ജിദ്ദ: രേഖകളില്ലാതെ അനധികൃത താമസക്കാരായി സൗദിയില്‍ കഴിയുന്നവര്‍ക്കെതിരെയുള്ള തിരച്ചില്‍ തുടരുന്നു. സൗദിയില്‍ അനധികൃതരായി തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ വിവിധ ഘട്ടങ്ങളിലായി  ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് നല്‍കിയിരുന്നു. ഏറ്റവും അവസാനമായി നല്‍കിയ പൊതുമാപ്പ് അവസാനിച്ചത് 2017 നവംബര്‍ 14-നായിരുന്നു. തുടര്‍ന്ന് അതേമാസം 15ാം തീയ്യതി മുതല്‍ സൗദിയില്‍ അനധികൃത താമസക്കാര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. അന്നുമുതല്‍ ഈ മാസം ഏഴാം തീയ്യതിവരെ നടത്തിയ തെരച്ചിലിലാണ് 27 ലക്ഷത്തിലധികം വിദേശികളെ പിടികൂടിയത്. 

പിടിയിലായവരില്‍ ഏഴ് ലക്ഷത്തോളം പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തി. അവശേഷിക്കുന്നവര്‍ നിയമ നടപടികള്‍കാത്ത് കഴിയുകയാണ്.  ആഭൃന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. സൗദി സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിവിധ പ്രവിശ്യകളില്‍ തെരച്ചില്‍ നടത്തുന്നത്.

പിടിക്കപ്പെട്ടവരില്‍ ഇഖാമ നിയമലംഘകര്‍ 21.5 ലക്ഷത്തോളം വരും. ഇതില്‍ 1.75 ലക്ഷംപേര്‍ അതിര്‍ത്തിവഴി രാജ്യത്ത് നുഴഞ്ഞുകയറിയവരാണ്. അതേസമയം രാജൃത്തെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ പിടികൂടപ്പെട്ടവര്‍ നാലരലക്ഷത്തോളം വിദേശികളാണ്. രാജ്യത്തെ വിവിധ അതിര്‍ത്തികള്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇരുപത്തിഏഴായിരത്തോളം പേരെ അതിര്‍ത്തി സുരക്ഷാവിഭാഗം കൈയോടെ പിടികൂടിയിരുന്നു. ഇവരില്‍ യമനികളും എത്യോപൃക്കാരും ഉള്‍പ്പെടും. അതിര്‍ത്തിയിലൂടെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചവരേയും അതിര്‍ത്തി സുരക്ഷാസേന പിടികൂടിയിരുന്നു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരേയും വരെയും പിടികൂടി ശിക്ഷ നല്‍കുന്നുണ്ട്.