ബൈറൂത്ത്: രാഷ്ടീയ പ്രതിസന്ധി നിലനില്‍ക്കുന്ന ലെബനനില്‍ നിന്ന് പൗരന്‍മാരോട് അടിയന്തരമായി തിരച്ചെത്താന്‍ സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ നിര്‍ദേശം. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സൗദിയുടെ നിര്‍ദേശം.

സ്ഥിതിഗതികള്‍ മോശമായതിനാല്‍ പൗരന്മാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവില്‍ അവിടെ താമസിക്കുന്നവര്‍ ഉടന്‍ രാജ്യം വിടാന്‍ സന്നദ്ധരാവണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

ഇത് മേഖലയില്‍ പ്രതിസന്ധിയും യുദ്ധസാഹചര്യവും ഒരുക്കി. സൗദിയുടെ തീരുമാനത്തിന് പിന്നാലെ യുഎഇ, കുവൈത്ത്‌, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും സമാന നിര്‍ദേശം തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കി. തീവ്രവാദ ബന്ധമുള്ള സംഘടനയായ ഹിസ്ബുള്ളക്ക് സ്വാധീനമുള്ള രാജ്യമാണ് ലബനാന്‍.

ഹരീരിയുടെ രാജിക്കുശേഷം ലെബനനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ശേഷമാണ് ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. ഇറാന്‍ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള തന്റെ ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണിയാണ് രാജിക്കാരണമായി ഹരീരി പറഞ്ഞത്.

തങ്ങള്‍ക്ക് നേരെ നടക്കുന്ന ഭീകരവാദി നീക്കങ്ങള്‍ക്ക് ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ളക്ക് പങ്കുണ്ടെന്ന് സൗദി അറേബ്യ ആരോപിച്ചിട്ടുണ്ട്.