റിയാദ്:  താമസ കുടിയേറ്റ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് സുരക്ഷാ അധികാരികള്‍ക്ക് വിവരം നല്‍കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രവാസികളോടു ആവശ്യപ്പെട്ടു.

മക്ക, റിയാദ് പ്രവിശ്യയിലുള്ളവര്‍ 911 എന്ന ഫോണ്‍ നമ്പറിലൂടെയും രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലൂടെയുമാണ് നിയമവിരുദ്ധ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളുമായി ബന്ധപ്പെടേണ്ടതെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാല്‍ പിഴയും ഉള്‍കൊള്ളുന്ന കര്‍ശന ശിക്ഷാനടപടികളാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളതെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ പ്രവേശിപ്പിക്കുന്നതിനോ രാജ്യത്തിനുള്ളില്‍ അനധികൃത താമസക്കാര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുകയൊ ചെയ്യുന്ന ആരായാലും തടവുശിക്ഷയും പിഴയും ഏല്‍കേണ്ടിവരും.

തടവും പിഴയും കൂടാതെ, നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കുന്ന വാഹനവും അഭയം നല്‍കുന്ന താമസകേന്ദ്രവും കണ്ടുകെട്ടും.  കുറ്റകൃത്യം സംബന്ധമായി കുറ്റവാളികളുടെ ചെലവില്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. രാജ്യത്തോടുള്ള ബഹുമാനവും സുരക്ഷയും ലംഘിക്കുന്ന പ്രധാന കുറ്റകൃത്യങ്ങളിലൊന്നായാണ് ഇത്തരം കുറ്റകൃത്യങ്ങളെ കണക്കാക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.

താമസ കുടിയേറ്റ നിയമങ്ങളും, തൊഴില്‍ നിയമങ്ങളും, അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിക്കുകയും ചെയ്ത 5.6 ദശലക്ഷത്തിലധികം പേരെ 2017 നവംബര്‍ മുതല്‍ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ശനിയാഴ്ച മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇവരില്‍ 15,53,667 പേരെ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.