തിരുവനന്തപുരം: കോടികള്‍ മുടക്കി നടത്തുന്ന ലോകകേരളസഭകൊണ്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കെ. മുരളീധരനും പന്തളം സുധാകരനുമാണ് കേരളസഭയ്‌ക്കെതിരേ രംഗത്തെത്തിയത്.

കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ കൊടുത്തിട്ട് അഞ്ചുമാസമായി. അതിന് പണമില്ലാത്ത സര്‍ക്കാരാണ് അഞ്ചുകോടി ചെലവില്‍ ലോകകേരളസഭ നടത്തുന്നത്. വിദേശഫണ്ടുകൂടി ഉള്‍പ്പെടുത്തി ക്ഷേമനിധി രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പ്രവാസികളോട് വിളിച്ചുപറഞ്ഞാല്‍ത്തന്നെ അവര്‍ പണം തരുമായിരുന്നു. ഇപ്പോള്‍ മുടക്കിയ തുകകൂടി ക്ഷേമനിധിയില്‍ ചേര്‍ക്കാമായിരുന്നു. ഭരണഘടനപ്രകാരം സത്യപ്രതിജ്ഞചെയ്ത എം.പി.മാരെയും എം.എല്‍.എ.മാരെയും വീണ്ടും സത്യപ്രതിജ്ഞചെയ്യിക്കാനുള്ള തീരുമാനത്തെ സ്​പീക്കര്‍പോലും എതിര്‍ക്കാഞ്ഞത് എന്തുകൊണ്ടാണെന്നും മുരളീധരന്‍ ചോദിച്ചു.

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നും നോട്ടുനിരോധനം നല്ലതാണെന്നും പറഞ്ഞ തന്റെ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥിന്റെ അഭിപ്രായത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകകേരളസഭ എന്നാല്‍ പ്രവാസി അവഹേളന സഭയാണെന്ന് പന്തളം സുധാകരന്‍ കുറ്റപ്പെടുത്തി. വിലയില്ലാത്ത യോഗം നടത്താന്‍ നിയമസഭാവേദി ഉപയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. പ്രവാസികളെ തരംതിരിച്ച് അപമാനിക്കുകയാണ് സര്‍ക്കാര്‍. ഇത് പിരിവിനുള്ള തരംതിരിച്ച 'ഡയറക്ടറി' ഉണ്ടാക്കാനുള്ള കൗശലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.