അബുദാബി: പ്രവാസലോകത്തിന് ഇത് ചരിത്ര മുഹൂർത്തം. വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച രാത്രി അബുദാബിയിൽ വന്നിറങ്ങിയപ്പോൾ യു.എ.ഇ. നൽകിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50-നാണ് മാർപാപ്പയെത്തിയത്.

അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവർഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ഒരു മാർപാപ്പ ഗൾഫ് രാജ്യം സന്ദർശിക്കുന്നതെന്നത് മറ്റൊരു സവിശേഷത.

മൂന്ന് ദിവസത്തെ മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി ഞായറാഴ്ച അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ വിശ്വ മാനവ സാഹോദര്യ സമ്മേളനവും ആരംഭിച്ചു. യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഹിഷ്ണുതയ്ക്കായി കൈകോർക്കാൻ അദ്ദേഹം ലോകത്തോട് അഭ്യർഥിച്ചു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുർബാനയിലും ഒന്നേകാൽ ലക്ഷത്തോളംപേരാണ് പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കും. പത്ത് ലക്ഷത്തിലധികം വരുന്ന, വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യിൽ. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്.

പോപ്പിന്റെ സന്ദർശനം പ്രമാണിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായ്, ഷാർജ എമിറേറ്റുകളിലെ സ്കൂളുകൾക്ക് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പാപ്പയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്കും ചൊവ്വാഴ്ച അവധിയായിരിക്കും.

Content Highlights: Marpapa UAE Visit- Pope Francis lands in Abu Dhabi