റിയാദ്: സൗദിയില്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാമെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പ്രാര്‍ത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്ന് ഫെഡറേഷന്‍ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഷോപ്പര്‍മാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായുള്ള ഈ തീരുമാമെന്ന് ഫെഡറേഷന്‍ വിശദീകരിച്ചു. പ്രാര്‍ത്ഥന സമയങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിരിക്കുമ്പോള്‍ കടകള്‍ക്കടുത്തുള്ള തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാര്‍ത്ഥന സമയങ്ങളില്‍ കടകള്‍ തുറന്നിരിക്കാമെന്നത് ടപ്പാക്കുന്നത്.

ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഷോപ്പുടമകളുടേയും ഉപഭോക്താക്കളുടേയും സേവന നിലവാരം ഉയര്‍ത്തുന്നതിനും ഇത് ലക്ഷ്യമിടുന്നതായി ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഏകോപനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ഫെഡറേഷന്‍ അറിയിച്ചു.

'ഷോപ്പുകളെയും ഉപഭോക്താക്കളെയും സ്വീകരിച്ച് ജോലി സമയങ്ങളില്‍ ഉടനീളം നിങ്ങള്‍ കടകള്‍ തുറന്ന് വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', ഫെഡറേഷന്‍ ഷോപ്പുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞു. പ്രാര്‍ത്ഥന നടത്തുന്നതിന് തൊഴിലാളികള്‍ക്കും ഷോപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമാകാത്ത വിധത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും ഉചിതമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Saudi shops can stay open during prayer times -business group circular