ദമ്മാം: വിസ്ഡം ഇസ്ലാമിക് ഓര്‍ഗൈസേഷന്‍ 'നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ത്രൈമാസ കാമ്പയിന്റ ഭാഗമായി സൗദി അറേബ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 5ന് ഉച്ചക്ക് 1.15 മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സൂം, യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നാട്ടിലും പ്രവാസ ലോകത്ത് നിന്നുമുള്ള മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി ദേശീയ തല കോര്‍ഡിനേഷന്‍ പ്രവര്‍ത്തക സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാമ്പയിനിന്റെ ഭാഗമായി സമൂഹത്തിലെ നാന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍, ഡോക്ടേഴസ് കോണ്‍ഫറന്‍സ്, എഞ്ചിനീയര് സംഗമം, വിദ്യാര്‍ഥി സമ്മേളനം, ഖത്തീബ് സംഗമം, മഹല്ല് കോണ്‍ഫറന്‍സ്, മോട്ടോര്‍ തൊഴിലാളി സംഗമം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു കഴിഞ്ഞതായി സംഘാടകര്‍ വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി യോഗത്തില്‍ റിയാദ് ഇസ്ലാഹീ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അഡ്വ. ഹബീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍ഷദ് ബിന്‍ ഹംസ ജൂബൈല്‍, ഡോ. മുഹമദ് ശഹീര്‍ ഖമീസ് മുശൈത്, ഉമര്‍ ശരീഫ്, നൗഷാദ് കാസിം ദമ്മാം, സക്കരിയ്യ സാഹിബ് അല്‍കോബാര്‍, ഇഖ്ബാല്‍ ആമ്പത്ത്, ഫൈസല്‍ വാഴക്കാട് ജിദ്ദ എന്നിവര്‍ സംസാരിച്ചു. 

പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍, വിദഗ്ദര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍ ആണ് പ്രവാസി സംഗമത്തിന്റെ പ്രധാനപ്പെട്ട സെഷന്‍. പ്രവാസികള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ ഗൂഗിള്‍ ഫോം വഴി അറിയിക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: wisdom islamic organisation