ജിദ്ദ: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് സൗദിയിലെവിടെയും സഞ്ചരിക്കാൻ അനുമതിയായി. കഴിഞ്ഞദിവസം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നേരത്തേ ഉംറ തീർഥാടനവിസയിൽ സൗദിയിലെത്തുന്നവർക്ക് മക്ക, മദീന പുണ്യനഗരിയിലും മക്ക പ്രവിശ്യയുടെ ഭാഗമായ വിമാനത്താവളസൗകര്യമുള്ള ജിദ്ദയിലും മാത്രമേ സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ.
ഇതോടെ ഉംറ തീർഥാടകർക്ക് സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലിയുടെ ഭാഗമായി കഴിയുന്ന തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാനാവും. അതോടൊപ്പം സൗദിയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലും മറ്റും പോവാനുള്ള അവസരവും ലഭിക്കും.
ഏകദേശം 36 കൊല്ലംമുമ്പ് ഹിജ്‌റ വർഷം 1404 മുഹറം ഒന്നിനാണ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങൾക്കും വിമാനത്താവളവും തുറമുഖവും ഉൾപ്പെടുന്ന സ്ഥലങ്ങൾക്കും പുറത്ത് വിലക്കേർപ്പെടുത്തിയത്. അക്കാലങ്ങളിൽ ഉംറ വിസയിലെത്തി ജോലിക്ക് ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചതിനാലാണ് വിലക്കുവന്നത്. സൗദിയുടെ എല്ലാ ഭാഗത്തേക്കും സഞ്ചരിക്കാൻ അനുവാദമായെങ്കിലും ഉംറ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവർ ശിക്ഷിക്കപ്പെടും.