റിയാദ്: കോവിഡ് -19 കേസുകളും പുതിയ വകഭേദങ്ങളും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം സൗദി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയ ദൗദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

അധികാരികള്‍ നല്‍കിയ ഔദ്യോഗിക നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്രചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. അത്തരം രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാല്‍ കനത്ത പിഴയും മറ്റ് നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവര്‍ക്ക് 3 വര്‍ഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പകര്‍ച്ചവ്യാധി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് പ്രസ്ഥാവയിലൂടെ മുന്നറിയിപ്പ് നല്‍കി.

ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.