ജിദ്ദ: ഓഗസ്റ്റ് 1 മുതല്‍ സൗദി ഇഷ്യൂചെയ്തു തുടങ്ങിയ വിനോദ സഞ്ചാരവിസയുടെ കാലാവധി ഒരുവര്‍ഷമായിരിക്കും. എന്നാല്‍ 90 ദിവസം സൗദിയില്‍ തുടര്‍ച്ചയായി താമസിച്ചശേഷം വീണ്ടും സൗദിയിലേക്ക് തിരികെ വരാവുന്ന തരത്തില്‍ മള്‍ട്ടിപിള്‍ വിസയാണ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കാണ് സൗദി അറേബ്യ വാതില്‍ തുറന്നിരിക്കുന്നത്. ഇലക്ട്രോണിക് വിസ ലഭിക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.

രാജ്യത്ത് അംഗികരിച്ച കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് നടത്തിയവര്‍ക്കാണ് ടൂറിസ്റ്റ് വിസ നേടുന്നതിനും സൗദിയിലേക്ക് പ്രവേശിക്കുന്നതിനും അനുമതിയുള്ളത്. സന്ദര്‍ശകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് പൂര്‍ണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് നടത്തി മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധന ഫലവും കരസ്ഥമാക്കിയിരിക്കണം.

കൊറോണ വൈറസ് പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ വേഗത്തിലും എളുപ്പത്തിലും വിസ ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

49 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഉംറ നിര്‍വഹിക്കാനും രാജ്യത്തുടനീളമുള്ള ടൂറിസവുമായി ബനന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാനും കഴിയും.
സന്ദര്‍ശകര്‍ക്ക് സൗദിയുടെ ജതയുടെ ആതിഥ്യവും രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും പ്രൗഡോജ്വലമായ സംസ്‌കാരവും വൈവിദ്യമാര്‍ന്ന ഭൂപ്രകൃതിയും കാഴ്ചകളും ആസ്വദിക്കുവാനാകും.

അമേരിക്ക, കാനഡ, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, നെതര്‍ലാന്റ്സ്, ഹംഗറി. ബ്രൂണൈ, ചൈന, ജപ്പാന്‍, കസാക്കിസ്ഥാന്‍, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുട8ിയ രാജ്യങ്ങളിലെ പൗരമാര്‍ക്ക് ടൂറിസ്റ്റ് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

വിനോദസഞ്ചാരികള്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നതിനും ടൂറിസ്റ്റ് വിസയുള്ളവര്‍ക്കു പ്രവേശനത്തിനുള്ള വിലക്ക് ആഗസ്റ്റ് 1 മുതല്‍ പിന്‍വലിക്കുന്നതിനുമുള്ള തീരുമാനം ടൂറിസം മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.

Content Highlights: Visitors to Saudi Arabia get multiple visas