റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. തക്കാളി പേസ്റ്റ് ജാറുകളിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. 2.1 മില്യണ്‍ മയക്കുമരുന്ന് ഗുളികകസാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി 4.5 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ ഓറഞ്ച് ശേഖരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ 2.1 ദശലക്ഷം ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് ഗുളികകള്‍ സൗദിയിലേക്ക് കടത്താനുള്ള ശ്രമമാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജസിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യ ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ ഹദിത തുറമുഖത്ത് വെച്ച് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ആവശ്യമായ നിയമ നടപടികള്‍ക്ക് വിധേയമാക്കും.

മയക്കുമരുന്ന് കടത്ത് പരാജയപ്പെടുത്താന്‍ അടുത്ത കാലത്തായി അധികൃതര്‍ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ ലഭ്യമാകുന്നവര്‍ 1910 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.