തിരുവനന്തപുരം​: പ്രവാസരാജ്യത്തെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തിയാല്‍ പുതിയ കേരളമാതൃക രൂപപ്പെടുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.

പ്രവാസികള്‍ കഴിയുന്ന രാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളടക്കം കേരളത്തിന്റെ പുരോഗതിക്ക് ഉതകണം. ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ജനസംഖ്യയില്‍ പകുതി ചെറുപ്പക്കാരുടേതായി മാറുകയാണ്. മാറുന്ന ലോകത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് അവരെ പരിശീലിപ്പിക്കാനാകണം. പ്രതിപക്ഷവും ഭരണപക്ഷവും വികസനകാര്യത്തില്‍ ഒന്നിക്കുന്ന പ്രവണത കേരളത്തില്‍ കണ്ടുതുടങ്ങിയത് നേട്ടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന ബജറ്റിന്റെ അത്രതന്നെ തുക പ്രവാസികളുടെ നിക്ഷേപമായുള്ള സംസ്ഥാനമാണ് കേരളം. നിക്ഷേപം വേണ്ടത്രയുള്ളതിനാല്‍ ബാങ്കുകള്‍ സ്ഥിരനിക്ഷേപം ആവശ്യപ്പെടാത്ത നാടാണിത്. ഈ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്താനാകണം. പ്രവാസികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകണം.

ലോക കേരളസഭയ്ക്ക് തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക മലയാള സമ്മേളനം പോലെ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ പരിപാടികളോട് അന്നത്തെ പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷം വികസനകാര്യത്തില്‍ സഹകരിക്കാനാണ് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, എന്‍. വിജയന്‍പിള്ള എം.എല്‍.എ, വ്യവസായി രവി പിള്ള, ചീഫ് സെക്രട്ടറി പോള്‍ ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി.എം. ജാബിറിന്റെ 'ആമുഖമില്ലാത്ത അനുഭവങ്ങള്‍' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.ടി. ജലീലിന് നല്‍കി പ്രകാശനം ചെയ്തു.