മഹാനായ അക്ബർ ചക്രവർത്തിയെയും മന്ത്രിയായ ബീർബേലിനെയും ഉൾപ്പെടുത്തിക്കൊണ്ട് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ഒരിക്കൽ രാജാവ് മന്ത്രിയോട് കൊട്ടാരത്തിന്റെ മതിൽഭിത്തിയിൽ എല്ലാവർക്കും കാണുവാൻ പറ്റുന്ന തരത്തിൽ ഒരു വാചകം എഴുതാൻ ആവശ്യപ്പെട്ടു. വ്യവസ്ഥ ഇതായിരുന്നു: ആരെങ്കിലും സങ്കടപ്പെട്ടിരിക്കുമ്പോൾ അതിലേക്ക് നോക്കിയാൽ സന്തോഷം ഉണ്ടാവണം; സന്തോഷിച്ചിരിക്കുന്നവർക്ക് സങ്കടവും ഉണ്ടാവണം. മന്ത്രിയെ ഒന്ന് പരീക്ഷിക്കുവാനും കൂടിയായിരുന്നു രാജാവിന്റെ ഈ ശ്രമം. ബുദ്ധിമാനായ മന്ത്രി ഇപ്രകാരം എഴുതി. ‘ഇതും കടന്നുപോവും’.  രാജാവിന് ഇത് ഏറെ ഇഷ്ടപ്പെട്ടിട്ട് തന്റെ മോതിരത്തിൽ എഴുതിവെച്ചു എന്നും ചില ചരിത്രങ്ങളിൽ കാണുന്നു. 

ഈ കഥ വ്യത്യസ്തമായ രീതിയിലും രൂപത്തിലും പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഈ ആപ്തവാക്യത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടും വ്യത്യസ്ത കഥകൾ പറയുന്നുണ്ട്. ഉദാഹരണത്തിന് പൗരസ്ത്യ പേർഷ്യൻ രാജാക്കന്മാർ പണ്ഡിതസദസ്സിനോടും സൂഫി കവികളോടും ആവശ്യപ്പെട്ട് എഴുതിയതാണിതെന്നും പറയപ്പെടുന്നു. ഉത്ഭവമെന്തുതന്നെയായാലും  സാമ്പത്തിക ചംക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യത്തോടെ ഈ വാക്യത്തെ പ്രയോഗിക്കാനാവും. 

സമ്പത്ത് എല്ലായ്‌പോഴും ഒരിടത്തുമാത്രമായി നിലനിൽക്കുന്നില്ല എന്നത് വ്യക്തികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രങ്ങളുടെയും സാമ്പത്തികചരിത്രം പഠിച്ചാൽ നമുക്ക് മനസ്സിലാകുന്ന ഒരു വലിയ സത്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുമൂലം ആത്മഹത്യചെയ്യുന്നവർ നിരവധിയാണ്. അതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നവരും കുറവല്ല. സാമ്പത്തികപ്രയാസങ്ങളെ നമുക്ക് നേരിടാനാവുമെന്നത് നമ്മൾ മനസ്സിലാക്കേണ്ട ഒരു വലിയ സാമ്പത്തികചിന്തയാണ്. 

രോഗമോ മരണമോ നമുക്ക് മനസ്സിലാകാത്ത സമസ്യയായി നിലകൊള്ളുമ്പോഴും കടബാധ്യതകൾപോലുള്ള സാമ്പത്തികപ്രയാസങ്ങൾ ഉൾക്കരുത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഭാഗ്യത്തിലൂടെയും നേരിടാനാവുന്നതാണ്.  കാരണം ഒരു ദുരന്തത്തിനും നമ്മൾ അനുവദിക്കാതെ നമ്മളെ തളർത്താനാവില്ല. മനുഷ്യന് അതിജീവിക്കാനാകാത്ത സാമ്പത്തികപ്രശ്നങ്ങളൊന്നുമില്ല. ചിട്ടയായി ആസൂത്രണം ചെയ്താലും ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടുപോവും. അതുകൊണ്ട് ആത്മവിശ്വാസത്തോടെ നേരിടുക എന്നതാണ് പ്രായോഗികബുദ്ധി. 

പണത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്ന് അതിന്റെ ദ്രവത്വസ്വഭാവമാണ്. ദ്രാവകം സ്വാഭാവേന  ഒഴുകിക്കൊണ്ടേയിരിക്കും. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക്, ഒരു സംവിധാനത്തിൽ നിന്ന് മറ്റൊന്നിലേക്ക്, ഒരു രാഷ്ട്രത്തിൽനിന്ന് മറ്റൊന്നിലേക്ക് എന്നിങ്ങനെ നീങ്ങും.  അത് പ്രകൃതിനിയമം പോലെ തുടരുന്ന പ്രക്രിയയാണ്. ഇർവിങ് ഫിഷർ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ പണത്തിന്റെ ഒഴുക്കിന്റെ വെലോസിറ്റി അഥവാ പ്രവേഗം നിർണയിക്കാൻ ശ്രമിച്ചു.
 ഈ പ്രവേഗത്തെ ഒഴുകുന്ന പണത്തിന്റെ അളവുമായി ബന്ധിപ്പിച്ചാണ് അദ്ദേഹം ഫിഷേഴ്‌സ് വിനിമയസമവാക്യം കണ്ടുപിടിച്ചത്. ഒരു രാജ്യത്ത് ഒഴുകുന്ന പണത്തിന്റെ അളവും വിലനിരക്കും തമ്മിലുള്ള ബന്ധം സ്ഥാപിക്കുവാൻ ഫിഷേഴ്‌സ് തിയറി എന്നറിയപ്പെടുന്ന സമവാക്യത്തിന് സാധിക്കുന്നു. 

സാമ്പത്തികശാസ്ത്രത്തിൽ കുറയുന്ന സീമാന്ത ഉപയുക്തത എന്ന ഒരു സിദ്ധാന്തമുണ്ട്. ഒരു വസ്തു കൂടുതലായി ഉപയോഗിക്കുന്തോറും അതിൽനിന്നുള്ള ഉപയുക്തത കുറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ പണത്തിന്റെ കാര്യത്തിൽ ഈ തത്ത്വം അപവാദമായി നിലകൊള്ളുന്നു. ഉണ്ടാകുന്തോറും വെട്ടിപിടിക്കാനുള്ള ആക്രാന്തം ഏറുന്നവരുടെ എണ്ണം നമുക്ക് ചുറ്റും ഏറുകയാണ്. 

പണത്തെ ജലത്തോട് ഉപമിക്കുന്നതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കുന്ന പദങ്ങളായ ക്യാഷ് ഫ്ലോ, ലിക്വിഡ് അസ്സറ്റ്, ഫ്രോസൺ അക്കൗണ്ട് തുടങ്ങിയ പദപ്രയോഗങ്ങളിൽത്തന്നെ ഈ ദ്രവ്യസ്വഭാവം നിഴലിക്കുന്നുണ്ട്. പണവും ജലവും തമ്മിൽ ധാരാളം സാമ്യമുണ്ട്. രണ്ടും വളരാൻ സഹായിക്കുന്നു.  രണ്ടും  വിവേകത്തോടെ ഉപയോഗിക്കേണ്ടതാണ്. കൈവെള്ളയിൽ വെള്ളം കോരിയാൽ അനാവശ്യനഷ്ടം ഉണ്ടാവുന്നപോലെ ഓട്ടസഞ്ചികൊണ്ട് കോരി എടുത്ത് പണത്തെ നിസ്സാരമായി കൈകാര്യം ചെയ്യരുത്. 

സ്വർണത്തളികയിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവർ എന്ന ചൊല്ല് തന്നെ ചിലർ പിറന്നുവീണത് പണത്തിന്റെ മടിത്തട്ടിലേക്കാണെന്ന സാരാംശമാണ് നൽകുന്നത്. 
ഇക്കൂട്ടർ പൊതുവെ മടിയന്മാരും സുഖലോലുപരുമായിരിക്കും. അതുകൊണ്ടുതന്നെ അവർക്കുള്ള സാമ്പത്തികാവസ്ഥ നിലനിർത്തിക്കൊണ്ടുപോവുന്നതിനുമപ്പുറം വലിയ സാമ്പത്തിക കാഴ്ചപ്പാടുണ്ടാവുകയുമില്ല. നിലനിർത്തിക്കിട്ടുമെന്നതിനുതന്നെ വലിയ ഉറപ്പുണ്ടാവുകയില്ല. കാരണം അദ്ധ്വാനിക്കാതെ കിട്ടിയ മുതൽ വിറ്റുതീർക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ വലിയ പ്രയാസം ഉണ്ടാവുകയില്ല. 

ഞാനെന്താ പണം കായ്ക്കുന്ന മരമാണോ എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്. എന്റെ കൈയിൽ എവിടുന്നാ ഇത്രയും പണം എന്ന് വിലപിക്കുന്നവന്റെ സ്വരമാണിത്. ഇവർ പൊതുവെ അദ്ധ്വാനശീലരാണ്. തന്മൂലം ജീവിതത്തിൽ സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കും. പക്ഷെ അവരുടെ അടുത്ത തലമുറ ഈ കഷ്ടപ്പാട് മനസ്സിലാക്കാതെ ജീവിക്കുന്നതു കാണുമ്പോൾ ഇവർ ഏറെ അസ്വസ്ഥരാവും. 
രാഷ്ട്രങ്ങളുടെ ചരിത്രവും ഇതിൽനിന്ന് ഭിന്നമല്ല. പെട്രോൾ കണ്ടുപിടിച്ചത് ഗൾഫ് രാജ്യങ്ങളെ വലിയ വളർച്ചയിലേക്ക് നയിച്ചു.

 ജർമനിയും ചൈനയും വളർച്ചയുടെ വിഭിന്ന കഥകൾക്ക് ഉദാഹരണങ്ങളാണ്. ഇങ്ങനെ വ്യത്യസ്ഥ ചംക്രമണസ്വഭാവം പണത്തിനുള്ളതുകൊണ്ട് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അദ്ധ്വാനിക്കുവാനുള്ള മനസ്സുണ്ടെങ്കിൽ ഏതൊരു സാമ്പത്തികപ്രതിസന്ധിയെയും തരണം ചെയ്യാനാവും. പക്ഷെ കൊക്കിലൊതുങ്ങുന്നതിലധികം കൊത്താതിരിക്കുവാനുള്ള വിവേകം ഉണ്ടാവണം. സാമ്പത്തികരംഗത്തെ സങ്കടങ്ങളേയും സന്തോഷങ്ങളെയും ഒരേപോലെ നേരിടാൻ സാധിക്കുന്നതിലാണ് സാമ്പത്തികസാക്ഷരത അടങ്ങിയിരിക്കുന്നത്. അതുകൊണ്ട്. ബുദ്ധിമുട്ടിന്റെ സമയത്ത് ഓർക്കുക ഇതും കടന്നുപോവും.