അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നുദിവസത്തെ യു.എ.ഇ. പര്യടനത്തിന് സമാപനംകുറിച്ച് ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങുകളിൽ മലയാളവും. ആറ് ഭാഷകളിലായി നടന്ന മധ്യസ്ഥപ്രാർഥനകളിലൊന്നായാണ് മലയാളത്തെ ഉൾപ്പെടുത്തിയത്.

ആർജിക്കുന്നതിലല്ല, ദാനം ചെയ്യുന്നതിലാണ് മഹത്ത്വം കുടികൊള്ളുന്നതെന്ന് യേശു പഠിപ്പിച്ചതായി സായിദ് സ്പോർട്‌സ് സിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് മാർപാപ്പ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ദൈവത്തിന്റെ അനുഗ്രഹവും സ്നേഹവും യേശു ലോകത്തിന് സമ്മാനിച്ചു. മരണത്തെയും പാപത്തെയുമെല്ലാം യേശു തോൽപ്പിച്ചത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്. പുതിയ ലോകക്രമത്തിൽ യേശുവിന്റെ പാത പിന്തുടരേണ്ടതുണ്ടെന്ന് മാർപാപ്പ വിശ്വാസികളെ ആഹ്വാനംചെയ്തു.

അനുഗൃഹീതർ ആരാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിച്ചുകൊണ്ടാണ് ഇറ്റാലിയൻഭാഷയിലെ പ്രഭാഷണം മാർപാപ്പ അവസാനിപ്പിച്ചത്. ദുർബലരാണ് അനുഗൃഹീതർ. അക്രമിക്കുന്നവരും അധികാരപ്രമത്തത കാണിക്കുന്നവരും അനുഗൃഹീതരല്ല. സമാധാനത്തിന്റെ ശില്പികളും അനുഗൃഹീതരാണ്. ശാന്തി, സമാധാനം എന്നിവയാണ് ക്രിസ്ത്യൻസമൂഹം ആഗ്രഹിക്കുന്നതും കൊണ്ടുനടക്കുന്നതും. ലോകത്ത് ശാന്തിയും സമാധാനവും പരസ്പരമുള്ള കരുതലിലൂടെയുമാണ് നല്ലൊരുലോകം നമുക്ക് സൃഷ്ടിക്കാനാവുക. ഒന്നാംതരം പൗരന്മാരെന്നോ രണ്ടാംതരക്കാരെന്നോ ഉള്ള വേർതിരിവ് നമ്മളിലില്ല. എല്ലാവരും പരസ്പര സ്നേഹത്തോടെ കഴിയുന്ന ലോകമാണ് നമ്മുടെ സ്വപ്നം. ഒരാൾ മറ്റൊരാൾക്കും അവർ എല്ലാവർക്കുമെന്ന സ്നേഹസന്ദേശം ഓർമിപ്പിക്കാനും മാർപാപ്പ മറന്നില്ല.

ചൊവ്വാഴ്ച രാവിലെ പത്തോടെ സ്റ്റേഡിയത്തിലേക്ക് തുറന്ന വാഹനത്തിലെത്തിയ പാപ്പ ആൾക്കൂട്ടത്തിനിടയിലൂടെ രണ്ടുവട്ടം സഞ്ചരിച്ച് അനുഗ്രഹം ചൊരിഞ്ഞു. പത്തരയോടെ വിശുദ്ധ കുർബാനച്ചടങ്ങുകൾ തുടങ്ങി. ആതിഥേയരാജ്യത്തോടുള്ള ആദരസൂചകമായി ആദ്യവായന അറബിയിലായിരുന്നു. തുടർന്ന് ഇംഗ്ലീഷിലേക്കും ഇറ്റാലിയനിലേക്കും മാറി. സിറോമലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ കുർബാനയുടെ സഹകാർമികരായി.

രാവിലെ അബുദാബിയിലെ സെയ്‌ന്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യേക പ്രാർഥനനടത്തിയ ശേഷമാണ് മാർപാപ്പ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. അവിടെ ഭിന്നശേഷിക്കാരായ ഏതാനും പേരെ അനുഗ്രഹിക്കാനും അവർക്കായി പ്രാർഥിക്കാനും മാർപാപ്പ സമയം കണ്ടെത്തി.

പന്ത്രണ്ടോടെ കുർബാന കഴിഞ്ഞശേഷം സ്റ്റേഡിയത്തിൽനിന്നിറങ്ങിയ മാർപാപ്പ ഒരു മണിയോടെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽനിന്ന് പ്രത്യേകവിമാനത്തിൽ വത്തിക്കാൻ സിറ്റിയിലേക്ക് മടങ്ങി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഉൾപ്പെടെ ഒട്ടേറെ രാജകുടുംബാംഗങ്ങൾ പാപ്പയെ യാത്രയയക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
content highlights: pope francis uae visit