റിയാദ്: സൗദിയിലെ വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലുമുള്ള മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ഇന്‍കം ടാക്സ് സംഘം ഈ ആഴ്ച 5,524 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി. പരിശോധനക്കിടെ നികുതിയുമായി ബന്ധപ്പെട്ട 879 ലംഘനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തി.

നിരവധി വാണിജ്യ മേഖലകളില്‍ പരിശോധന നടത്തി. പ്രത്യേകിച്ച് റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം സേവനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്‍വോയ്സിലെ ക്രമക്കേടുകള്‍, നികുതി നമ്പറിന്റെ അഭാവം, അടിസ്ഥാന ശതമാനത്തേക്കാള്‍ കുറഞ്ഞ നികുതി പിരിവ്, പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി സ്റ്റാമ്പുകളുടെ അഭാവം എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുണ്ടായി. 288 പരാതികള്‍ പരിശോധനാ വകുപ്പിന് ഉപഭോക്താക്കളില്‍ നിന്ന് നേരിട്ടു ലഭിച്ചതായിരുന്നു. നേരിട്ട് പരാതി നല്‍കിയ ഉപഭോക്താക്കളെ സകാത്ത് ആന്റ് ഇന്‍കം അതോറിറ്റി നന്ദി അറിയിച്ചു.
15% മൂല്യവര്‍ധിത നികുതിയുടെ നടപടികള്‍ പാലിക്കണമെന്ന വാണിജ്യ സ്ഥാപന ഉടമകളോട് ജനറല്‍ അതോറിറ്റി ഓര്‍മ്മപ്പെടുത്തി. നികുതിധായകര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മാര്‍ക്കറ്റുകളിലേക്കും ഷോപ്പുകളിലേക്കും നടത്തിയ പരിശോധന സഹായകരമായിട്ടുണ്ട്.
15% മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് അതോറിറ്റിയുമായി ബന്ധപ്പെട്ട്പരാതിപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.