റിയാദ്: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും വിദ്യാഭ്യാസ ജോലികള്‍ ആദ്യഘട്ട സ്വദേശിവത്കരണത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിഹ് ഉത്തരവിട്ടു.

വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകര്‍ക്കടക്കം 28,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു നിശ്ചിത ശതമാനം ജോലികള്‍ സൗദിവത്കരിക്കുവാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം, കമ്പ്യൂട്ടര്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സ്വകാര്യ സ്‌കൂളുകളില്‍ സൗദിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് തീരുമാനം. അന്താരാഷ്ട്ര സ്‌കൂളുകളിലെ സൗദിവത്കരണം ആദ്യ ഘട്ടത്തില്‍ അറബി ഭാഷ, ദേശീയ ഐഡന്റിറ്റി, ഇസ്ലാമിക്ക് പഠനങ്ങള്‍, സാമൂഹ്യശാസ്ത്രം, കലാ വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം എന്നിവയിലായിരിക്കും.

തൊഴില്‍ വിപണിയില്‍ സൗദികള്‍ക്ക് പങ്കെടുക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) സംഭാവന ചെയ്യുന്നതിനും സ്വദേശിവത്കരണം സഹായകമാകുമെന്ന് മന്ത്രാലയം കരുതുന്നു.

Content Highlight: Saudization in private, international schools