അബുദാബി: അബുദാബി സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ മാർപാപ്പ സന്ദർശനം നടത്തുന്ന വേളയിൽ പ്രാർഥനാഗീതം ആലപിക്കാൻ അവസരം കിട്ടിയ സന്തോഷത്തിലാണ് നാല് മലയാളി വിദ്യാർഥികൾ. പോപ്പിന്റെ അരമണിക്കൂർ സന്ദർശന വേളയിൽ സ്വാഗത പ്രാർത്ഥനാഗീതമാണ് ഇവരുൾപ്പെട്ടസംഘം ആലപിക്കുന്നത്.

വിവിധരാജ്യക്കാരായ പതിനഞ്ച് പേരാണ് പ്രാർഥനാ ഗാനത്തിൽ അണിനിരക്കുന്നത്. സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിലെ വ്യത്യസ്ത ക്വയർ സംഘത്തിൽനിന്ന് തിരഞ്ഞെടുത്തവരാണ് ഇവർ. അബുദാബി സെയ്ന്റ് ജോസഫ്‌സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ടിന ആൻ അലക്സാണ്ടർ, കോട്ടയം മുട്ടിച്ചിറ സ്വദേശി എലിസബത്ത് അനിൽ ജോർജ്, എറണാകുളം കാലടി സ്വദേശികളായ ലയ മറിയം സെബാസ്റ്റ്യൻ, മുസഫ സൺറൈസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ജോസിൻ പി. ജോജോ എന്നിവർക്കാണ് ഈ ഭാഗ്യം കൈവന്നത്.

പരിശുദ്ധമറിയത്തിന്റെ സ്‌േതാത്രഗീതം ഇറ്റാലിയൻ ഭാഷയിലാണ് ഇവർ പാടാൻ പോകുന്നത്. മാർപാപ്പയ്ക്ക് മുന്നിൽ പാടാൻ പറ്റുകയെന്നത് അത്യപൂർവ ഭാഗ്യമായാണ് കരുതുന്നതെന്ന് കുട്ടികൾ പറഞ്ഞു. നാല് ആഴ്ചത്തെ പരിശീലനശേഷമാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനം തയാറാക്കിയത്.