അവധിക്കാലമാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക്. സ്വന്തം നാട്ടിലെത്താനും വീട്ടിലേക്കോടിയെത്താനും പ്രിയപ്പെട്ടവരെ കാണാനും കുടുംബത്തോടൊപ്പം വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്തി ബന്ധുക്കളെ കാണാനും സുഹൃത്തുക്കളുമൊത്ത് ഓര്‍മകള്‍ പങ്കുവെക്കാനും അവധിക്കാലം ഓടിപ്പോകുന്നതറിയാതെ ആഹ്ലാദിക്കാനുമുള്ള കുറച്ചു ദിവസങ്ങള്‍. അതിനിടയില്‍ കുറച്ചു യാത്രകളും ഗൃഹസന്ദര്‍ശനങ്ങളും.

യാത്രകള്‍ക്കിടയില്‍ ഒന്നിച്ചുള്ള ഭക്ഷണവും ഒഴിവാക്കാനാവാത്തതാണ്. പുതുമയുള്ള ഭക്ഷണം രുചിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാവില്ല.സ്വന്തം നാട്ടിലെ നാടന്‍ വിഭവങ്ങളും മറ്റു നാടുകളിലെ വിഭവങ്ങളും ഒരേ പോലെ ഇഷ്ടപ്പെടുന്നവരാണധികം. പുതുമയാര്‍ന്ന വിഭവങ്ങള്‍ തേടി നടക്കുന്ന ഭക്ഷണ ഭ്രാന്തന്മാരും ഉണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍, മറ്റു നാടുകളിലെത്തുമ്പോള്‍ ആദ്യമന്വേഷിക്കുന്നത് നല്ല ഭക്ഷണം കിട്ടുന്ന ഭക്ഷണശാലകളാണ്.

കേരളത്തിലെ മൂന്നു നഗരങ്ങളിലെ പ്രധാനപ്പെട്ട ചില ഭക്ഷണശാലകളെ പരിചയപ്പെടാം.

തിരുവനന്തപുരം

വില്ലാ മായാ
18-ാം നൂറ്റാണ്ടില്‍ ഡച്ചു മാതൃകയില്‍ പണികഴിപ്പിച്ച ബംഗ്ലാവിലാണ് ഈ ഭക്ഷണശാല.തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നതു കൊണ്ട് ഈ കെട്ടിടം അതിന്റെ പ്രൗഡിയില്‍ സംരക്ഷിക്കപ്പെട്ടു.പ്രൗഡമനോഹരമായ ഇവിടെ ഭക്ഷണം കഴിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിക്കും അളവ് കൂടും.

villa maya
വില്ലാ മായാ റസ്റ്റോറന്റ് .ഫോട്ടോ കടപ്പാട്:വില്ലാ മായാ

പരമ്പരാഗതവിഭവങ്ങളോടൊപ്പം സമകാലികവിഭവങ്ങളും ഇവിടെ ലഭിക്കുന്നു.മിക്കവാറും എല്ലാ രാജ്യങ്ങളിലേയും വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.കേരളം,ഇന്ത്യ,മൊറാക്കോ,ഇറ്റലി തുടങ്ങിയ നാടുകളിലൂടെയുള്ള രുചിയാത്രയായിരിക്കും ഇവിടെ അനുഭവിക്കാന്‍ കഴിയുക.

എയര്‍പോര്‍ട്ട് റോഡില്‍ ഈഞ്ചയ്ക്കലിനും പടിഞ്ഞാറേക്കോട്ടയ്ക്കുമിടയിലാണ് വില്ലാ മായാ.

സംസം
തിരുവനന്തപുരം നിവാസികള്‍ക്ക് ചിരപരിചിതമാണ് സംസം റസ്റ്റോറന്റ്.ഇവിടെ ഇറ്റാലിയന്‍,ചൈനീസ്,ലെബനീസ്,അറേബ്യന്‍,ഇന്ത്യന്‍ തുടങ്ങിയ വിഭവങ്ങള്‍ ലഭ്യമാണ്.കുട്ടികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പാളയത്തിനടുത്തായാണ് സംസം സ്ഥിതി ചെയ്യുന്നത്.കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഔട്ട്‌ലെറ്റുകള്‍ സംസമ്മിനുണ്ട്.

ആര്യ നിവാസ്
വെജിറ്റേറിയന്‍ റസ്റ്റോറന്റുകളാണ് തിരയുന്നതെങ്കില്‍ ആര്യ നിവാസ് പരീക്ഷിക്കാവുന്നതാണ്.തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്ന ആര്യ നിവാസ് എല്ലാ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ഒരുക്കിയിരിക്കുന്നു.ഇവിടത്തെ അന്തരീക്ഷം വളരെ നല്ലതായതു കൊണ്ടു തന്നെ ആളുകള്‍ കൂടുതലായി വരാന്‍ കാരണമാകുന്നു.നല്‍കുന്ന പണത്തിനുള്ള മേന്‍മ ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

കൊച്ചി

ഫോര്‍ട്ട് ഹൗസ് റസ്റ്റോറന്റ്
കടല്‍മത്സ്യവിഭവങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഫോര്‍ട്ട് ഹൗസ് റസ്റ്റോറന്റില്‍.അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ റസ്റ്റോറന്റ് കടല്‍ക്കാറ്റേറ്റ് ശാന്തമായി ഭക്ഷണം ആസ്വദിച്ചു കഴിക്കാനും മാനസികോല്ലാസം നല്‍കുകയും ചെയ്യും.എല്ലാ വിഭവങ്ങളും ഓര്‍ഡറനുസരിച്ചു മാത്രം തയ്യാറാക്കുന്നവയാണ്.തയ്യാറാക്കിയ വിഭവങ്ങള്‍ മണ്‍പാത്രങ്ങളില്‍ ആണ് നല്‍കുന്നത്.ഒരു വ്യത്യസ്താനുഭവം ഇവിടെ ലഭിക്കുമെന്നതില്‍ സംശയമില്ല.

fort kochi restaurant
ഫോര്‍ട്ട് ഹൗസ് റസ്‌റ്റോറന്റ്.

ദാല്‍ റോട്ടി
ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ദാല്‍ റോട്ടി ഉത്തരേന്ത്യന്‍ വിഭവങ്ങളുടെ ഒരു കലവറ തന്നെയാണ്.ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,
ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണവിഭവങ്ങള്‍ ഇവിടെ രുചിക്കാം.കൂടാതെ വിവിധ തരത്തിലുള്ള റൈസ്,കബാബ്,റോട്ടി,കറികള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.

കേരളീയ വിഭവങ്ങളും ദാല്‍ റോട്ടിയില്‍ ലഭ്യമാണ്.

dal roti
ദാല്‍ റോട്ടി റസ്‌റ്റോറന്റിന്റെ ഉള്‍വശം

ജിഞ്ചര്‍ ഹൗസ് റസ്റ്റോറന്റ്
ചരിത്രത്തിന്റെ നടുവിലിരുന്ന് ഭക്ഷണം കഴിക്കാമെന്നതാണ് ജിഞ്ചര്‍ ഹൗസിന്റെ വാഗ്ദാനം.വിലപിടിപ്പുള്ളതും കലാമൂല്യമുള്ളതുമായ അനവധി പുരാവസ്തു ശേഖരം ഇവിടം അലങ്കരിക്കുന്നു.ഇവിടെ മേശകളും കസേരകളുമൊക്കെത്തന്നെ പൗരാണിക കൊത്തുപണികളാല്‍ സുന്ദരമാണ്.

പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഇഞ്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളാണ് കൂടുതലായി ലഭിക്കുന്നതും ആവശ്യക്കാരുള്ളതും.ജിഞ്ചര്‍ പ്രോണ്‍സ്,ജിഞ്ചര്‍ ഐസ്‌ക്രീം,ജിഞ്ചര്‍ ലസ്സി,ജിഞ്ചര്‍ മില്‍ക്ക് ഷേക്ക് തുടങ്ങി ഇഞ്ചി വിഭവങ്ങള്‍ നിരവധിയുണ്ട്.കൊച്ചിയുടെ പൗരാണിക സൗന്ദര്യത്തിന്റെ നടുവിലായത് ജിഞ്ചര്‍ ഹൗസിന്റെ ആകര്‍ഷണീയത ഇരട്ടിയാക്കുന്നു.

കോഴിക്കോട്

ഹോട്ടല്‍ പാരഗണ്‍ റസ്റ്റോറന്റ്
ഏഴു പതിറ്റാണ്ടുകളായി നല്ല ഭക്ഷ്യവിഭവങ്ങളുമായി ഹോട്ടല്‍ വ്യവസായത്തില്‍ ചുവടുറപ്പിച്ചു നില്‍ക്കുകയാണ് പാരഗണ്‍ ഗ്രൂപ്പ്.കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് നാട്ടിലും പേരുകേട്ട ഭക്ഷ്യശാലയാണ് പാരഗണ്‍.കോഴിക്കോടെത്തുന്ന എല്ലാ വിശിഷ്ടാതിഥികളും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്.

പാരഗണിന്റെ തന്നെ സല്‍ക്കാര,എം-ഗ്രില്‍,ബ്രൗണ്‍ ടൗണ്‍ തുടങ്ങിയ ഹോട്ടല്‍ സ്ഥാപനങ്ങളും വിഭവസമൃദ്ധമായ ഭക്ഷ്യ സംസ്‌കാരത്താല്‍ ഭക്ഷണപ്രിയരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

മലബാര്‍ വിഭവങ്ങളാണ് പാരഗണില്‍ പ്രധാനമായും നല്‍കുന്നത്.കൂടാതെ മറ്റു കേരള വിഭവങ്ങളും വിദേശ രാജ്യങ്ങളിലെ രുചികരമായ വിഭവങ്ങളും ഇവിടെ ലഭിക്കും.

മെസ്ബാന്‍
തനതായ മലബാര്‍ വിഭവങ്ങളും തായ്,ചൈനീസ്,കോണ്ടിനെന്റല്‍ വിഭവങ്ങളും ഒരുക്കുന്ന മെസ്ബാന്‍ കോഴിക്കോടെത്തുന്ന ഓരോരുത്തര്‍ക്കും പ്രിയങ്കരമായ ഒരു ഭക്ഷണശാലയാണ്.രുചികരമായ വിഭവങ്ങളൊരുക്കുന്നതില്‍ വീഴ്ച വരാറില്ല എന്നത് ഇവിടത്തെ പ്രത്യേകതയാണ്.

mezban
മെസ്ബാന്‍ റസ്‌റ്റോറന്റ്.

കോഴിക്കോട് മാവൂര്‍ റോഡിലും ഗോവിന്ദപുരത്തും രണ്ട് റസ്റ്റോറന്റുകള്‍ ഇവര്‍ക്കുണ്ട്.ഭക്ഷണം കഴിക്കാന്‍ വളരെ നല്ലൊരന്തരീക്ഷം ഇവിടെയുണ്ട്.കടല്‍മത്സ്യ വിഭവങ്ങളുടെ രുചികരമായ വ്യത്യസ്തത ഏവരേയും ആകര്‍ഷിക്കും.റംസാന്‍ വ്രതത്തോടനുബന്ധിച്ച് വിവിധ നോമ്പു തുറ വിഭവങ്ങളും ഇവിടെ ഒരുക്കിയിരിക്കുണ്ട്.

കിങ്‌സ്‌ബേ റസ്റ്റോറന്റ്
കോഴിക്കോട് ബീച്ചിനടുത്തായി കസ്റ്റംസ് റോഡിലാണ് കിങ്‌സ്‌ബേ റസ്റ്റോറന്റ്.നല്ല രുചികരമായ കടല്‍മത്സ്യ വിഭവങ്ങള്‍ ഇവിടെ കിട്ടും.ലോകത്തിലെ ഒട്ടു മിക്ക രുചികളും താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ നിന്ന് പരീക്ഷിക്കാവുന്നതാണ്.പല തരം സൂപ്പുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.                                                                

m-grill
ഫോട്ടോ കടപ്പാട്:എം-ഗ്രില്‍
kings bay
ഫോട്ടോ കടപ്പാട്:കിങ്‌സ്‌ബേ റസ്റ്റോറന്റ്‌