അബുദാബി: മാർപാപ്പയുടെ അനുഗ്രഹമേറ്റുവാങ്ങിയ റോമിലെ നിമിഷങ്ങളുടെ സ്മരണയിലാണ് അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന അജോ ജോസഫ്. ഫ്രാൻസിസ് മാർപാപ്പയുടെ അബുദാബി സന്ദർശനവേളയിൽ അനുഗ്രഹം വാങ്ങാനായി പതിനായിരങ്ങൾ നിരന്നപ്പോൾ 2013 ൽ റോം സന്ദർശനവേളയിൽ തനിക്കുണ്ടായ അവിസ്മരണീയമായാനുഭവമാണ് അജോയ്ക്ക് പങ്കുവെക്കാനുള്ളത് . ലക്ഷക്കണക്കിന് വിശ്വാസികൾക്കിടയിൽ മാർപാപ്പയെ ഒരു നോക്ക് കാണാനായി കുടുംബത്തോടൊപ്പം കാത്തുനിന്നു.

മാർപാപ്പയെ കണ്ട ആഹ്ലാദകരമായ നിമിഷത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ മകനായ കെയിൻ ജോസഫ് അജോയ്ക്ക് മാർപാപ്പയുടെ സ്നേഹചുംബനം ഒരു പുണ്യമായി നിറുകയിൽ ലഭിക്കുകയായിരുന്നു. തന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ഭാഗ്യമായി ആ നിമിഷത്തെ അജോ ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

അമ്മാവനായ ഫാദർ വർഗീസ് കുരിശിന്തറ റോമിലെ സെയ്ന്റ് ജോൺ ദമാഷീൻ കോളേജ് റെക്ടറായി സേവനമനുഷ്ഠിക്കുന്ന സമയംകൂടിയായിരുന്നു അത്. ആലപ്പുഴ ചേർത്തല സ്വദേശിയായ അജോയ്ക്ക് കെയിനിനെ കൂടാതെ മറ്റൊരു മകൻ കൂടിയുണ്ട്, കെയ്ത് ജോസഫ് അജോ. ഭാര്യ സുമി അബുദാബി സായിദ് മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.