ഴിഞ്ഞ ദിവസം യാദൃച്ഛികമായി പഴയൊരു സുഹൃത്തിനെ കണ്ടു. ആള്‍ ഡോക്ടറാണ്. എം. ബി.ബി.എസ്. കഴിഞ്ഞതും അദ്ദേഹം ദുബായില്‍ പോയി. ഞങ്ങളൊക്കെ പി.ജി. പ്രവേശനത്തിനായി കഷ്ടപ്പെട്ട് പഠിച്ച് ആറ്റുനോറ്റ് കാത്തിരിക്കുമ്പോള്‍ സുഹൃത്തിന് അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. ദുബായില്‍ ചെന്ന് പ്രാക്ടീസിനൊപ്പം ബിസിനസുകളും ചെയ്ത് കൈ നിറയെ പണമുണ്ടാക്കി. ഇപ്പോള്‍ പണം വേണ്ടുവോളമുണ്ട്. എം.ബി.ബി.എസ്. കഴിഞ്ഞ മകനെ പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ക്കാന്‍ വേണ്ടിയാണ് സുഹൃത്ത് നാട്ടിലെത്തിയത്, എന്‍.ആര്‍.ഐ. ക്വാട്ടയില്‍.

മെഡിക്കല്‍ പി.ജി.ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ചേരണമെങ്കില്‍ കുറച്ച് പണം മതിയാവില്ല. മകന്‍ പി.ജി. എന്‍ട്രന്‍സിന് പരിശ്രമിച്ചില്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു. നല്ലൊരു ചിരിയായിരുന്നു മറുപടി. അവന്‍ എം.ബി. ബി.എസ്. പാസ്സായതു തന്നെ വിഷമിച്ചാണ്. എന്നിട്ടാണ് പി.ജി! 'അതിപ്പോള്‍ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ ?' എന്നാണ് സുഹൃത്ത് ചോദിച്ചത്. തന്റെ സ്ഥിതിയും മകന്റെ സ്ഥിതിയും അച്ഛന് നല്ലതുപോലെ അറിയാം. എന്നാലും മകനെ മെഡിക്കല്‍ പി.ജി.ക്ക് ചേര്‍ക്കാന്‍ തന്നെ തീരുമാനിച്ചു അദ്ദേഹം.

എം.ബി.ബി.എസ്. പൂര്‍ത്തിയാക്കുന്നതോടെ ഭൂരിപക്ഷം പേരുടെയും ലക്ഷ്യം എങ്ങനെയും പി.ജി.ക്ക് ചേര്‍ന്ന് കൂടുതല്‍ പഠിക്കണം എന്നായിരിക്കും. പഠിക്കണം എന്ന ആഗ്രഹം മൂലം പി.ജി. എന്‍ട്രന്‍സിന് ശ്രമിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കൂടുതല്‍ നന്നായി പ്രാക്ടീസ് ഉണ്ടാക്കണമെങ്കില്‍ പി.ജി. കൂടിയേ തീരൂ എന്നതിനാല്‍ അതിന് ശ്രമിക്കുന്നവരുമുണ്ട്.

കുറച്ചുനാള്‍ മുമ്പ് കൂടെ വര്‍ക്ക് ചെയ്യാനായി ഒരു ഡോക്ടര്‍ വന്നു. എം.ബി. ബി.എസ്. കഴിഞ്ഞിട്ട് അധികമായിട്ടില്ല. വിവരങ്ങളൊക്കെ ചോദിക്കുന്ന കൂട്ടത്തില്‍ അദ്ദേഹത്തോടു ചോദിച്ചു: 'എന്തേ പി.ജി. ക്കൊന്നും ശ്രമിച്ചില്ലേ? ചോദ്യം കേട്ടതും ഒറ്റക്കരച്ചിലായിരുന്നു അദ്ദേഹം. ഇത്രയും മുതിര്‍ന്ന ഒരാള്‍, അതും ഡോക്ടര്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഇങ്ങനെ കരയുന്നത് ആദ്യമായി കാണുകയായിരുന്നു ഞാന്‍. അതുകൊണ്ടു തന്നെ വല്ലാതെ ആയിപ്പോയി. 'എന്തിനാണ് കരയുന്നത്?' എന്നു ചോദിച്ച് ആശ്വസിപ്പിക്കാന്‍ പോലും കുറച്ചു സമയമെടുത്തു.

അദ്ദേഹം എം.ബി.ബി.എസ്. കഴിഞ്ഞപ്പോള്‍ മുതല്‍ എങ്ങനെയും പി.ജി.ക്ക് ചേരണം എന്നു പറഞ്ഞ് വീട്ടുകാര്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയതാണ്, ഒരുതരം ഹരാസ്‌മെന്റ്. പ്രത്യേകിച്ച് അച്ഛനായിരുന്നു ഈ ശല്യപ്പെടുത്തല്‍ കൂടുതലത്രെ. പഠിക്കാതെ ഉഴപ്പി നടക്കുന്നതുകൊണ്ടാണ് പി.ജി.ക്ക് കിട്ടാത്തത്. മണ്ടനും ഒന്നിനും കൊള്ളാത്തവനുമാണ് എന്നൊക്കെയുള്ള രീതിയില്‍ കളിയാക്കലുകള്‍ വന്നത് സഹിക്കാന്‍ വയ്യാതെയാണ് അദ്ദേഹം ഞങ്ങളോടൊപ്പം പ്രാക്ടീസിന് വന്നത്. 'പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട' എന്ന മട്ടിലായിപ്പോയി അദ്ദേഹത്തോട് പി.ജി. എന്‍ട്രന്‍സിന്റെ കാര്യം ചോദിച്ചത്.

പി.ജി. എന്‍ട്രന്‍സ് ലോകതലത്തില്‍ തന്നെ ഗ്രാജ്വേറ്റ് ഡോക്ടര്‍മാരെ വല്ലാതെ കുഴക്കുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും വളരെ വളരെ നേരിയ മാര്‍ക്കിന്റെ വ്യത്യാസത്തിലായിരിക്കും എന്‍ട്രന്‍സ് കിട്ടാതെ പോകുന്നത്. ചിലപ്പോള്‍ ആ സെലക്ഷന്‍ പ്രോസ്സസ് ശരിയായ വിധത്തിലായിരിക്കില്ല നടന്നിട്ടുണ്ടാവുക. എന്തായാലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരുന്നത് പാവം വിദ്യാര്‍ഥികള്‍ക്കു തന്നെ ആയിരിക്കും. ചിലരാകട്ടെ ഒരുതരം സഹതാപത്തോടെയാണ് പെരുമാറുക. അതാണ് സഹിക്കാന്‍ കൂടുതല്‍ വിഷമം.

അന്ന് കരഞ്ഞുപോയ ആ എം.ബി.ബി.എസ്. ഡോക്ടര്‍ സഹപ്രവര്‍ത്തകനായി ഒപ്പം ചേര്‍ന്നപ്പോഴാണ് അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ മനസ്സിലാക്കാനായത്. രോഗികളോടും ബന്ധുക്കളോടുമൊക്കെ പെരുമാറുന്ന കാര്യത്തില്‍, സഹപ്രവര്‍ത്തകരുമായുള്ള ഇടപെടലിന്റെ കാര്യത്തില്‍ ഒക്കെ വളരെ മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ജീവിതം അതിന്റെ എല്ലാ നിലയിലും ആസ്വദിക്കുകയും തികച്ചും ആഹ്ലാദകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു അദ്ദേഹം. അക്കാദമിക് ആയും സാമ്പത്തികമായും ഒക്കെ വളരെ ഉയരത്തില്‍ നില്‍ക്കുന്ന മറ്റുചില ഡോക്ടര്‍മാരെ നന്നായി അറിയാം. പ്രാക്ടീസില്‍ നിന്നാകട്ടെ, വ്യക്തിജീവിതത്തില്‍ നിന്നാകട്ടെ, സമൂഹജീവിതത്തില്‍ നിന്നാകട്ടെ ഒരിടത്തു നിന്നും ആഹ്ലാദമോ സമാധാനമോ കണ്ടെത്താന്‍ കഴിയാത്ത ചിലര്‍. സമൂഹത്തില്‍ വലിയ നിലയും വിലയുമുണ്ട്, വേണ്ടതിലേറെ പ്രാക്ടീസും പണവുമുണ്ട്, വിദ്യാഭ്യാസവും മറ്റെല്ലാ യോഗ്യതകളുമുണ്ട്... പക്ഷേ, പറഞ്ഞിട്ടെന്ത്, സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ പോലും ഉള്ളുതുറന്ന് സംസാരിക്കാനോ ഒന്ന് ചിരിക്കാനോ കഴിയാത്തവര്‍. എപ്പോഴും ഒരുതരം ടെന്‍ഷന്‍ പ്രസരിപ്പിക്കുന്നവരാണ് അവര്‍. അവരോട് ഇടപെടുന്നവര്‍ക്ക് പോലും ആ ടെന്‍ഷനാണ് പകര്‍ന്നു കിട്ടുക.

പല അച്ഛനമ്മമാരും മക്കളെ വളര്‍ത്തുന്നത് ഒരുതരം വാശിയോടെയാണ്. മകന്‍ അല്ലെങ്കില്‍, മകള്‍ ഇന്ന തരത്തില്‍ വളരണം, ഇന്ന പ്രൊഫഷനിലെത്തണം എന്നൊക്കെയുള്ള പിടിവാശിയോടെ.

പ്രായപൂര്‍ത്തിയെത്തിയ മക്കള്‍ സ്വന്തം വ്യക്തിത്വമുള്ള, സ്വതന്ത്ര വ്യക്തികളാണെന്ന മിനിമം കാര്യം പോലും മനസ്സിലാക്കാതെ അച്ഛനമ്മമാര്‍ മക്കളെ ചട്ടം പഠിപ്പിക്കാന്‍ നില്‍ക്കുന്നത് കാണുമ്പോള്‍ അതിശയവും വിഷമവും തോന്നാറുണ്ട്.

അവരവരുടെ ശേഷിയും സാധ്യതകളും മനസ്സിലാക്കി ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ, എം.ബി.ബി.എസ്. ആയാലെന്ത്? പി.ജി. ഡോക്ടര്‍ ആയാലെന്ത്? ഐ.എ. എസ്സോ, ഐ. പി. എസ്സോ ആയാലെന്ത്? ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം മനസ്സമാധാനത്തോടെയുള്ള ജീവിതമാണ്, ജീവിതത്തിലെ കൊച്ചുകൊച്ച് സന്തോഷങ്ങളാണ്.

വേദനിക്കുന്ന ഒരാള്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്നത്, ആ വേദനയില്‍ ഒരല്പമെങ്കിലും പങ്കുകൊള്ളാന്‍ കഴിയുന്നത് ഒരു ദൈവാധീനമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് അതിനെക്കാള്‍ വലുതായി മറ്റൊന്നുമുണ്ടാവില്ല. മനസ്സിനുണ്ടാകുന്ന ശാന്തിയെക്കാള്‍, സമാധാനത്തെക്കാള്‍ വലുതല്ല, പണവും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊന്നും. ഒരല്പം സ്‌നേഹവും പരിഗണനയും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അത് അനേക മടങ്ങായി ശാന്തിയും സമാധാനവുമായി നമുക്കുതന്നെ തിരിച്ചുകിട്ടും. ആ സമാധാനവും സുഖവും എത്ര കോടികള്‍ മുടക്കിയാലും കിട്ടുന്നതല്ല.

മത്തങ്ങയാണ് വേണ്ടതെങ്കില്‍ മത്തന്‍ തന്നെ കുത്തണം. കുമ്പള വിത്ത് കുത്തിയാല്‍ കുമ്പളങ്ങയേ കിട്ടൂ. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല.