ലോകം ‘സ്മാർട്ടായി’ക്കൊണ്ടിരിക്കുകയാണ്. ഒരൊറ്റ ക്ലിക്കിൽ എല്ലാം സാധ്യമാകുന്ന രീതിയിലേക്ക് മാറുന്ന ലോകത്തിനുവേണ്ട നിയമങ്ങളും ചട്ടങ്ങളും സാങ്കേതികവിദ്യയുമായി ഗവണ്മെന്റുകളും കൂടെയുണ്ട്. നോട്ടില്ലാത്ത പണമിടപാടുകൾ അഥവാ ‘കാഷ്‌ലെസ്സ് ട്രാൻസാക്‌ഷൻസ്’ ഒക്കെ പ്രചാരമാർജിക്കുന്നത്‌ ഈസാഹചര്യത്തിലാണ്. ഇതിന്‌ ഒരു പടികൂടികടന്ന് ഒരു ക്ലിക്കിലൂടെ ഒരു ബാങ്കിന്റെയും ഇടപെടലില്ലാതെ, ആരുടെയും നിയന്ത്രണമില്ലാതെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പണം കൈമാറാമെന്ന സവിശേഷതയുമായാണ് ബിറ്റ്‌കോയിൻ രംഗത്തുവന്നത്.

ഒരു വികേന്ദ്രികൃത ഡിജിറ്റൽ കറൻസി അഥവാ ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്കോയിൻ -ഭൗതികരൂപമില്ലാത്ത കറൻസി. എൻക്രിപ്ഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളോ ഒന്നിലധികംപേരോ ചേർന്ന് ഉണ്ടാക്കിയ വെർച്യുൽ കറൻസി.

ഒരു രാജ്യത്തിന്റെയും പരമാധികാരത്തിന്റെയോ, ബാങ്കുകളുടെയോ അധികാരപരിധിയിൽ ബിറ്റ്കോയിൻ വരുന്നില്ല. അതാണ് ബിറ്റ്കോയിൻ ആകർഷകമാക്കുന്ന പ്രധാനഘടകം. പക്ഷേ, ഒരു നിക്ഷേപകനെ സംബന്ധിച്ച് അതുതന്നെയാണ് ബിറ്റ്‌കോയിന്റെ പ്രധാന ന്യൂനതയും. പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക് അതിനുവേണ്ടി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളും ആപ്പുകളും വഴി പരസ്പരം ബന്ധപ്പെട്ട്‌ ബിറ്റ്കോയിൻ വിൽക്കുകയോ വാങ്ങുകയോ ചെയ്യാം. നിലവിൽ  ഒരു ബിറ്റ്‌കോയിന്റെ മൂല്യം 2719 ഡോളറാണ് അതായത്‌ ഏകദേശം 1.7 ലക്ഷം രൂപ.

    150 രാജ്യങ്ങളെ ബാധിച്ച വാനാക്രൈ  റാൻസം സൈബർ ആക്രമണത്തിനുശേഷം ബിറ്റ്‌കോയിന്റെ മൂല്യവും പ്രചാരവും വർധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം  ബിറ്റ്‌കോയിന്റെ മൂല്യം പത്തുശതമാനം വർധിച്ച്‌ റെക്കോഡ് നിലയിലെത്തിയിരുന്നു.

എന്നാൽ, ബിറ്റ്‌കോയിന് പെട്ടെന്ന് ലഭിച്ച ഈ ജനപ്രീതി സത്യത്തിൽ ‘ബ്ലോക്ക് ചെയിൻ’ എന്നറിയപ്പെടുന്ന അതിന്റെ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യക്ക് അവകാശപ്പെട്ടതാണെന്നും സാമ്പത്തികവിദഗ്‌ധർ പറയുന്നു. വരുംതലമുറയുടെ പണമിടപാടുകളുടെ വിവരശേഖരണ സോഫ്ട്‌വേറായാണ് ബ്ലോക്ക് ചെയിൻ വിലയിരുത്തപ്പെടുന്നത്. അത്രമേൽ സുരക്ഷിതമാണത്.

    രാഷ്ട്രീയപ്രതിസന്ധികളും ദിനംപ്രതി മാറുന്ന സാമ്പത്തിക  നയങ്ങളും ആഗോള ബാങ്കിങ് രംഗത്തെ തകർച്ചയുമൊക്കെ പലപ്പോഴും ബദൽ നിക്ഷേപമാർഗങ്ങളിലേക്ക്‌ ആളുകളെ ആകർഷിക്കുന്നു. എന്നാൽ, ഒരു നിക്ഷേപമെന്ന നിലയ്ക്ക്  ബിറ്റ്കോയിൻ എത്രത്തോളം ഫലപ്രദമാണ് എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്.

ബിറ്റ്കോയിൻ യു.എ.ഇ.യിൽ നിയമവിധേയമാക്കിയിട്ടില്ല.  യു.എ.ഇ. സെൻട്രൽ ബാങ്കോ  എമിറേറ്റ്‌സ് സെക്യൂരിറ്റീസോ ഒന്നും ബിറ്റ്കോയിൻ നിയമപരമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ  അംഗീകൃത ലൈസൻസുള്ള ബ്രോക്കർമാർ വഴിയോ ബാങ്കുകൾ വഴിയോ എക്സ്‌ചേഞ്ചുകൾ വഴിയോ ബിറ്റ്കോയിൻ വിനിമയംചെയ്യാൻ സാധിക്കില്ല.

ലോകത്തിലെ അംഗീകൃത ധനകാര്യസ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന കെ.വൈ.സി. (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളും നിയന്ത്രിതമല്ലാത്ത ബിറ്റ്കോയിൻ ഇടപാടുകൾക്ക് ആവശ്യമില്ല. ഇങ്ങനെ  നിയതമായ ചട്ടങ്ങൾക്കുള്ളിൽനിന്ന്  പ്രവർത്തിക്കാത്തതിനാലും നിയന്ത്രണങ്ങളില്ലാത്തതിനാലും വിനിമയങ്ങൾ ഉപഭോക്താക്കൾ സ്വന്തം റിസ്കിൽ നടത്തേണ്ടിവരുമെന്ന് ഐ.ബി.എം.സി.  ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ. സജിത്ത് കുമാർ പറയുന്നു.

എന്തെങ്കിലും തർക്കങ്ങളോ പരാതികളോ ഉണ്ടായാൽ പരിഹരിക്കാൻ സാധിക്കില്ല. ഇടനിലക്കാരില്ലാത്ത,  വിൽക്കുന്നവനും വാങ്ങുന്നവനും അജ്ഞാതമായിരിക്കുന്ന പണമിടപാട് വ്യവസ്ഥയായതിനാൽ ബിറ്റ്‌കോയിനിൽ   നിക്ഷേപിക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്നും അദ്ദേഹം  മുന്നറിയിപ്പുനൽകുന്നു.

    ബിറ്റ്‌കോയിന്റെ മൂല്യം വിപണിയിലെ സ്വീകാര്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ഡിമാൻഡ് ആൻഡ് സപ്ളൈ എന്ന അടിസ്ഥാന സാമ്പത്തികതത്ത്വം ഊന്നിയാണ് ഇന്ന് ബിറ്റ്‌കോയിന്റെ മൂല്യം നിർവചിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങൾ ബിറ്റ്കോയിൻ വഴി ഇടപാടുകൾ നടത്തിയാൽ സ്വീകാര്യത വർധിക്കുകയും മൂല്യം കൂടുകയുംചെയ്യും. നിക്ഷേപമെന്ന നിലയിൽ ബിറ്റ്കോയിനെ സമീപിക്കുന്നവർ അതിന്റെ മൂല്യത്തിൽ അസ്ഥിരത കൂടി കണക്കിലെടുക്കണമെന്നും സജിത്ത് കുമാർ പറയുന്നു.

 സ്വർണംപോലെ ഒരു അസറ്റില്ലാതെ ഒരു സങ്കൽപ്പ കറൻസിയായി ബിറ്റ്കോയിന്  ഒരു യു.എസ്. ഡോളർ എന്ന നിലയിൽനിന്ന് 2000  ഡോളറിനുമുകളിലേക്ക്  വെറും ഏഴെട്ടുവർഷങ്ങൾകൊണ്ട്  മൂല്യം ഉയർന്നത് അടിസ്ഥാനമില്ലാത്ത  ഊഹക്കച്ചവടങ്ങൾമൂലമാണെന്ന് പല സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെടുന്നു.

പണമിടപാട് വ്യവസ്ഥകൾ, ധനകാര്യനിയമങ്ങൾ, വിദേശനാണയ വിനിമയ നിയമങ്ങൾ തുടങ്ങി സാധാരണ സാമ്പത്തിക വ്യവഹാരത്തിൽ പാലിക്കുന്ന ഒന്നും ബിറ്റ്‌കോയിന്റെ വിനിമയത്തിൽ പാലിക്കപ്പെടുന്നില്ല. അതിനാൽ നിക്ഷേപം നടത്തുന്നവർ രാജ്യത്തെ അംഗീകൃതസ്ഥാപനങ്ങൾ ബിറ്റ്കോയിൻ നിയമവിധേയമാക്കുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നാണ് ബെൽഹാസ ഗ്ലോബൽ എക്സ്‌ചേഞ്ച്‌  ജനറൽ മാനേജർ സജീവ് കുമാറിന്റെ നിർദേശം.

നിയമാനുസൃതമായ ഒരു ചട്ടക്കൂടില്ലാത്തതിനാലും  സെൻട്രൽ ബാങ്ക് അംഗീകാരമില്ലാത്തതിനാലും ബിറ്റ്കോയിൻ ഇടപാടുകൾ തത്കാലം പ്രോത്സാഹനജനകമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ നിരോധിച്ചിട്ടുമില്ല, നിരാകരിച്ചിട്ടുമില്ല അതാണ് ബിറ്റ്‌കോയിന്റെ അവസ്ഥ. പണമിടപാടുകളിൽ നൂറുശതമാനം സ്വകാര്യത സൂക്ഷിക്കുന്ന, ഇടനിലക്കാരായ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും പണം നൽകാതെ വിനിമയം നടത്താമെന്നതും  പണത്തിന്റെ സ്രോതസ്സ് കാണിക്കണ്ട എന്നതും എല്ലാം ബിറ്റ്‌കോയിന്റെ പ്രചാരം വർധിപ്പിക്കുന്നുണ്ട്.

നിയമപരമായ ന്യൂനതകൾ ഒഴിച്ചാൽ ബിറ്റ്‌കോയിന്റെ ശക്തമായ സുരക്ഷാ നെറ്റ്‌വർക്കും ലാഭകരമായി എളുപ്പത്തിൽ പണമിടപാട് സാധ്യമാകുമെന്ന ഗുണവശങ്ങളും തള്ളിക്കളയാനുമാകില്ല. അതുകൊണ്ടുതന്നെ ബിറ്റ്കോയിൻ ഭാവിയുടെ കറൻസിയാണെന്നും പ്രത്യേക നിയമമുണ്ടാക്കി ഓരോ രാജ്യങ്ങളും ബിറ്റ്കോയിൻ അംഗീകരിക്കുമെന്ന് കരുതുന്നവരും കുറവല്ല.