കേരളം ലോകകേരളമായി വളരുന്നു എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് മുന്നേറാനുള്ള ശ്രമത്തെയാണ് സംസ്ഥാന സർക്കാർ ജനുവരി 12, 13 തീയതികളിൽ വിളിച്ചു ചേർക്കുന്ന ലോകകേരളസഭ പ്രതിനിധാനം ചെയ്യുന്നത്. 2011-ലെ കാനേഷുമാരി അനുസരിച്ച്‌ കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. കേരളത്തിനു പുറത്തുള്ള കേരളീയരുടെ സംഖ്യ അരക്കോടി വരും.

ഭൂപ്രദേശാടിസ്ഥാനത്തിൽ വളർന്നുവന്ന സംസ്കാരങ്ങൾ പ്രദേശാതീതമായി വളരുന്ന പ്രതിഭാസത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല ആഗോളാടിസ്ഥാനത്തിൽ നോക്കിയാലും വളരെ മുന്നിലാണ്. സ്വാഭാവികമായും ഈ യാഥാർഥ്യത്തോട് പ്രതികരിക്കാനും പൊരുത്തപ്പെട്ടു മുന്നേറാനും കേരളം തയ്യാറാവേണ്ടതുണ്ട്. അതിനാണ് ലോകകേരളസഭയുടെ രൂപവത്‌കരണത്തിലൂടെ സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്.

ഇന്ത്യൻ പ്രവാസിസമൂഹത്തിന്റെ വലിപ്പവും പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ നിയമനിർമാണ വേദികളിൽ പ്രവാസികളുടെ പ്രതിനിധികൾക്കും ഇടം നൽകേണ്ടിവരും. അതിന്‌ തത്‌കാലം കഴിഞ്ഞില്ലെങ്കിൽ ആംഗ്ലോഇന്ത്യൻ പ്രതിനിധികൾക്കു സമാനമായ നിലയിൽ പ്രവാസികളുടെ പ്രതിനിധികളെ നിയമ നിർമാണസഭകളിലേക്കു നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായമെങ്കിലും കൊണ്ടുവരേണ്ടി വരും.

പരിമിതി ഉണ്ടെങ്കിലും പ്രവാസികളുടെ ശബ്ദം സഭാവേദികളിൽ മുഴങ്ങിക്കേൾക്കാൻ ഇത് സഹായിക്കും. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പരീക്ഷണമായ ‘ലോകകേരളസഭ’ പ്രസക്തമാവുന്നത്. കേരളത്തിന്റെ പൊതുകാര്യങ്ങളിൽ പുറത്തുള്ള കേരളീയരെക്കൂടി കേൾക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുമുള്ള വേദിയാണ് ലോകകേരളസഭ. അതുകൊണ്ട് കേരളത്തിന്റെ ജനാധിപത്യവത്‌കരണ പ്രക്രിയയിലെ ഏറ്റവും പുതിയ ഘട്ടമായി ലോകകേരളസഭയെ കാണാവുന്നതാണ്. 

പ്രവാസികളുടെ അവകാശങ്ങളും  അവർ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ധർമം മാത്രമല്ല ലോകകേരളസഭയ്ക്കുള്ളത്. ലോകകേരളസഭയുടെ മറ്റൊരു പ്രധാനലക്ഷ്യം ലോകത്തെമ്പാടുമുള്ള കേരളീയരെ ഒരുമിപ്പിക്കുക എന്നതാണ്. കേരളീയ പ്രവാസി സംഘടനകൾ തമ്മിൽത്തമ്മിലും അവയും കേരളവുമായും കൂടുതൽ ബലപ്പെട്ട അടുപ്പങ്ങൾ സ്ഥാപിക്കാൻ കഴിയും. ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്കുവഹിക്കാനുള്ള ശ്രമമാണ്‌ ലോകകേരളസഭ.

‘പ്രവാസിദിവസ്’ പോലെയുള്ള മറ്റു പ്രവാസിസംഗമങ്ങളിൽനിന്ന്‌ ലോകകേരളസഭയെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം അത് ഒരു സ്ഥിരംസഭയാണ് എന്നതാണ്. സഭയിലെ കുറേ അംഗങ്ങൾ കാലാകാലം വിരമിക്കും; പുതിയ അംഗങ്ങൾ വരും; പക്ഷേ, സഭ എപ്പോഴും നിലവിലുണ്ടാവും. ബൃഹദ്‌കേരളത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക അംഗീകാരവും സ്ഥിരതയുമുള്ള ചരിത്രത്തിലെ ആദ്യത്തെ സ്ഥാപനമായിരിക്കും ലോകകേരളസഭ. പ്രവാസികൾക്ക് പ്രോക്സിവോട്ട്‌ അനുവദിച്ചാലും ഇല്ലെങ്കിലും ലോകകേരളസഭയ്ക്കു സമാനമായ ഒരു സ്ഥാപനം ദേശീയാടിസ്ഥാനത്തിലും ഉണ്ടാവണം. ദേശീയാടിസ്ഥാനത്തിലാകുമ്പോൾ ‘ലോകഭാരതസഭയ്ക്ക്’ ഭരണഘടനാ സാധുത നൽകാനും എളുപ്പമാണ്

ലോകകേരളസഭയുടെ ഏറ്റവും വലിയ സംഭാവന അത് കേരളീയരുടെ വികസനചിന്തകളുടെ അലകുംപിടിയും മാറ്റും എന്നതാണ്. കേരളം ലോകകേരളമായി വളർന്നിരിക്കുന്നു എന്നും കേരളകാര്യങ്ങളിൽ ഒരു ലോകകേരളവീക്ഷണം ആവശ്യമാണെന്നുമുള്ള ജാഗ്രത സൃഷ്ടിക്കാൻ അത് സഹായിക്കും. കേരളം പണ്ടു മുതലേ ആഗോളപ്രവൃത്തിവിഭജനവുമായി ചേർന്നുപോകാൻ പരിശ്രമിച്ചിട്ടുള്ള നാടാണ്.

കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന വലിയ ഒരു പങ്കിന് തൊഴിൽ ലഭിക്കുന്നതും അവരുടെ സേവനം ഉപയോഗപ്പെടുത്തപ്പെടുന്നതും കേരളത്തിനു പുറത്താണ്. നാട്ടിൽ പ്രവർത്തിക്കുന്ന സേവനദാതാക്കളും പുറംനാട്ടിൽ നിന്നുള്ള ഉപഭോക്താക്കളെ വലിയതോതിൽ ലക്ഷ്യമിടുന്നുണ്ട്. മലയാളി മൂലധനം കൂടുതൽ വളരുന്നതും ഒരുപക്ഷേ, ഇപ്പോൾ കേരളത്തിന് പുറത്താണ്. ഫോബ്‌സ് മാസികയുടെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള ഒട്ടേറെ മലയാളികളുണ്ട്.

സിനിമ മുതൽ മിമിക്രി വരെയുള്ള സാംസ്കാരിക ഉത്പന്നങ്ങൾക്കും പുറംവിപണി വലിയ ഉത്തേജനമാവുകയാണ്. കേരളത്തിന്റെ ഈ ആഗോളവിജയത്തിന്റെ അടിസ്ഥാനമാധ്യമം പ്രവാസിസമൂഹമാണ്. കേരളത്തിൽനിന്ന് കയറ്റുമതിചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രധാന ഉപഭോക്താക്കൾ നമ്മുടെ പ്രവാസി സമൂഹം തന്നെയാണ്. പ്രവാസിസമൂഹത്തിന്റെ സാന്നിധ്യം മറ്റു ദേശക്കാരെയും കേരളത്തിന്റെ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായി മാറ്റുന്നുണ്ട് എന്നുമാത്രമല്ല ലോകവിപണിയിൽ മാറ്റുരയ്ക്കാൻ കേരളത്തിലെ ഉത്പാദകരെ പ്രാപ്തരാക്കുന്നതിലും പ്രവാസികളുടെ സാന്നിധ്യം വലിയ സഹായമാവുന്നുണ്ട്.

കേരളത്തെ പ്രദേശാധിഷ്ഠിതമായി നിർവചിക്കാനുള്ള അതായത് സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം മാത്രമായി കാണുന്ന സമ്പ്രദായമാണ് ഇപ്പോഴും പ്രബലം. ലോകകേരളസഭ ഇത്തരം മുൻധാരണകളെയും ശീലങ്ങളെയും മാറ്റാനുള്ള പ്രേരണ നൽകും.