അബുദാബി: യു.എ.ഇ. സംഘടിപ്പിച്ച വിശ്വമാനവ സാഹോദര്യ സമ്മേളനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

മതങ്ങളുടെ ഐക്യത്തിലൂടെ ലോകജനതയ്ക്ക് സമാധാനം ഉറപ്പ് വരുത്താനാണ് യു.എ.ഇ.യുടെ ശ്രമം. അത് അഭിനന്ദനാർഹമാണ്. വിവിധ രാജ്യങ്ങളിൽനിന്ന് എഴുന്നൂറിലധികം മതപണ്ഡിതർ വിശ്വമാനവിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അവർ ഓരോരുത്തരും പുതിയ ഊർജവുമായാണ് യു.എ.ഇ.യിൽ നിന്ന് മടങ്ങുന്നതെന്ന് സമ്മേളന വേദിയിൽവെച്ച് അദ്ദേഹം ’മാതൃഭൂമി’യോട് പറഞ്ഞു. ഇവിടെ നിന്ന് കിട്ടിയ ഊർജം സ്വന്തം അണികൾക്ക് പകർന്നുകൊടുക്കാൻ ഓരോരുത്തർക്കും സാധിക്കണം. വിശ്വമാനവിക സമ്മേളനത്തിൽ രണ്ടുദിവസങ്ങളിലായി നടന്നത് ഏറ്റവും ഫലപ്രദമായ ചർച്ചകളാണ് . ഓരോ മതത്തിന്റെയും നന്മകൾ പൊതുസമൂഹത്തിന് പകർന്ന് നൽകാൻ മതാചാര്യന്മാർ ശ്രമിക്കണം. അതിന്റെ ആവശ്യകതയാണ് ഈ സമ്മേളനം വ്യക്തമാക്കിയതെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.