റിയാദ്: യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് മരിച്ചത്. മുന്‍ കിരീടവകാശി മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീല് അല്‍ സഊദിന്റെ മകനാണ്. ഹൂതി വിമതരുമായി സംഘർഷം നിലനില്‍ക്കുന്ന സൗദി-യെമന്‍ ദക്ഷിണ അതിര്‍ത്തിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായത്.  ഉദ്യോഗസ്ഥര്‍ക്കൊപ്പം സംഘര്‍ഷ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.

സൗദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതി വിമതരുമായുള്ള സംഘര്‍ഷം പ്രദേശത്ത് രൂക്ഷമായി നിലനില്‍ക്കുകയാണ്. 

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയുള്ള ഹൂതി മിസൈലാക്രമണം കഴിഞ്ഞ ദിവസം സൗദി സേന തടഞ്ഞിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം രണ്ടു വര്‍ഷത്തിലധികമായി ഹൂതി വിമതരുമായി യെമനില്‍ യുദ്ധത്തില്‍ ഏര്‍പെട്ടുവരികയാണ്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ 11 രാജാകുമാരന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടെ (സുപ്രീംകമ്മിറ്റി) ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്.