ഇന്ത്യയില്‍ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ആണ്. നികുതിദായകന്‍ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തി ആണെങ്കില്‍ ലോകത്തില്‍ എവിടെ നിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയില്‍ നികുതിക്ക് വിധേയമാണ്. എന്നാല്‍ നോണ് റെസിഡന്റ് (പ്രവാസി) സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്‍ മാത്രം നികുതി നല്‍കിയാല്‍മതി. 

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് 
ഇന്ത്യയില്‍ ഈ വര്‍ഷം 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയോ, തൊട്ടുമുമ്പുള്ള നാലു വര്‍ഷങ്ങളില്‍ 365 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയും തന്നാണ്ടില്‍ 60 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയിലുണ്ടാവുകയും ചെയ്താലാണ് റെസിഡന്റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്.

മുകളില്‍പറഞ്ഞ വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ അദ്ദേഹം നോണ് റെസിഡന്റ് പദവിക്കര്‍ഹനാണ്.പ്രവാസികള്‍ ആദായനികുതി റിട്ടേണ് നല്‍കണമോ?  2.50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇന്ത്യയില്‍നിന്നും ലഭിച്ചാല്‍ തീര്‍ച്ചയായും ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. കൂടാതെ ചിലനിക്ഷേപ പദ്ധതികളില്‍നിന്നോ സ്വത്തുക്കളില്‍ നിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്മേല്‍ പ്രവാസികള്‍ നികുതി അടക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസില്‍നിന്നും നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് വരുമാനങ്ങളൊന്നും ഇന്ത്യയില്‍നിന്നും ഇല്ലെങ്കിലും നികുതി റിട്ടേണ് ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ നികുതി ദായകന്‍ ആദായനികുതി റീഫണ്ടിന്‍ അര്‍ഹനാണെങ്കില്‍ റിട്ടേണ് ഫയല്‍ ചെയ്താല്‍ മാത്രമേ, റീഫണ്ട് ലഭ്യമാവുകയുള്ളൂ. 

പ്രവാസികള്‍ മുന്‍കൂര്‍ നികുതി അടയ്ക്കണമോ?
പ്രവാസികള്‍ക്കായി മാത്രം മുന്‍കൂര്‍ നികുതിയില്‍ ഒരു പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയില്‍ 10000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത ഉണ്ടെങ്കില്‍ മുന്‍കൂര്‍ നികുതി അടക്കാന്‍ ബാധ്യത ഉണ്ട്. ഇത് പ്രവാസികള്‍ക്കും ബാധകമാണ്. 
പ്രവാസികള്‍ക്ക് നികുതി ഒഴിവുള്ള വരുമാനങ്ങള്‍

എന്‍.ആര്‍.ഇ. അക്കൗണ്ട്, എഫ്.സി.എന്‍.ആര്‍. അക്കൗണ്ട് എന്നിവയില്‍ നിന്നും ലഭിക്കുന്ന പലിശകള്‍, ഷെയറുകള്‍ വില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടത്തിയ വ്യാപാരങ്ങള്‍ക്ക് എസ്.ടി.ടി. അടച്ചിട്ടുണ്ടെങ്കില്‍ മാത്രം), മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നും ഷെയറുകളില്‍ നിന്നും ലഭിക്കുന്ന ലാഭവീതം എന്നിവ പൂര്‍ണമായും നികുതിയില്‍നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നും പ്രോപ്പര്‍ട്ടി ടാക്‌സും 30 ശതമാനം കിഴിവും സാധാരണ എല്ലാവര്‍ക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികള്‍ക്കും ലഭിക്കും. 
കെട്ടിടത്തിന്മേല്‍ ധനകാര്യസ്ഥാനപനങ്ങളില്‍ കടം ഉണ്ടെങ്കില്‍, പലിശയ്ക്കും ഒഴിവു ലഭിക്കും.
കൂടാതെ, ഇന്‍ഷുറന്‍സില്‍ അടക്കുന്ന നിക്ഷേപങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ ഫീസുകള്‍, ഭവന വായ്പയിലേക്കുള്ള തിരിച്ചടവ് മുതലായവയ്ക്ക് 1,50,000 രൂപ വരെയുള്ള കിഴിവ് ലഭിക്കുതാണ് മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുവേണ്ടിയും അടക്കുന്ന തുകയ്ക്കും പരമാവധി 30000 രൂപയുടെ കിഴിവുകള്‍ക്ക് പ്രവാസികളും അര്‍ഹരാണ്.

റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നവിധം
ഇന്ത്യയില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ നികുതിക്ക് വിധേയമാകുന്ന വരുമാനം ഉണ്ടെങ്കില്‍ ഇലക്ട്രോണിക് ആയി മാത്രമേ റിട്ടേണുകള്‍ ഫയല്‍ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം പ്രവാസികള്‍ക്കും ബാധകമാണ്. നികുതിദായകന്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉണ്ടെങ്കില്‍ ഐടിആര്‍ പ്രോസസിങ് സെന്ററുകളിലേക്ക് പരിശോധനക്കായി അയക്കേണ്ടതില്ല.  
പ്രവാസികള്‍ക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, തോട്ടങ്ങളോ വാങ്ങുവാന്‍ സാധിക്കുമോ? 
പ്രവാസികള്‍ക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ തോട്ടങ്ങളോ ഫാം ഹൗസോ വാങ്ങുവാനോ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുവാനോ ഉള്ള അവകാശം ഇല്ല. 

പ്രവാസികളുടെ സ്വത്തുക്കളുടെ വില്‍പന

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്‍ 20 ശതമാനം മൂലധന നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍ ആദായനികുതി നിയമം 195ാം വകുപ്പ് അനുസരിച്ച് പ്രവാസികള്‍ സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണത്തിന്‍ സ്രോതസ്സില്‍ നിന്ന് തന്നെ 20 ശതമാനം നികുതി പിടിക്കണമെന്നാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. 
പ്രവാസികളുടെ കാര്യത്തില്‍ മൂലധനനേട്ടം നേരിട്ട് കണക്കാക്കി നികുതി പിടിക്കുന്നതിന്‍ നമുക്ക് അവകാശമില്ല. പകരം വകുപ്പ് 195(2) പ്രകാരം സ്ഥലത്തിന്റെ മേല്‍ നികുതി നിര്‍ണ്ണയ അവകാശമുള്ള ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍ താഴ്ന്ന നിരക്കില്‍ നികുതി നിശ്ചയിച്ച് തരണമെന്നാവശ്യപ്പെട്ട് കൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആദായനികുതി ഉദ്യോഗസ്ഥന്‍ നിശ്ചിതസമയത്തിനുള്ളില്‍ നികുതി നിരക്ക് നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് തരുന്നതാണ്.

എന്നാല്‍ പ്രസ്തുത വസ്തു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം മൂലധനനേട്ടത്തിന്‍ കിഴിവ് ലഭിക്കുന്ന സ്വത്തുക്കളില്‍മേല്‍ നിക്ഷേപിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും നികുതിയില്‍  നിന്നും ഒഴിവാക്കപ്പെടുന്നതാണ്. അങ്ങനെ വരുന്ന പക്ഷം വകുപ്പ് 195(3) അനുസരിച്ച് നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുകളില്‍ സൂചിപ്പിച്ച നികുതി ഉദ്യോഗസ്ഥന്റെ മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.  

മൂലധനനേട്ടം ഏത് വിധത്തിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ തെളിവുകളോ അല്ലെങ്കില്‍ സത്യവാങ്മൂലമോ നികുതി ഉദ്യോഗസ്ഥന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടി വരും.