വാഷിങ്ടൺ: യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനിൽക്കാനാവില്ലെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യു.എസ്. സൈന്യത്തിന്റെ പിന്തുണയില്ലാതെ സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന് അധികാരത്തിൽ തുടരാനാവില്ലെന്നും യു.എസിൽ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

സമ്പന്നരാഷ്ട്രങ്ങൾക്കും യു.എസ്. സംരക്ഷണം നൽകുന്നുണ്ടെന്നും എന്നാൽ, അവരിൽനിന്ന്‌ തിരിച്ച് തങ്ങൾക്ക് ഗുണമൊന്നും ലഭിക്കുന്നില്ലെന്നുമുള്ള ഉദ്ദേശ്യത്തിലായിരുന്നു സൗദിക്കുനേരെയുള്ള ട്രംപിന്റെ പരാമർശം. ‘‘സൗദി അറേബ്യയെ യു.എസ്. സംരക്ഷിക്കുന്നു. അവർ സമ്പന്നരാണെന്ന് നിങ്ങൾ പറയുമോ? സൽമാൻ രാജാവിനെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, ഞങ്ങൾ നിങ്ങൾക്ക് സുരക്ഷ നൽകുകയാണ്. ഞങ്ങളെക്കൂടാതെ രണ്ടാഴ്ചപോലും നിങ്ങൾക്ക് നിലനിൽക്കാനാവില്ല. നിങ്ങൾക്ക് ലഭിക്കുന്ന സൈനികസുരക്ഷയ്ക്കായി നിങ്ങൾ പണം നൽകേണ്ടിവരും’’ -ട്രംപ് പറഞ്ഞു. സഖ്യ-സൗഹൃദ രാജ്യങ്ങൾക്ക് തങ്ങൾ നൽകുന്ന അതേസുരക്ഷ അവർ തിരിച്ചും നൽകേണ്ടതുണ്ട്. യു.എസ്. സമ്പദ്‍വ്യവസ്ഥയിൽനിന്നും കുറേ പണം ചോർന്നുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയിൽ സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദി എണ്ണവില വർധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് ട്രംപിന്റെ വിവാദപരാമർശം. ആഗോളവിപണിയിൽ എണ്ണവിലയുയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്‍ഘടനയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എണ്ണവില കുറയ്ക്കാൻ സൗദിയോടും ഒപെക് രാജ്യങ്ങളോടും ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു.