ലോക കേരള സഭയുടെ ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. പുതിയ സംരംഭമായതിനാല്‍ എന്തൊക്കെയാവും എന്നതിനെക്കുറിച്ച് ഇപ്പോഴും ഏറെ അവ്യക്തതകള്‍ ഉണ്ട്. പക്ഷേ, ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്തു  നടക്കുന്ന സമ്മേളനത്തിന്റെ ഇപ്പോഴത്തെ അജന്‍ഡ കാണുമ്പോള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് ഇപ്പോഴും നമ്മുടെ സര്‍ക്കാരുകള്‍ ഏറെ പിന്നിലാണെന്നാണ് തോന്നുന്നത്.

സമ്മേളനത്തിന് മുന്നോടിയായി മീഡിയാ അക്കാദമി ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏതാനും മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാധ്യമസമ്മേളനം നടത്തുന്നുണ്ട്. വസന്തോത്സവം എന്ന പേരില്‍ പുഷ്പ, ഫല, സസ്യ പ്രദര്‍ശനം, ഓണ്‍ലൈന്‍ സാഹിത്യമത്സരങ്ങള്‍, ചിത്രകലാ ക്യാമ്പും പ്രദര്‍ശനവും നാടകോത്സവം എന്നിങ്ങനെ കേരളത്തിന്റെ പതിവ് പരിപാടികളൊക്കെ ഇതിന്റെ ഭാഗമായി അേേരങ്ങറുന്നുണ്ടെന്ന് ലോക കേരളസഭയുടെ വെബ്സൈറ്റ് പറയുന്നു.


യാഥാര്‍ഥ്യത്തില്‍ നിന്നകലരുത്

സമ്മേളനങ്ങളും സഭയും എന്തായിരിക്കും ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്ന കാര്യത്തില്‍ വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് സാധാരണക്കാരായ പ്രവാസികളും ഗള്‍ഫിലെ യാഥാര്‍ഥ്യങ്ങളും എത്രമാത്രം വിഷയമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്.  
ഇന്ത്യക്ക് പുറത്തെ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് നാടുകളിലാണ്.

അമേരിക്കയിലോ യൂറോപ്പിലോ പോലുള്ള നാടുകളിലെ പ്രവാസികളില്‍നിന്ന് തീര്‍ത്തും വിഭിന്നമാണ് ഗള്‍ഫിലെ പ്രവാസികള്‍. അവര്‍ ഇവിടെ എത്രകാലം ജോലിചെയ്താലും നാട്ടിലേക്കുള്ള തിരിച്ചുവരവ്  അനിവാര്യമാണ്. എന്നാല്‍, മറ്റ് പല രാജ്യങ്ങളിലും അവിടെ പൗരത്വം വരെ നേടാം, കുടിയേറാം. ഗള്‍ഫ് ഇപ്പോഴും പ്രവാസിയെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റെ പ്രദേശമാണ്. തൊഴില്‍ സുരക്ഷിതത്വം തന്നെ അതില്‍ പ്രധാനം.

ഇനി ലോക കേരളസഭ ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടുന്നവ പരിശോധിക്കാം. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രവും ഭാവിയും ഇന്ത്യാ സര്‍ക്കാരിന്റെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങള്‍, നോര്‍ക്കയുടെ പ്രവര്‍ത്തനം, മറുനാട്ടിലേക്ക് പോകുന്നവര്‍ യാത്രയ്ക്കുമുമ്പും ശേഷവും നേരിടുന്ന ചൂഷണങ്ങള്‍, പ്രവാസികളുടെ ക്ഷേമവും തിരിച്ചുവരുന്നവരുടെ പുനരധിവാസവും എന്നിങ്ങനെ പോകുന്നു  അവ. പല കാലങ്ങളിലായി നമ്മള്‍ ചര്‍ച്ചചെയ്തതും ഇപ്പോഴും ചെയ്യുന്നതുമായ വിഷയങ്ങള്‍ തന്നെ ഇതില്‍ മിക്കതും.

എന്നാല്‍, ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് നാം എത്രമാത്രം ബോധവാന്മാരാണ് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. അതൊരു വലിയ വിഷയമായി ലോക കേരള സഭയില്‍ വന്നിട്ടില്ല. ഇനി ചര്‍ച്ചയ്ക്കിടയില്‍ വരുമെങ്കില്‍ നല്ല കാര്യം.


നല്ലകാലം കഴിയുന്നു

ഗള്‍ഫിലെ നല്ലകാലം കഴിഞ്ഞെന്ന തോന്നലാണ് എല്ലാ പ്രവാസികളിലും  രൂപപ്പെട്ടിരിക്കുന്ന ബോധം. സ്വദേശിവത്കരണവും മറ്റ് രാജ്യക്കാരുടെ കുടിയേറ്റവുമെല്ലാം മലയാളികളുടെ സാധ്യതകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനകം പത്തുലക്ഷം പേരെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് പലരും സൂചിപ്പിക്കുന്നത്.

ഈ യാഥാര്‍ഥ്യത്തെ ലോക കേരള സഭയോ കേരള സര്‍ക്കാരോ അഭിമുഖീകരിക്കുന്നെന്ന് തോന്നുന്നില്ല. പ്രവാസിയെ ഇപ്പോഴും പണംകായ്ക്കുന്ന മരമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, ആ കാലമെല്ലാം മാറിയെന്ന്  അംഗീകരിക്കാന്‍ മിക്കവരും തയ്യാറാവുന്നില്ല.

എന്നാല്‍, ഗ്ലോബലൈസേഷന്‍ അഥവാ ആഗോളീകരണത്തിന്റെ മറുപുറമായ ഡീ ഗ്ലോബലൈസേഷനാണ് ഇനി നാം അഭിമുഖീകരിക്കുന്നത്. മലയാളികള്‍ നിറഞ്ഞുനിന്ന  തൊഴില്‍മേഖലകളെല്ലാം തദ്ദേശീയര്‍തന്നെ കൈയടക്കുന്ന രീതിയിലാണ് ഡീ ഗ്ലോബലൈസേഷന്റെ ആക്രമണം.

സൗദിയും യു.എ.ഇ. യും മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലാക്കാന്‍ പോകുന്നു. എക്‌സൈസ് നികുതി ചില ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ചുമത്തിക്കഴിഞ്ഞു. അടുത്തുതന്നെ പുതിയൊരു നികുതി യു.എ.ഇ.യില്‍ വരാന്‍ പോകുന്നു എന്ന സൂചനകള്‍ വന്നുകഴിഞ്ഞു.

അത് ഏത് രീതിയിലായിരിക്കും എന്ന കാര്യത്തില്‍ മാത്രമാണ് അവ്യക്തത. എന്തായാലും നികുതിയില്ലാതെ പണം സമ്പാദിക്കാനും വ്യാപാരം നടത്താനുമൊക്കെ കഴിഞ്ഞിരുന്ന കാലം അവസാനിക്കാന്‍ പോവുകയാണ്.


പുതിയ സാധ്യതകളായിരിക്കണം അജന്‍ഡ

പുതിയ തൊഴില്‍ സാധ്യതകളും ലോകത്ത് പലേടത്തുമുണ്ട്. എന്നാല്‍, അക്കാര്യം അറിയുന്നതിലും നാട്ടുകാരെ അറിയിക്കുന്നതിലും  കേരളം ഏറെ പിന്നിലാണ്. വിവിധ രാജ്യങ്ങളിലെ സാധ്യതകള്‍ കണ്ടെത്തി ഉദ്യോഗാര്‍ഥികളെ അറിയിക്കാനുള്ള സംവിധാനം കേരളസര്‍ക്കാരിനുണ്ടാകണം. നോര്‍ക്കപോലുള്ള സംവിധാനങ്ങള്‍ ഇതു കൂടി കണക്കിലെടുക്കണം.

കൂടുതല്‍ തൊഴില്‍വിപണി കണ്ടെത്താനാവണം ഇനിയുള്ള ശ്രമങ്ങള്‍. എന്നാല്‍, മറുനാടുകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരോ ഔദ്യോഗികസംവിധാനങ്ങളോ വലിയ പഠനമൊന്നും ഇതുവരെ നടത്തിയതായി തോന്നുന്നില്ല. ലോക കേരളസഭയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായി അത് മാറണം. അതിനാവണം കൂടുതല്‍ ശ്രദ്ധയും.