‘നിങ്ങൾ ക്ഷമിക്കപ്പെട്ടതുപോലെ നിങ്ങളും ക്ഷമിക്കുക’ എന്ന് ആവർത്തിച്ചുള്ള പല്ലവിയിലൂടെ കാരുണ്യത്തിന്റെ പാപ്പയെന്ന അപരനാമത്തിലാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെടുന്നത്. ‘സംഭാഷണങ്ങളിലൂടെ വ്യക്തിബന്ധങ്ങളിൽ മനുഷ്യത്വം വളർത്താനും തെറ്റിദ്ധാരണകളെ തരണംചെയ്യാനും വ്യക്തികളെ സഹായിക്കുന്നു. പരസ്പരം അറിയാനും മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും സംഭാഷണം വ്യക്തികളെ പ്രാപ്തരാക്കുന്നു. ഇതു ബഹുമാനത്തിന്റെ വലിയ അടയാളം’ എന്നാണ് ഒരു പ്രസംഗത്തിൽ പാപ്പ വിലയിരുത്തിയത് (2016 ഒക്ടോബർ 26).

ലോകത്തിലെ ഏറ്റവുംചെറിയ രാജ്യമായ വത്തിക്കാന്റെ തലവനും ലോക കത്തോലിക്കസഭയുടെ പരമാധ്യക്ഷനുമായ ഫ്രാൻസിസ് മാർപ്പാപ്പയും ഏഴ് എമിറേറ്റ്‌സുകൾ ചേർന്ന് 1971 ഡിസംബർ 2-ന് രൂപവത്ക്കരിക്കപ്പെട്ട യു.എ.ഇ.യുടെ തലവൻ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ചർച്ച ലോകരാഷ്ട്രങ്ങൾ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു മാർപ്പാപ്പ ആദ്യമായി അറബ് രാജ്യം സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അറബ് സംസാരിക്കുന്ന ഈജിപ്തിലും ലബനിലും മാർപ്പാപ്പാ ഇതിനുമുമ്പ് സന്ദർശിച്ചിട്ടുണ്ട്. സംസ്കാരം മനുഷ്യൻ രൂപപ്പെടുത്തുന്നതാണ്. അതിൽ വൈരുധ്യമുണ്ട്. വ്യത്യസ്ത സംസ്കാരങ്ങൾ ഒന്നിക്കുന്നില്ല. ആ സംസ്കാരത്തിലേക്ക് സാഹചര്യങ്ങളനുസരിച്ച് മനുഷ്യൻ ചെന്നുചേരേണ്ടിയിരിക്കുന്നു. മുൻഗാമികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടുകളും ആശയങ്ങളുമുള്ള വ്യക്തിയാണ് മാർപ്പാപ്പ. വ്യത്യസ്തങ്ങളായ രണ്ടു സംസ്കാരങ്ങൾ ഫെബ്രുവരി മൂന്നിന് വിശകലനങ്ങൾക്കും ചർച്ചകൾക്കും വിധേയമാകുന്നു.

മതനിയമങ്ങളിൽക്കൂടി രൂപപ്പെടുത്തിയ അറബ് സംസ്കാരവും സംസ്കാരങ്ങളിൽക്കൂടി രൂപപ്പെടുത്തിയ മതനിയമ കാഴ്ചപ്പാടുകളും സമ്മേളിക്കുന്നിടത്ത് പുതിയ ചില വാതായനങ്ങൾ തുറന്നേക്കും. നല്ല നേതാവ് സംസാരിക്കുന്നത് നാവുകൊണ്ടു മാത്രമല്ല ജീവിതംകൊണ്ടുകൂടിയാണ്. സ്ഥിരതയാർന്ന ജീവിതം നയിച്ചുകൊണ്ടുവേണമത്. നമ്മുടെ ജീവിതത്തിലെ ദൃഢതതന്നെയാണ് നമ്മുടെ സന്ദേശമെന്ന് നേതൃത്വത്തെപ്പറ്റി മാർപ്പാപ്പ അഭിപ്രായപ്പെടുന്നു.

അസീസിയിലെ ഫ്രാൻസിസിനുശേഷം ജനകീയതയുടെ കാര്യത്തിൽ ഇത്രയധികം പ്രകീർത്തിക്കപ്പെട്ട ഒരു ആത്മീയാചാര്യൻ ഉണ്ടോയെന്ന് സംശയമാണ്. പെസഹായ്ക്ക് ജയിൽപ്പുള്ളികളുടെ കാലുകൾ കഴുകിയും ബസിൽ മടക്കയാത്രനടത്തിയും ലളിതമായ ജീവിതം നയിച്ചും ജനകീയനായി. ‘എന്റെ പാപങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും ഓർമിക്കാനും അഹങ്കരിക്കാതിരിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. കാരണം കുറച്ചുകാലത്തേക്കേ ഇതുണ്ടാവൂവെന്ന് എനിക്കറിയാം. രണ്ടോമൂന്നോ വർഷം. അതു കഴിഞ്ഞാൽ എന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകും’-എന്നിങ്ങനെ മരണത്തെപ്പറ്റി ദീർഘവീക്ഷണം ചെയ്ത ആത്മീയാചാര്യനാണ് മാർപാപ്പാ. നല്ല പുഷ്പം മുള്ളുകൾക്കിടയിൽ വളരില്ല. ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും സാമൂഹിക അനീതിയും അതിനുള്ള വാസനയുമാണ് തീവ്രവാദത്തിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകമെന്നുമാണ് അഞ്ചുദിവസത്തെ പോളണ്ട് സന്ദർശനത്തിനുശേഷം റോമിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം അഭിപ്രായപ്പെട്ടത്.

സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്‌ പരിധികൾ ഉണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ശ്രീലങ്കയിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള യാത്രാമധ്യേ അഭിപ്രായപ്പെട്ടു. (2015 ജനുവരി 15).

ദൈവത്തിന്റെ പേരിൽ ഒരിക്കലും വിദ്വേഷവും വെറുപ്പും സൃഷ്ടിക്കരുത്. മാനവികതയ്ക്കും ദൈവത്തിനുമെതിരായ അവഹേളനമാണിത്. ദൈവത്തിന്റെ പേരിൽ യുദ്ധങ്ങൾ ഉണ്ടാക്കരുത്. (2014 ഓഗസ്റ്റ് 12)

പലപ്പോഴും വ്യത്യസ്തമായ തലങ്ങളിൽകൂടി ചിന്തിച്ചതിന്റെ ഫലമായിട്ടാവാം സമകാലീന സംഭവങ്ങളിലൂടെ വൈകാരികമായി അദ്ദേഹം പ്രതികരിക്കുന്നത്. മാർപ്പാപ്പയുടെ നിലപാടുകളോട്‌ പല രീതിയിലുള്ള പ്രതികരണങ്ങൾ ലോകരാഷ്ട്രങ്ങൾ ഉയർത്തിയിട്ടുണ്ട്.

മതനിയമങ്ങളിൽക്കൂടി രൂപപ്പെടുത്തുന്ന സംസ്കാരത്തിന് കാർക്കശ്യം കൂടുതലാണ്. സംസ്കാരത്തിലൂടെ രൂപപ്പെടുന്ന മതനിയമ കാഴ്ചപ്പാടുകൾക്ക് ജനാധിപത്യസ്വഭാവം കൂടുതലുമായിരിക്കും. സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ചിന്തകളിൽക്കൂടി രൂപപ്പെട്ട ക്രൈസ്തവസംസ്കാരവും സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ചിന്തകളിൽക്കൂടി രൂപപ്പെട്ട ഇസ്‌ലാംമത സംസ്കാരവും ലോകരാഷ്ട്രങ്ങൾക്ക് നൽകിയ സംഭാവനകൾ ഏറെയാണ്. മതനിയമങ്ങളുടെ കാർക്കശ്യം നിലനിർത്തുമ്പോഴും വിമർശനങ്ങൾക്ക്‌ വിധേയമായ രാജ്യങ്ങളിൽ നിന്ന്‌ വ്യത്യസ്തമായ നിലപാടുള്ള രാഷ്ട്രമാണ് യു.എ.ഇ. മാനുഷികതയ്ക്കും മൂല്യങ്ങൾക്കും യു.എ.ഇ. ഭരണാധികാരികൾ പ്രാധാന്യം നൽകുന്നു.

സഹിഷ്ണുത നഷ്ടമാകുന്നിടത്താണ് കലഹങ്ങൾ ഉണ്ടാകുന്നത്. ആ കലഹം വ്യക്തിജീവിതത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും രാഷ്ട്രങ്ങൾതമ്മിലുള്ള കലഹങ്ങളിലേക്കും പരിവർത്തനപ്പെടുന്നു.

വ്യക്തികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് മതവിശ്വാസം. മതവിശ്വാസത്തിൽക്കൂടി കണ്ടെത്തുന്ന ദൈവികതയെ ആരാധിക്കുന്നതിൽ ഏതൊരുവ്യക്തിയും സന്തോഷം കണ്ടെത്തുന്നു. ഈശ്വരനിൽക്കൂടി ആ സന്തോഷവും ആനന്ദവും അനുഭവിക്കുന്നു.

പല രാജ്യങ്ങളിലും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും അതതുമതങ്ങളിൽ നിന്നുകൊണ്ട് ദൈവീക ആരാധന നടത്താൻ യു.എ.ഇ. ഭരണാധികാരികൾ ഇതര മതസ്ഥർക്ക് അവസരംനൽകുന്നു. യു.എ.ഇ. ജനതയുടെ പത്തുശതമാനത്തോളം വരുന്ന ജനത ക്രൈസ്തവസമൂഹത്തിൽ നിന്നുള്ളവരാണ്. ക്രൈസ്തവ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്കും ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസികൾക്കും അവരുടേതായ ആരാധനരീതിയിലുള്ള ക്ഷേത്രങ്ങൾ നിർമിക്കാൻ കഴിഞ്ഞിട്ടുണ്ട്. സഹിഷ്ണുതയുടെ വിശാലമായ കാഴ്ചപ്പാടാണ് ഇവിടെ ദർശിക്കാൻ കഴിയുന്നത്.

ഒരു മതത്തിൽനിന്നും മറ്റൊരു മതത്തിലേക്കു നോക്കാനുള്ള യു.എ.ഇ. ഭരണാധികാരികളുടെ വീക്ഷണമാണ് മാർപ്പാപ്പായെ യു.എ.ഇ.ക്ക്‌ എത്തിക്കുന്നത്. ഒരു ഭരണാധികാരി എന്നതിനോടൊപ്പം മതചാരത്തിന്റെ അധിപൻകൂടിയാണല്ലോ അദ്ദേഹം.

കടമ ചിലരെ നന്മയിലേക്ക് നയിക്കുന്നു. ചിലരെ അതൃപ്തിയിലേക്ക് നയിക്കുന്നുവെന്ന പഴമൊഴിപോലെ കടമകൾ നിർവഹിക്കുന്നതിൽ ശ്രദ്ധയോടെ പ്രവർത്തിക്കുന്ന ഒരു പിതാവാണ് മാർപാപ്പ. അതുപോലെത്തന്നെയാണ് മനുഷ്യത്വപരമായ കാര്യങ്ങളിലാണ് യു.എ.ഇ. ഭരണാധികാരികളും ഇടപെടുന്നത്. അവരുടെ വിശാലമായ ചിന്തകളാണ്, ദർശനങ്ങളാണ് സഹിഷ്ണുതയെന്ന ആപ്തവാക്യത്തിലേക്ക് 2019-നെ എത്തിച്ചത്. ലോകംനേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധികളിലൊന്ന് അസഹിഷ്ണുതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഹിഷ്ണുതയുടെ മാർഗത്തിലേക്ക് രാജ്യത്തെ നയിക്കേണ്ടത് അനിവാര്യമായ കടമയായി യു.എ.ഇ. ഭരണാധികാരികൾ വിലയിരുത്തുന്നു. അതിന്റെ ഫലമായാണ് ഒരു മതാചാര്യനെ സഹിഷ്ണുതയുടെ വർഷാചരണത്തിൽ പങ്കടുക്കാൻ സ്വന്തംനാട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യു.എ.ഇ. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെ സഗൗരവമായി കാണേണ്ടതുണ്ട്. വ്യത്യസ്ത മതങ്ങൾ ഉൾക്കൊള്ളുന്ന ആചാരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽപ്പോലും സഹിഷ്ണുത നിലനിർത്താൻ ഭരണാധികാരികൾ ശ്രമിക്കുമ്പോഴും എവിടെയൊക്കയോ സഹിഷ്ണത നഷ്ടപ്പെടുന്നു.

ഓരോരുത്തർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നുള്ള തിരിച്ചറിവിനെ നഷ്ടപ്പെടുത്തി എന്റെ ചിന്തകളും ദർശനങ്ങളുമാണ് ശരിയെന്ന നിലപാടിലേക്ക് മാറുകയും മറ്റുള്ളവരെ ബോധപൂർവം കലഹത്തിലേക്കും അസഹിഷ്ണുതയിലേക്കും തള്ളിവിടുകയും ചെയ്യുന്നു. ഈ പ്രവണത മനുഷ്യ ഉത്‌പത്തി മുതൽ ഉണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. ക്രിസ്തുമത ഗ്രന്ഥമായ ബൈബിളിൽ ഇപ്രകാരം ഒരു കഥയുണ്ട്. ഏദൻ തോട്ടത്തിൽവെച്ച് പാമ്പിനാൽ പരീക്ഷിക്കപ്പെട്ട ആദം ഹവ്വയെയും ഹവ്വ പാമ്പിനെയും ചൂണ്ടിക്കൊണ്ട് തങ്ങളുടേയായ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടും അസഹിഷ്ണുതയിലേക്കുമാറുന്നു. ഇവിടെയാണ് സഹിഷ്ണുതയിലേക്ക് ലോകരാഷ്ട്രങ്ങളെ ചിന്തിപ്പിക്കുന്നത്.

യു.എ.ഇ. ഭരണാധികാരികൾ 2019-ന് നൽകുന്ന പ്രാധാന്യം ലോകരാഷ്ട്രങ്ങൾ അതേ രീതിയിൽ കണക്കിലെടുക്കുകയാണെങ്കിൽ ലോകം നേരിടുന്ന പല പ്രതിസന്ധികൾക്കും പരിഹാരം മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ ഉരുത്തിരിയും.

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ അത് ജലത്തിനുവേണ്ടിയായിരിക്കും എന്നുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, മണലാരണ്യത്തിലേക്ക് കടന്നുവന്ന് ഇവിടെ നടത്തപ്പെടുന്ന ചർച്ച തീർച്ചയായും പ്രകൃതിക്കുവേണ്ടിയുള്ളതുകൂടിയായിരിക്കും. ജലാശയമില്ലാത്ത മണലാരണ്യത്തിൽ നിന്നുകൊണ്ട് പ്രകൃതിയേയും മണ്ണിനേയും ജലത്തെയുംപ്പറ്റി ചർച്ച ചെയ്യുമ്പോൾ അതു വളരെ ഗൗരവമുള്ളതായി മാറും. മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും അനിവാര്യമായത് പാർപ്പിടവും വസ്ത്രവും ആഹാരവുമാണ്. ഇങ്ങനെയുള്ള തിരിച്ചറിവിൽ ജീവിക്കുന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. ഇതേ ചിന്താഗതിയുള്ള ഭരണാധികാരിയാണ് യു.എ.ഇ.യിലും. അതുകൊണ്ടാണ് സ്വന്തം മതത്തിന്റെ ഉള്ളിലേക്ക് സഹിഷ്ണുത എന്ന ആശയത്തിലൂടെ വിവിധ മതസ്ഥരെ ഉൾക്കൊള്ളാനും ലക്ഷക്കണക്കിനുവരുന്ന മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്ക് ജോലിചെയ്യാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാനും യു.എ.ഇ. ഭരണാധികാരികളെ പ്രേരിപ്പിക്കുന്നത്.

സഹിഷ്ണുതയുടെ ഏറ്റവും ഉദാത്തമായ ദർശനമാണ് തൊഴിലിടങ്ങളിൽ കാണാൻ കഴിയുന്നത്. സ്വന്തം ജനങ്ങളെപ്പോലെ മറ്റുരാജ്യക്കാരെയും കരുതുന്നു. അവർക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. തങ്ങളെപ്പോലെ മറ്റു രാജ്യങ്ങളിലെ ജനങ്ങളും ഒന്നിച്ചുകഴിയണമെന്നുള്ള അവരുടെ ചിന്ത മതരാഷ്ട്ര ചിന്തയ്ക്കുമപ്പുറമായി മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരികളിലേക്കാണ് വിലയിരുത്തപ്പെടുന്നത്.

മതങ്ങളുടെ പേരിൽ, വിശ്വാസങ്ങളുടെ പേരിൽ മറ്റുരാജ്യങ്ങളിൽനിന്ന് കടന്നുവന്നവർ ആക്രമിക്കപ്പെടുമ്പോൾ യു.എ.ഇ.യിൽ വിവിധ മതസ്ഥർ ആക്രമിക്കപ്പെടുന്നില്ല എന്നുള്ളതും ആരാധനാ സ്വാതന്ത്ര്യത്തിന് യാതൊരുവിധ തടസ്സങ്ങൾ ഉണ്ടാകുന്നില്ലെന്നതും കാര്യമായി കാണേണ്ടതാണ്. സഹിഷ്ണുതയിലൂടെയാണ്, അഹിംസയിലൂടെയാണ് ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ആയുധമില്ലാതെ പോരാട്ടത്തിന്റെ നിശ്ചയദാർഢ്യം മനസ്സിൽ സ്വാംശീകരിച്ച് ഗാന്ധിജി ജീവിതത്തെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ചില ആശയങ്ങളെ അനുധാവനം ചെയ്തുകൊണ്ട് ദക്ഷിണാഫ്രിക്കയിൽ 25 വർഷത്തിലേറെക്കാലം ജയിൽവാസം അനുഭവിച്ചുകൊണ്ട് നെൽസൺ മണ്ടേല നിറത്തിന്റെപേരിലുള്ള പീഡനങ്ങൾക്കെതിരെ പോരാടി. ദക്ഷിണാഫ്രിക്കയിൽ പുതിയൊരു യുഗത്തിന് അദ്ദേഹം തുടക്കമിട്ടു.

സഹിഷ്ണുതയിൽ നേടുന്ന ആത്മസംയമനമാണ് ഇത്തരം ചിന്തകളിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. കലഹിക്കാൻ മാർഗങ്ങൾ ഏറെ ഉണ്ടാകുമ്പോൾ അതിൽനിന്നൊക്കെയും മാറിനിന്നുകൊണ്ട് വിശാലമായ ദർശനത്തെ രൂപപ്പെടുത്താനും അവരും നമ്മളെപ്പോലെ തന്നെ അംഗീകരിക്കപ്പെടേണ്ടവരാണെന്നുള്ള ചിന്തയിലേക്ക് കടന്നുവരികയാണെങ്കിൽ കലഹം ഒഴിവാക്കാനും കഴിയും. അസഹിഷ്ണുതയിൽനിന്നാണ് സഹോദരനായ ഹാബേലിനെ കൊല്ലാനായി കായേലിനെ പ്രേരിപ്പിച്ചത്. തനിക്കില്ലാത്തത് മറ്റൊരാൾക്ക് കിട്ടിയെന്നുള്ള ചിന്ത കായേലിനെ മാറി ച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. തന്നെപ്പോലെത്തന്നെ മറ്റുവ്യക്തിയേയും ആദരിക്കാൻ കഴിഞ്ഞെങ്കിൽ അവിടെ സഹിഷ്ണുതയുണ്ടാകും.

മാർപ്പാപ്പയുടെ യു.എ.ഇ. സന്ദർശനത്തോടെ പുതിയ ചിന്തകൾ ഉടലെടുക്കുകയും അതിനായി ലോകരാഷ്ട്രങ്ങൾ ശ്രമിക്കുകയും ചെയ്യുമ്പോൾ മാർപാപ്പയുടെ സന്ദർശനം ലോകരാഷ്ട്രങ്ങൾക്ക് പുതിയൊരു ദിശാബോധം ലഭിക്കും. തീർച്ചയായും മാർപാപ്പ മടങ്ങിപ്പോവുമ്പോൾ ചോദ്യങ്ങൾ ഉയരാം. ഇനി എന്ത്? ഇനി എങ്ങനെ? ആ ചിന്തകളിൽനിന്നുകൊണ്ടായിരിക്കും ചർച്ച ഉയരുന്നത്. ആ സംഭാഷണങ്ങൾ സഫലമാക്കാനുള്ള ശ്രമം നടന്നാൽ ലോകരാഷ്ട്രങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തരണംചെയ്യാൻ കഴിയും.

വിനയവും സഹിഷ്ണുതയുമാണ് മാർപ്പാപ്പായുടെ കരുത്ത്. ആ ചിരിയിൽ ലോകം സന്തോഷിക്കുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠയിൽ ലോകം തപിക്കുന്നു. സമസ്ഥാനീയരോടും തന്നേക്കാൾ പദവിയിൽ കുറഞ്ഞവരോടും അദ്ദേഹം തന്മയീഭാവത്തോടെയാണ് പെരുമാറുന്നത്. വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സന്ദർശനത്തെക്കുറിച്ച് ബാവയോടൊപ്പമുണ്ടായിരുന്ന സഭാ മാനേജിങ് കമ്മറ്റി അംഗം ജോജോ ജേക്കബ് അനുസ്മരിക്കുന്നു- ‘ലാളിത്യവും ആതിഥേയത്വവും സമന്വയിക്കപ്പെട്ട ആത്മീയ ആചാര്യനാണ് മാർപ്പാപ്പ. എയർപോട്ടിലേക്കുള്ള മടക്കയാത്ര പുലർച്ചയായിരിക്കേ ആ സമയം വരെ കാത്തിരുന്ന് തങ്ങളെ യാത്രയാക്കുകയായിരുന്നു.’ ഇത്തരത്തിലുള്ള എത്രയോ അനുഭവങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെട്ടവർക്ക് സ്മരിക്കുവാൻ കഴിയും.

ഒരു ഭരണാധികാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിരീക്ഷണമാണ് മൊണ്ടസ്‌ക്യൂ നടത്തിയിരിക്കുന്നത്. മഹാനാകണമെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കണം. അവർക്കും മുകളിലല്ല എന്ന ചിന്ത യു.എ.ഇ ഭരണാധികാരി അൽ നഹ്യാന്റെ ചിന്തകളിലുണ്ടായിരുന്നുവെന്ന് നമുക്കും മനസ്സിലാക്കാം. ‘പറയൂ കാറ്റേ വന്നു ഹേമന്തമെങ്കിൽ തൊട്ടു പിറകേ വസന്തവും വന്നെത്താതിരിക്കുമോ?’ എന്ന പി. ബി. ഷെല്ലിയുടെ ഈരടികൾ എത്രയോ അർഥവത്താണ.

യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും യു.എ.ഇ.ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും മാർപ്പാപ്പയുടെ സന്ദർശനത്തെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. സിംബൽ ഓഫ് പീസ് ടോളറൻസ് ആൻഡ് പ്രൊമോഷൻ ഓഫ് ബ്രദർഹുഡ്.’

യഹൂദചിന്തയുടെ ശക്തമായ രണ്ടു കൈവഴികളാണല്ലോ ക്രിസ്തുമതവും ഇസ്‌ലാം മതവും. തൗറാത്ത് (പഴയനിയമം) ആരാധനയുടെ മൂലഗ്രന്ഥമായി നിലനിൽക്കുമ്പോഴും അതിന്റെ പ്രഭാവത്തിൽ നിന്നുമാണ് ഇഞ്ചിലും (പുതിയ നിയവും) ഖുർ- ആനും നിലനിൽക്കുന്നത്. എല്ലാം പരസ്പര പൂരകങ്ങളാണ്. ഒന്നിൽനിന്ന്‌ മറ്റൊന്നിനെ അടർത്തിമാറ്റിയാൽ ഒരോ വിശുദ്ധഗ്രന്ഥവും അടഞ്ഞ അധ്യായങ്ങളായി മാറും. ക്രിസ്തുപാരമ്പര്യത്തിലെ അപ്പസ്‌തോലിക പിൻതുടർച്ചയായ വത്തിക്കാനും ഈസയെ (യേശു) നബിയായി അംഗീകരിക്കുകയും അന്ത്യപ്രവാചകനായി മുഹമ്മദ് നബിയെ ആദരിക്കുകയും ചെയ്യുന്ന അറബ് സമൂഹവും ഈ കൂടിക്കാഴ്ചയിലൂടെ സംസ്കാരികതയുടെ പുനരൈക്യമായി പരിണമിക്കുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.

ആശയങ്ങളിലൂടെ ലോകം ചെറുതാകുന്നു. രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെയാകുന്നു. അവിടെ സ്നേഹത്തിന്റെ ആശ്ലേഷത്തിലൂടെ മാനവികതയുടെ സദ്ഗുണങ്ങൾ ഏകീഭവിക്കുന്നു.

വത്തിക്കാനും യു.എ.ഇ.യും രണ്ടു രാജ്യങ്ങളായി നിലനിൽക്കുമ്പോഴും ഈ രണ്ടു രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഒത്തുചേരുമ്പോൾ അതൊരു മാനവികതയുടെ പുതിയ ലോകത്തിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നത്.

Content Highlights: pope francis uae visit