റിയാദ്: ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി സൗദിയിലെത്തിയ ചരക്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 3,612 കുപ്പി വൈൻ കള്ളക്കടത്ത് സൗദി അറേബ്യൻ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) തടഞ്ഞു. ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്കും തുറമുഖത്തെ സുരക്ഷാ സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്കും വിധേയമാക്കിയപ്പോഴാണ് ഹൈടെക് രീതിയിൽ ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.

രാജ്യത്ത് ചരക്ക് കൈപ്പറ്റേണ്ടിയിരുന്ന രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും സൗദി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിന്റെ എല്ലാ രൂപത്തിലും തരത്തിലുമുള്ള കള്ളക്കടത്തിനെ ചെറുക്കാൻ പ്രവർത്തിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.

സംശയാസ്പദമായ ചരക്ക് നീക്കത്തെക്കുറിച്ച് അതോറിറ്റിയെ അറിയിച്ചുകൊണ്ട് എല്ലാ തരത്തിലുള്ള കള്ളക്കടത്തിനെയും ചെറുക്കുന്നതിനും സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിൽ പങ്കാളികളാകാൻ എല്ലാവരോടും സക്കാത്ത് അതോറിറ്റി ആഹ്വാനം ചെയതു. കള്ളക്കടത്ത്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അതോറിറ്റിയുടെ 1910 എന്ന നമ്പറിലൊ, ഇ-മെയിൽ വഴിയൊ അന്താരാഷ്ട്ര നമ്പറായ 00966 114208417 വഴിയൊ കൈമാറി സഹകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. കള്ളക്കടത്ത് കുറ്റകൃത്യങ്ങൾ, കസ്റ്റംസ് നിയമ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അതോറിറ്റി രഹസ്യമായി കൈകാര്യം ചെയ്യും. നൽകിയ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.