യുണൈറ്റഡ് നേഷന്‍സ്: കടുത്തക്ഷാമത്തിലേക്ക് നീങ്ങുന്ന യെമെനില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലെന്ന് ഐക്യരാഷ്ട്രസഭ. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം കഴിഞ്ഞ ദിവസം യെമെന്റെ അതിര്‍ത്തി അടച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്.

ലോകം ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ കാണുന്ന ഏറ്റവും കടുത്ത ക്ഷാമത്തിലേക്കാണ് യെമെന്റെ പോക്കെന്ന് ജീവകാരുണ്യകാര്യങ്ങള്‍ക്കുള്ള യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ക് ലോകോക്ക് പറഞ്ഞു. 1.7 കോടിപ്പേര്‍ക്ക് അടിയന്തരമായി ആഹാരം വേണം. ഇതില്‍ 70 ലക്ഷം പേര്‍ ക്ഷാമത്തിന്റെ വക്കിലാണ്. അതിസാരം പിടിപെട്ട് രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചു.

മൂന്നുവര്‍ഷത്തോളമായി യെമെന്‍ സര്‍ക്കാറും ഹൂതി വിമതരും തമ്മില്‍ ആഭ്യന്തരയുദ്ധം നടക്കുന്ന യെമെന്‍ ലോകത്തെ ഏറ്റവും ദരിദ്രരാജ്യമാണ്. ആഹാരത്തിനും ഇന്ധനത്തിനും മരുന്നിനും ഇറക്കുമതിയെയാണ് രാജ്യം ആശ്രയിക്കുന്നത്.

യുദ്ധത്തില്‍ യെമെന്‍ സര്‍ക്കാറിനുവേണ്ടി 2015 മാര്‍ച്ച് മുതല്‍ പോരാടുകയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം. കഴിഞ്ഞദിവസം ഹൂതി വിമതര്‍ സൗദിയിലെ റിയാദ് വിമാനത്താവളത്തിനടുത്തേക്ക് മിസൈല്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സൗദി യെമെന്റെ അതിര്‍ത്തിയടച്ചത്. അടിയന്തരസഹായമെത്തിക്കാനായി വ്യോമ, നാവികപാതകള്‍ തുറക്കണമെന്ന് യു.എന്‍. രക്ഷാസമതി സൗദി സഖ്യത്തോട് അഭ്യര്‍ഥിച്ചു. അതിസാരം തടയുന്നതിനായി ജീവകാരുണ്യസംഘടനയായ റെഡ് ക്രോസ് കപ്പലില്‍ കൊണ്ടുവന്ന ക്ലോറിന്‍ ഗുളികകള്‍ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.