പെയ്യുന്നതു കാണാന്‍ രസമാണെങ്കിലും മഴക്കാലം ഫാഷന്‍സ്നേഹികള്‍ക്ക് അത്ര ഇഷ്ടമുള്ള സമയമല്ല. ട്രെന്‍ഡി കുപ്പായങ്ങളും ചെരുപ്പും ബാഗും പുറത്തെടുക്കാനാകില്ല. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഇഷ്ടമുള്ള രീതിയില്‍ മുടി പോലും കെട്ടാന്‍ പോലും കഴിഞ്ഞെന്നു വരില്ല. പക്ഷെ മഴക്കാലം കഴിയും വരെ വീടിനുള്ളില്‍ അടച്ചിരിക്കാന്‍ കഴിയില്ലല്ലോ.. 

അതുകൊണ്ട് മഴക്കാലത്ത് ഫാഷനബിളായി നടക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കാം. 

മഴക്കാലത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് കടുംനിറത്തിലുള്ള വസ്ത്രങ്ങളാണ് ചേരുക.

Nithya Menonഓറഞ്ച്, മജന്ത, ചുകപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങളും ഓവര്‍ കോട്ടുകളും നിങ്ങളെ തീര്‍ച്ചയായും ശ്രദ്ധേയരാക്കും. 

വെള്ളയോടും ഗ്രേയോടും എത്ര താല്‍പര്യമുണ്ടെങ്കിലും മഴക്കാലത്ത് ഇവയോടു താല്‍ക്കാലികമായി വിട ചൊല്ലിയെ മതിയാകൂ.. അഴുക്കിനും കരിമ്പന്റെ ആക്രമണത്തിനുമൊക്കെ ഇവയെ എളുപ്പം കീഴ്പ്പെടുത്താനാകുമെന്നതാണ് കാരണം. 

എവര്‍ഗ്രീന്‍ ഫാഷനാണെങ്കിലും ജീന്‍സിന്റെ ഉപയോഗം മഴക്കാലത്ത് പരമാവധി കുറക്കുന്നതാണ് നല്ലത്. നനഞ്ഞ ജീന്‍സുമായി ഓഫീസിലും ക്യാമ്പസിലും പോകുന്നത് ആരോഗ്യത്തിനും ആറ്റിറ്റിയൂഡിനും അത്ര നന്നല്ല. 

പെട്ടന്ന് ഉണങ്ങുന്ന തുണിത്തരം കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. പാട്യാലകളുടെയും ചുരിദാറിനൊപ്പമുളള നീണ്ട ഷാളുകളുടെ ഉപയോഗം കുറയ്ക്കുന്നതും നന്നായിരിക്കും. 

ഷാള്‍ നിര്‍ബന്ധമുള്ളവര്‍ക്ക് പകരമായി സ്റ്റോളുകളും സ്‌കാര്‍ഫുകളും ഉപയോഗിക്കാം. ഷോര്‍ട്ട് കുര്‍ത്തകളും ചുരിദാറുകളും മഴക്കാലത്ത് അനുയോജ്യമായ വസ്ത്രങ്ങളാണ്. 
ഹൈഹീല്‍ ചെരുപ്പുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ലെതറിന്റെയും മറ്റും ബാഗുകള്‍ മഴക്കാലത്ത് ഉപയോഗിച്ചാല്‍ പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്ലാസ്റ്റിക് അല്ലെങ്കില്‍ ജ്യൂട്ട് ബാഗുകള്‍ ഉപയോഗിക്കുക.