തിരുവനന്തപുരം: വിദേശത്തുള്ള വ്യവസായസംരംഭകരുമായി ബന്ധംപുലര്‍ത്തുന്നതിന് പ്രവാസി വാണിജ്യചേംബറുകള്‍ക്ക് രൂപംനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരളസഭയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

ഓരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകളാണ് രൂപവത്കരിക്കുക. ഇവയും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം സ്ഥാപിച്ച് ആഗോളതലത്തില്‍ മലയാളികളുടെ വ്യവസായ -വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം. ലോകകേരളസഭയിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതടക്കം ഏഴുതീരുമാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മറ്റുതീരുമാനങ്ങള്‍

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഇന്‍കെല്‍ മാതൃകയില്‍ 'കേരള വികസനനിധി' രൂപവത്കരിക്കും. മടങ്ങിയെത്തുമ്പോള്‍ നാട്ടില്‍ തൊഴില്‍ ഉറപ്പാക്കാനുള്ള നിക്ഷേപമെന്ന നിലയില്‍ ഇതുപയോഗിക്കും. നിശ്ചിതതുകയ്ക്കുള്ള നിക്ഷേപം പ്രഖ്യാപിത പ്രവാസിസംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസരിച്ച് ഏതെങ്കിലും സ്ഥാപനത്തില്‍ തൊഴില്‍ നല്‍കാന്‍ അവകാശം നല്‍കും.

പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക വായ്പാസൗകര്യം ഒരുക്കും. ഇവര്‍ മടങ്ങിയെത്തുംമുമ്പേ ആശയവിനിമയം നടത്താന്‍ പ്രത്യേക ഏജന്‍സിയുണ്ടാക്കും. എന്‍.ആര്‍.ഐ. നിക്ഷേപത്തിനുമാത്രമായി ഏകജാലക സംവിധാനമൊരുക്കാന്‍ സാധ്യതാപഠനം നടത്തും.

പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ പദ്ധതിയുണ്ടാക്കും. വിദേശത്ത് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് പരിഗണിക്കും. പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്ന പദ്ധതികള്‍ വിപുലപ്പെടുത്തും.

എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപവത്കരിക്കും. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങളുണ്ടാക്കും.

തീരുമാനങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം ഉറപ്പാക്കാനായി കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ആറുമാസത്തിനകം സമിതികള്‍ വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം കൊണ്ടുവരും.

രണ്ടുദിവസമായി പൊതുസഭയിലും ഉപസമ്മേളനങ്ങളിലും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന പൊതുസഭയില്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. അവ ക്രോഡീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സഭാ ഉപനേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, നടി രേവതി, എം. അനിരുദ്ധന്‍, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.