റിയാദ്: ക്വാറന്റീന്‍ പൂര്‍ത്തിയാക്കാതെ സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മലയാളികളടക്കമുള്ളവരെ സൗദി അതിര്‍ത്തിയില്‍ നിന്ന് മടക്കി അയച്ചു. അതിര്‍ത്തിയിലെ സുരക്ഷാ പരിശോധനയിലാണ് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം തങ്ങാതെയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. ഇത്സംബന്ധമായി അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. 

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശമില്ല. അതിനാല്‍ യു.എ.ഇ പോലെയുള്ള രാജ്യങ്ങളില്‍ പതിനാല് ദിവസം തങ്ങിയവര്‍ക്കാണ് സൗദിയിലേക്ക് പ്രവേശനം നല്‍കാറുള്ളത്. എന്നാല്‍ അത്തരം നിബന്ധനകള്‍ പാലിക്കാതെ ദുബായില്‍ നിന്നും കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവരെയാണ് അതിര്‍ത്തിയില്‍വെച്ച് സൗദി സുരക്ഷാവിഭാഗം തടയുകയും തിരിച്ചയക്കുകയും ചെയ്തിട്ടുള്ളത്.

സൗദിയിലേക്ക് കടക്കാനായി ബസുകളില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരൊയാണു മടക്കി അയച്ചത്. മടക്കി അയച്ചതിനെ തുടര്‍ന്ന് ഇവര്‍ ദുബൈയിലേക്ക് തന്നെ തിരികെ പോയി.

14 ദിവസം മറ്റു രാജ്യങ്ങളില്‍ കഴിയണമെന്ന മാനദണ്ഡം കൃത്യമായി പാലിക്കാത്ത 200-ല്‍ അധികംപേരെ തിരിച്ചയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പ്രവാസികള്‍ സൗദിയില്‍ പ്രവേശിക്കുന്നുവെന്ന് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ സെക്യൂരിറ്റി സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. നിയമപരമായല്ലാതെ സൗദിയില്‍ പ്രവാസികളെ എത്തിക്കുവാന്‍ മലയാളികളായ ചില ഏജന്റുമാര്‍ പ്രവൃത്തിക്കുന്നുണ്ടെന്നാണ് വിവരം. അധികൃതര്‍ക്ക് ഇത്തരം വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയിട്ടുമുണ്ട്. സൗദിയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനമുള്ളത്. മറ്റുള്ളവര്‍ പ്രവേശന വിലക്കില്ലാത്ത യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ ശേഷമാണ് നിയമ വിധേയമായി സഊദിയിലേക്ക് പ്രവേശിക്കേണ്ടത്.