അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ യു.എ.ഇ.സന്ദർശനത്തിലെ പൊതുപരിപാടിക്കും വിശുദ്ധ കുർബാനയ്ക്കും സാക്ഷ്യംവഹിച്ച സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ആവേശക്കടലാണ് രൂപപ്പെട്ടത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാഭാഗ്യത്തിന്റെ ധന്യതയായിരുന്നു വിശ്വാസികളുടെ മുഖത്ത്.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും മുതൽ യാത്രചെയ്ത് വന്നതിന്റെ ക്ഷീണമൊന്നും അവരുടെ മുഖത്തില്ലായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനെ ഒരുതവണ കാണണമെന്ന അതിയായ ആശ മാത്രം. രാവിലെ ഒൻപത് മണിയോടെ സ്റ്റേഡിയം മുഴുവനായും നിറഞ്ഞിരുന്നു. ഗാലറിയിലെ ഇരിപ്പിടങ്ങൾക്ക് പുറമേ മൈതാനം രണ്ടായി വിഭജിച്ച് കസേരകൾ നിരത്തിയാണ് വിശ്വാസികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയത്. ആയിരക്കണക്കിന് വിശ്വാസികൾ സ്റ്റേഡിയത്തിന്റെ പുറത്ത് ഒരുക്കിയ കൂറ്റൻ സ്ക്രീനിലും പൊതുപരിപാടിയും വിശുദ്ധ കുർബാനയും കാണാനെത്തിയിരുന്നു.

വെള്ള ബെൻസ് ജി ക്ലാസ് ജീപ്പിലാണ് മാർപാപ്പ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ജനസഹസ്രങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പതിയെ നീങ്ങിയ വാഹനം പത്തിന് സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ചു. മാർപാപ്പയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള എഴുത്തോടുകൂടിയ വെള്ള ടീ ഷർട്ടും തൊപ്പിയും അണിഞ്ഞ് വത്തിക്കാൻ പതാകയും െെകയിലേന്തിയാണ് ബഹുഭൂരിപക്ഷം വിശ്വാസികളും എത്തിയിരുന്നത്. സ്റ്റേഡിയത്തിനുള്ളിൽ പോപ് മൊബീലിൽ പതിയെ നീങ്ങിയപ്പോൾ വിശ്വാസിസമൂഹം മാർപാപ്പയുടെ കരസ്പർശത്തിനായും അനുഗ്രഹത്തിനായും വെമ്പുകയായിരുന്നു. ഇതിനിടയിൽ മാർപാപ്പയ്ക്ക് നൽകാൻ കത്തുമായി ഒരു കൊച്ചു ബാലിക ബാരിക്കേഡിനിടയിലൂടെ ഓടിയെത്തി. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും മാർപാപ്പ സ്നേഹത്തോടെ അതേറ്റുവാങ്ങി അനുഗ്രഹിച്ചു. പിന്നെയും കൈയകലത്തിൽ ഉള്ളവരെയെല്ലാം നെറുകിൽ കൈവെച്ച് അനുഗ്രഹിച്ചാണ് മാർപാപ്പ വിശുദ്ധകുർബാനയ്ക്കായി പ്രധാന വേദിയിലേക്ക് കയറിയത്.

വിവിധ ദേശക്കാരായ 120-ഓളം ഗായകർ ആലപിച്ച പ്രാർഥനാഗീതത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിവിധ രാജ്യങ്ങളിലെ പള്ളികളിൽനിന്നുള്ള ഇരുനൂറോളം വൈദികർ പോപിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷയുടെ ഭാഗമായി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കാതോലിക ബാവ എന്നിവരടക്കം അമ്പതോളം മലയാളി വൈദികരും ഇതിലുൾപ്പെടും. കൊറിയൻ, കൊങ്ങിണി, ഫ്രഞ്ച്, തഗലോഗ്, ഉറുദു, മലയാളം ഭാഷകളിലായിരുന്നു മധ്യസ്ഥ പ്രാർഥനകൾ.

വിവിധ ഇടവകകളിൽ നിന്നും പുറപ്പെട്ടവർ പുലർച്ചെ അഞ്ച് മണി മുതൽ തന്നെ സ്റ്റേഡിയത്തിൽ പ്രവേശിച്ചുതുടങ്ങിയിരുന്നു. അബുദാബി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കീഴിൽ സർവീസ് നടത്തുന്ന മിക്കവാറും ബസുകളെല്ലാം വിശ്വാസികളെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിക്കാൻ പുലർച്ചെ മുതൽ സജ്ജമായിരുന്നു. പുലർച്ചെയുള്ള തണുപ്പിലും കുരുന്നുകളും വയോധികരുമുൾപ്പെടെയുള്ള കുടുംബങ്ങൾ ഒന്നരക്കിലോമീറ്ററിലധികം നടന്ന് സ്റ്റേഡിയത്തിലെത്തിയതിയത് വിശ്വാസത്തിന്റെ പിൻബലത്തിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഭീഷണിയായി ഉയർന്ന മഴയും ചൊവ്വാഴ്ച മാറിനിന്നു.

ദൈവവിളിയുടെ ശക്തിയാണ് ഓരോ ചുവടുംവെക്കാൻ പ്രേരണയായതെന്ന് ദുബായിൽ നിന്നെത്തിയ വർഗീസും കുടുംബവും പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതിയ കാര്യമല്ല ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു ജെബൽ അലിയിൽ നിന്നെത്തിയ സെബാസ്റ്റ്യന് പറയാനുണ്ടായിരുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വന്ദ്യപിതാവിനൊപ്പം ഒരു കുർബാനയിൽ പങ്കുകൊള്ളാനാവുക എന്നതിൽപ്പരം എന്ത് സന്തോഷമാണ് ഇനി ജീവിതത്തിൽ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.