വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്ന് യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു. പേർഷ്യൻ ഉൾക്കടലിൽ പ്രതിരോധം വർധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്.
സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതൽ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ നിലവിലെ സൈനികബലം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
അതേസമയം, എത്ര സൈനികരെയാണ് അയയ്ക്കുന്നതെന്ന വിവരം യു.എസ്. വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രിൻസ് സുൽത്താൻ എയർബേസിലേക്ക് 500 സൈനികരെക്കൂടി അയക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പശ്ചിമേഷ്യയിൽ സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കാനും ‘ഓപ്പറേഷൻ സെന്റിനൽ’ എന്ന പേരിൽ ബഹുരാഷ്ട്രതലത്തിൽ യു.എസ്. ശ്രമമാരംഭിച്ചതായി വെള്ളിയാഴ്ച സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. അറേബ്യൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക്, ബാബെൽ മാൻദെബ് കടലിടുക്ക് (ബി.എ.ബി.), ഗൾഫ് ഉൾക്കടൽ എന്നിവിടങ്ങളിലെ സുരക്ഷയാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ പശ്ചിമേഷ്യയിലും യു.എസ്. സൈനികസാന്നിധ്യം വർധിപ്പിച്ചിരുന്നു.
വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിന്റെ പ്രവേശനമേഖലയിൽ തങ്ങളുടെ സൈനികക്കപ്പലിന് ഭീഷണിയുയർത്തിയ ഇറാന്റെ ഡ്രോൺ തകർത്തതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ പ്രകോപനത്തിന് മറുപടി നൽകുകയായിരുന്നെന്നാണ് ട്രംപ് പറഞ്ഞത്. യു.എസിന്റെ യു.എസ്.എസ്.ബോക്സർ എന്ന യുദ്ധക്കപ്പലാണ് ഇറാന്റെ ഡ്രോൺ തകർത്തതെന്ന് പെന്റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാനും പറഞ്ഞു. എന്നാൽ, യു.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്ക് ഡ്രോൺ നഷ്ടമായിട്ടില്ലെന്നും ഇറാൻ പറഞ്ഞു.
ജൂണിൽ ഹോർമുസ് കടലിടുക്കിൽ യു.എസിന്റെ നിരീക്ഷണവിമാനം ഇറാൻ വെടിവെച്ചിട്ടിരുന്നു. തുടർന്ന് ഇറാനെ ആക്രമിക്കാൻ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു.
content highlights: US to send troops to Saudi Arabia as tensions with Iran