മക്ക: കൊറോണ വൈറസ് ബാധ രൂക്ഷമായ സമയത്ത് നിര്‍ത്തിവെച്ച ഉംറ സേവനം ക്രമേണ പുനരാരംഭിച്ചതിനും മക്കയിലെ വിശുദ്ധ ഹറമില്‍ സന്ദര്‍ശനം ആരംഭിച്ചതിനും ശേഷം മക്കയിലെ വിശുദ്ധ പള്ളിയില്‍ ആറ് ദശലക്ഷത്തിലധികം ഉംറ തീര്‍ഥാടകരും ആരാധകരും ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ ഇതിനകം എത്തിയതായി വിശുദ്ദ ഹറം കാര്യാലയ വിഭാഗം അറിയിച്ചു.
2020 ഒക്ടോബര്‍ 4 മുതല്‍ 2021 ജനുവരി 9 വരെയുള്ള കാലയളവില്‍ മൊത്തം 16,54,000 തീര്‍ഥാടകര്‍ ഉംറയും 46,40,000 ആരാധകര്‍ പ്രാര്‍ത്ഥന നടത്തുവാനും എത്തിയതായി ഹറം കാര്യാലയ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ മിഡ് അക്കാദമിക് വര്‍ഷത്തെ ആദ്യ ആഴ്ചയിലെ അവധിക്കാലത്ത് 800,000 ത്തോളം തീര്‍ഥാടകരെയും ആരാധകരുമാണ് ഹറമിലെത്തിയത്. ഉംറ കര്‍മ്മത്തിനായി അനുമതി നല്‍കിയ ഒന്ന്, രണ്ട് ഘട്ടത്തില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്കുമാത്രമായിരുന്നു കര്‍മ്മങ്ങള്‍ നടത്തുവാന്‍ അനുമതി നല്‍കിയിരുന്നത്. 2020 നവംബര്‍ 1 ന് ആരംഭിച്ച മൂന്നാം ഘട്ടത്തിലാണ് വിദേശ തീര്‍ത്ഥാടകര്‍ക്കുകുടി ഉംറ നിര്‍വഹിക്കാനും ഇരു ഹറമികളും സന്ദര്‍ശിക്കാനും അനുമതിയുണ്ടായിരുന്നത്.