളു.

മരുന്നുകള്‍ കൃത്രിമമായി രാസവസ്തുക്കള്‍കൊണ്ടുണ്ടാക്കിയതാണോ എന്ന് നോക്കണം. ആയുര്‍വേദ ചേരുവകള്‍ അനുസരിച്ച്, ശാസ്ത്രവിധി പ്രകാരം ഉണ്ടാക്കിയതാവണം മരുന്നുകള്‍.

കഴിവതും വര്‍ഷങ്ങളായി ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന ആയുര്‍വേദ കേന്ദ്രങ്ങളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാവുക.

ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികളനുസരിച്ച് പുരുഷന് സ്ത്രീയോ സ്ത്രീക്ക് പുരുഷനോ മസാജ്/തിരുമ്മല്‍ നടത്തുന്നതിന് അനുമതിയില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരെ പുരുഷന്‍മാര്‍ മാത്രവും സ്ത്രീകളെ സ്ത്രീകള്‍ മാത്രവുമായിരിക്കണം മസാജ് ചെയ്യുക. മറിച്ചുള്ള രീതികള്‍ നിരുല്‍സാഹപ്പെടുത്തണം.

ഒരു ആയുര്‍വേദ മസാജിന്റെ അംഗീകൃത സമയപരിധി 45 മിനിറ്റാണ്.

ഒരു മസാജ് കിടക്ക/മേശയ്ക്ക് കുറഞ്ഞത് ഏഴ് അടി നീളവും മൂന്ന് അടി വീതിയും വേണം.

അംഗീകാരമില്ലാത്ത കേന്ദ്രങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകാന്‍ ഇടയുണ്ട്. ഒളിക്യാമറകള്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടാകാം. അതെപ്പറ്റി മുന്‍കരുതലെടുക്കണം.

ചവിട്ടിത്തിരുമ്മല്‍ പോലുള്ള ചികിത്സയ്ക്ക് കഴിവതും കുറച്ചുമാത്രം വിധേയരാകുക. കൃത്യമായി പരിശീലനവും അറിവുമില്ലാത്തവര്‍ ഇത്തരം ചികിത്സ നടത്തിയാല്‍ ശരീരത്തിന് ദോഷമായാണ് ബാധിക്കുക.

ചികിത്സ തുടങ്ങുംമുമ്പേ ചെലവിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കുക.

പരസ്യങ്ങള്‍ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള ചികിത്സയ്ക്ക് വിധേയരാകാതിരിക്കുക.