തിരുവനന്തപുരം: പ്രഥമ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുന്നു. 

കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ഈമാസം ഏഴ് മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 'വസന്തോത്സവം - 2018' സംഘടിപ്പിക്കുന്നു. 

വൈവിധ്യമാര്‍ന്ന പുഷ്പമേള, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശന-വിപണനമേള, ഔഷധ-അപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.

വസന്തോത്സവം 2018 വെബ് സൈറ്റ്, ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബഹു: ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവരും സന്നിഹിതരായിരുന്നു. വെബ്‌സൈറ്റ് ലിങ്ക് : http://www.vasantholsavamkerala.org/