റിയാദ്: യെമന്‍ അതിര്‍ത്തിയില്‍നിന്നും ഹൂത്തി മലീഷ്യകള്‍ തൊടുത്ത മിസൈലിന്റെ ഭാഗം സൗദി അതിര്‍ത്തി പ്രദേശത്തെ ജിസാന്‍ ആശുപത്രിക്ക് സമീപം പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആളപായമൊ മറ്റ് നാഷനഷ്ടങ്ങളൊ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദി മേഖലയില്‍ ജസാനിലെ തെക്ക്-പടിഞ്ഞാറന്‍ പൊതു ആശുപത്രിയോടനുബന്ധിച്ച പൂന്തോട്ടത്തിലായിരുന്നു മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി കൂട്ടിച്ചേര്‍ത്തു. യമനിലെ ഹൂത്തി വിമതര്‍ നിരന്തരമായി സൗദിക്കുനേരെ മിസൈല്‍ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നതെന്നാണ് സൗദി അറേബ്യ പറയുന്നത്.