പീരുമേട്: മാർപാപ്പയുടെ ആദ്യ യു.എ.ഇ. സന്ദർശനത്തിന്റെ അടയാളം തയാറാക്കിയത് പീരുമേട് സ്വദേശിയായ ക്രീയേറ്റിവ് ഡിസൈനർ പ്രവീൺ ഐസക്. സമാധാനത്തിന്റെ പ്രതീകമായ പ്രാവാണ് ലോഗോയുടെ പ്രമേയം. പറന്നുയരുന്ന പ്രാവിൻറെ കൊക്കിൽ ഒലിവ് ചില്ല, ചിറകുകളിൽ യു.എ.ഇ.യുടെ പതാകയുടെ നിറങ്ങൾ ഒപ്പം പോപ്‌ ഫ്രാൻസിസ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും. ഇവ പ്രവീൺ കോർത്തിണക്കിയപ്പോൾ ലളിതമായ ലോഗോ കൂടുതൽ ഭംഗിയുള്ളതായി.

പാമ്പനാർ അടിച്ചിക്കാട്ടിൽ വീട്ടിൽ പരേതനായ തമ്പിയുടെയും തങ്കമ്മയുടെയും മകനായ പ്രവീൺ ഇപ്പോൾ വാഴൂർ പത്താം മൈലിലാണ് താമസം. ഏഴുവർഷങ്ങൾക്ക് മുന്പ് ദുബായിൽ ജോലി ചെയ്തിരുന്നു. പതിനൊന്നു വർഷത്തെ പ്രവാസ ജീവിതത്തിൽ വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ടുമാസങ്ങൾക്ക് മുന്പ് വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ കമ്മ്യുണിക്കേഷൻ ഡയറക്ടർ ഇ.പി.ജോൺ ലോഗോ തയ്യാറാക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടു.

പല തരത്തിലുള്ള മാതൃകകൾ വരച്ചുവെങ്കിലും ഏറ്റവും ഇഷ്ടമുള്ളതും ലളിതവും ശക്തവുമായി തോന്നിയ ലോഗോ അയക്കുകയായിരുന്നു. പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രവീണിൻറെ സൃഷ്ടി പേപ്പൽ വിസിറ്റ് ലോഗോയായി തിരഞ്ഞെടുത്തതായി അറിയിപ്പ് വന്നു. ചരിത്ര പ്രാധാന്യമുള്ള മാർപാപ്പയുടെ സന്ദർശനത്തിന് ഭാഗമാകാൻ പറ്റിയത് ഏറെ അനുഗ്രഹമാണെന്ന് പ്രവീൺ പറഞ്ഞു.

ഗൾഫ് നാടുകളിൽ എത്തുന്ന സമാധാന ദൂതനായ മാർപ്പാപ്പയെ പ്രതിനിധീകരിക്കാനാണ് ഒലിവ് ചില്ല ഏന്തിയ പ്രാവ് എന്ന ആശയം ഉണ്ടായതെന്ന് പ്രവീൺ പറഞ്ഞു. ഒലിവ് ഇലയ്ക്ക് പച്ചനിറം, പ്രാവിന് പേപ്പൽ നിറമായ മഞ്ഞ, ഫ്രാൻസിസ്കൻ സന്യാസ സമൂഹം പിന്തുടരുന്ന നിറമായ ബ്രൌണാണ് പോപ്പ് ഫ്രാൻസിസ് എന്ന ഇംഗ്ലീഷ് വാക്കുകൾക്ക് നൽകിയത്.

ഗായകനും ചിത്രകാരനുമായ പ്രവീൺ ഇരുപതു വർഷമായി ക്രിയേറ്റിവ് ഡിസൈനറായി ജോലി ചെയ്തു വരുകയാണ്. തൃശ്ശൂരിൽ ജോയ് ആലുക്കാസ് കോർപ്പറേറ്റ് ഓഫീസിൽ ഡിജിറ്റൽ മീഡിയാ മാനേജരാണ്. ഭാര്യ: ആൻ മരിയ, മക്കൾ: തെരേസ്, ജോവന്ന, റോസ്.

Content Highlights: pope francis uae visit-logo-praveen isaac