ജിദ്ദ: താമസ കുടിയേറ്റ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ സംവിധാനം എന്നിവ ലംഘിച്ച 56 ലക്ഷം പേരെ 2017 നവംബര്‍ മുതല്‍ ഇതുവരെ സൗദിയില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ 1,553,667 പേരെ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

രാജ്യത്തൊട്ടാകെയുള്ള അനധികൃത വിദേശികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി), പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജാവസത്ത്) തുടങ്ങി 19 ഓളം മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കാമ്പയിനില്‍ ഭാഗവാക്കായി.

കാമ്പയിനെതുടര്‍ന്ന് രാജ്യത്ത് 5,615,884 നിയമലംഘകരെ പിടികൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ 43,04,206 പ്രവാസികള്‍ താമസ കുടിയേറ്റ നിയമലംഘകരാണ്. 80,2125 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. അതിര്‍ത്തി സുരക്ഷാ സംവിധാന ലംഘകര്‍ 5,09,553 പേരും വരും.

തെക്കന്‍ അതിര്‍ത്തികളിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,16,908 പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 54 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യമനികളും മറ്റ് രാജ്യക്കാര്‍ മൂന്ന് ശതമാനംപേരുമാണ്.

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 9,508 പേരെ പിടികൂടി.അനധികൃത പ്രവാസികള്‍ക്ക് താമസവും ഗതാഗത സൗകര്യവും ഒരുക്കിയ 2,766 സൗദികള്‍ ഉള്‍പ്പെടെ 8,222 പേരെയും പിടികൂടുകയുണ്ടായി. ഇതില്‍ 2,761 സൗദികളെ അന്വേഷണവിധേയമായി ശിക്ഷിക്കുകയും വിട്ടയക്കുകയും ചെയ്തു. 5 പേര്‍ ഇപ്പോഴും അധികൃതരുടെ കസ്റ്റഡിയിലാണുള്ളത്.

49,954 പുരുഷന്മാരും 3,962 സ്ത്രീകളും അടങ്ങുന്ന 53,916 പ്രവാസികള്‍ ഇപ്പോള്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ ആണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 714,208 നിയമലംഘകര്‍ക്ക് പിഴ ചുമത്തി.

901,700 നിയമലംഘകരെ അവരുടെ ബന്ധപ്പെട്ട എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും യാത്രാ രേഖകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച. 1,047,340പേരെ നാടുകളിലേക്ക് കയറ്റി അയക്കുവാന്‍ ബുക്കിംഗ് പൂര്‍ത്തിയാക്കി. അതേസമയം, 1,553,667 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.