നിങ്ങളുടെ വാര്‍ഡ്രോബില്‍ കലംകാരി, ബാന്ദിനി പ്രിന്റുകളില്‍ ഒരു വസ്ത്രമെങ്കിലുമുണ്ടോ. എങ്കില്‍ എപ്പോള്‍ വേണമെങ്കിലും ട്രെന്‍ഡിയായി എലഗന്റ് ലുക്കില്‍ പുറത്തിറങ്ങാം. കലംകാരിക്കും ബാന്ദിനിക്കും വസ്ത്രലോകത്ത് എന്നും നിറംമങ്ങാത്ത ഒരിടമുണ്ട്. എന്നാല്‍ കലംകാരി ഇപ്പോള്‍ പുത്തന്‍മോടിയില്‍ പെണ്‍ഹൃദയം കീഴടക്കിയിരിക്കുകയാണ്. ടീനേജുകാരികള്‍ക്ക് പാറിനടക്കാന്‍ പലാസോകളിലെത്തി കലംകാരി പ്രിന്റ്.

ഇതിനൊപ്പം ഒരു ഷോര്‍ട്ട് ടോപ്പും സംഘടിപ്പിച്ചാല്‍ ട്രെന്‍ഡിയായി. കലംകാരി പ്രിന്റില്‍ ഫ്രോക്കുകളുമെത്തിയിട്ടുണ്ട്. 500 രൂപ മുതലാണ് ഇവയുടെ വില. ഇനി അല്‍പ്പം കാഷ്വല്‍ ലുക്ക് വേണമെങ്കില്‍ കലംകാരി കുര്‍ത്തികളുമുണ്ട്. യോക്കിലും സ്ലീവിലും കലംകാരി പ്രിന്റും ബാക്കി പ്ലെയിന്‍ നിറത്തിലുമുള്ള കുര്‍ത്തികളാണ് അധികവും. ഒരുവശത്ത് മാത്രം കലംകാരി പ്രിന്റുള്ളവയും സ്ലീവിന്റെയും നെക്കിന്റെയും അറ്റത്ത് മാത്രവുമുള്ളവയുമുണ്ട്. യുവാക്കളുടെ ഇടയില്‍ ഇതിനാണ് ആവശ്യക്കാര്‍. കലംകാരി പ്രിന്റില്‍ മാത്രമുള്ള കുര്‍ത്തികള്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ചേരും. ഇവയ്ക്ക് വിലയും അല്പം കൂടുതലാണ്. കലംകാരി തുണിമുറിച്ചെടുത്ത് ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്നവരും കുറവല്ല.  

കല്യാണച്ചടങ്ങില്‍  തിളങ്ങാന്‍ പട്ടുസാരിയിലും കലംകാരിയെ കൂട്ടിന് കൂട്ടാം. പട്ട്‌സാരിക്ക് അതിനോട് അല്പമെങ്കിലും ചേരുന്ന കലംകാരി പ്രിന്റുള്ള ബ്ലൗസ് ധരിച്ചാല്‍ ട്രെഡീഷണല്‍ ലുക്കിനൊപ്പം അല്പം വ്യത്യസ്തതയും കൊണ്ടുവരാം. പട്ടുസാരികള്‍ക്ക് കലംകാരി സില്‍ക്കിലുള്ള ബ്ലൗസ് നന്നായി ഇണങ്ങും. സില്‍ക്കിലും കോട്ടണിലും കലംകാരി പ്രിന്റുള്ള തുണികള്‍ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് മുറിച്ചുവാങ്ങാം. കോട്ടണ്‍ കലംകാരി തുണികള്‍ക്ക് മീറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില. സില്‍ക്കിന് ഇതിന്റെ ഇരട്ടിയാവും. കലംകാരി സാരികളും വിപണിയില്‍ വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. 800 രൂപ മുതലാണ് വില. കലംകാരി റാപ്പ് അറൗണ്ടുകകള്‍ക്കും മിഡികള്‍ക്കും അന്നും ഇന്നും ആരാധകരുണ്ട്. മുമ്പ് സാരിയിലും സല്‍വാറുകളിലും ബെഡ്ഷീറ്റുകളിലുമായിരുന്നു കലംകാരി നിറഞ്ഞുനിന്നിരുന്നത്. പാന്റും ദുപ്പട്ടയും കലംകാരിയിലും ടോപ്പ് പ്ലെയിന്‍ നിറത്തിലുമുള്ള സല്‍വാറുകളായിരുന്നു അന്ന് കൂടുതലും. 

Kalamkari

കൈകള്‍ ഉപയോഗിച്ചോ തടിക്കട്ടകളില്‍ ചായം മുക്കി അച്ചടിച്ചതോ ആയ പരുത്തിത്തുണികളാണ് കലംകാരി. പേന, കരകൗശലം എന്നീ അര്‍ഥം വരുന്ന കലം, കാരി തുടങ്ങിയ പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ തുണിത്തരങ്ങളാണിവ. പ്രകൃതിദത്ത ചായങ്ങളാണ് ഇതില്‍ ഉപയോഗിക്കുക. ഇന്ത്യയില്‍ ശ്രീകാളഹസ്തികലംകാരി, മാച്ചിലിപട്‌നം കലംകാരി എന്ന രണ്ട് തരം കലംകാരി രീതികളുണ്ട്. ഇതില്‍ ആദ്യത്തേത് പൂര്‍ണമായും കൈകളുപയോഗിച്ച് ചെയ്യുന്നവയാണ്.